'തലാഖ് ഭരണഘടനാ വിരുദ്ധം, വിവാഹമോചനത്തിന് ഏകീകൃത നിയമം വേണം'; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീംകോടതിയിൽ

'തലാഖ് ഭരണഘടനാ വിരുദ്ധം, വിവാഹമോചനത്തിന് ഏകീകൃത നിയമം വേണം'; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീംകോടതിയിൽ

മുസ്ലിം വ്യക്തി നിയമത്തിനു കീഴിലുള്ള നിര്‍ദ്ദയവും കര്‍ക്കശവുമായ നിയമങ്ങളുടെ ഇരയാണ് താനെന്നും ഹസിന്‍ ജഹാൻ ഹര്‍ജിയില്‍ പറയുന്നു. ഹർജിയിൽ സുപ്രീം കോടതി ബന്ധപ്പെട്ടവർക്ക് നോട്ടീസ് പുറപ്പെടുവിച്ചു

തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും വിവാഹമോചനക്കേസുകളില്‍ ഏകീകൃത നിയമവും നടപടിക്രമങ്ങളും കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.

സമാന ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ക്കൊപ്പം ഹസിന്റെ ഹര്‍ജിയും പരിഗണിക്കാന്‍ ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. അതേസമയം, കേസില്‍ ഷമിയെ കക്ഷിചേര്‍ക്കണമെന്ന ഹസിന്റെ ആവശ്യം ബെഞ്ച് നിരാകരിച്ചു. അഡ്വക്കേറ്റ് ഓണ്‍ റെക്കോഡ് ദീപക് പ്രകാശ് മുഖേനയാണ് ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മുസ്ലിം വ്യക്തി നിയമത്തിനു കീഴിലുള്ള നിര്‍ദ്ദയവും കര്‍ക്കശവുമായ നിയമങ്ങളുടെ ഇരയാണ് താനെന്ന് ഹസിന്‍ ഹര്‍ജിയില്‍ പറയുന്നു. ശരീയത്ത് നിയമപ്രകാരം നിലവിലുള്ള മൂന്നു തലാഖ് രീതികളും മുസ്ലീം സ്ത്രീകളെ വിചിത്രവും നിര്‍ദ്ദയമായതുമായ രീതിയില്‍ ഉപേക്ഷിക്കാന്‍ പുരുഷന്മാര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്നതാണെന്നും ഇത് ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യം ലഭിക്കുന്നതില്‍നിന്ന് മുസ്ലീം സ്ത്രീകളെ തടയുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

'തലാഖ് ഇ ഹസന്‍' എന്ന തലാഖ് രീതി ഇത്തരത്തില്‍ വ്യാപകമായി മുസ്ലിം പുരുഷന്മാര്‍ ദുരുപയോഗം ചെയ്യുകപ്പെടുകയാണെന്നും തുടര്‍ച്ചയായ മൂന്നുമാസത്തിനുള്ളില്‍ മൂന്നു തവണ തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്ന ഈ രീതി സ്ത്രീകളുടെ ഭാഗം കേള്‍ക്കുകപോലും ചെയ്യാതെയാണ് നടപ്പാക്കുന്നതെന്നും ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

വിവാഹമോചന കേസുകളില്‍ ജാതി-മത-ലിംഗ ഭേദമന്യേ ഏകീകൃത നിയമവും നടപടിക്രമങ്ങളും കൊണ്ടുവരാന്‍ സുപ്രീംകോടതി നടപടി സ്വീകരിക്കണമെന്നും അതുവഴി മാത്രമേ മുസ്ലീം വ്യക്തിനിയമങ്ങളുടെ പേരില്‍ ജീവിതം നഷ്ടമായ സ്ത്രീകള്‍ക്കു നീതി ലഭിക്കൂയെന്നും ഹസിന്‍ ഹര്‍ജിയില്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in