മുഹമ്മദ് സുബൈര്‍
മുഹമ്മദ് സുബൈര്‍

മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസ് മിതമായി ഉപയോഗിക്കണമെന്ന് സുപ്രീംകോടതി

സുബൈറിനെ കസ്റ്റഡിയില്‍ വയ്ക്കുന്നതിന് നീതീകരണമില്ലെന്ന് കോടതി
Updated on
1 min read

ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം. യുപി പോലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലുമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ആറു കേസുകളും ഡല്‍ഹി പോലീസിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. കേസുകള്‍ റദ്ദാക്കണമെന്ന സുബൈറിന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ, സുബൈറിന് ഇന്നുതന്നെ പുറത്തിറങ്ങാം.

യുപി പോലീസിന്റെ വാദങ്ങള്‍ തള്ളിയാണ് സുബൈറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസ് മിതമായി ഉപയോഗിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. സുബൈറിനെ കസ്റ്റഡിയില്‍ വയ്ക്കുന്നതിന് നീതീകരണമില്ലെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. സുബൈറിനെതിരായ ആരോപണങ്ങളില്‍ ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കേസില്‍ ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. സുബൈറിനെതിരായ കേസുകള്‍ അന്വേഷിക്കാന്‍ യുപി പൊലീസ് രൂപീകരിച്ച പ്രത്യേക സംഘത്തെ പിരിച്ചുവിടണം. ആറു കേസുകളും ഡല്‍ഹി പോലീസ് അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്, 2018ലെ ട്വീറ്റിന്റെ പേരിലാണ് കഴിഞ്ഞമാസം 27ന് ഡല്‍ഹി പോലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. കേസില്‍, ഡല്‍ഹി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ യുപി പോലീസെടുത്ത രണ്ട് കേസുകളില്‍ റിമാന്‍ഡില്‍ ആയതിനാല്‍ സുബൈറിന് പുറത്തിറങ്ങാനായില്ല. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുബൈര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in