Supreme Court
Supreme Court

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം: നിയമഭേദഗതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

നിയമഭേദഗതിക്ക് എതിരെ മധ്യപ്രദേശ് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ താക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന നിയമഭേദഗതിക്ക് ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീകോടതി. മധ്യപ്രദേശ് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ താക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചിരുന്നു. പുതിയ നിയമം ഭരണഘടയുടെ അടിസ്ഥാന ഘടനയായ അധികാര വികേന്ദ്രീകരണത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ജിയുടെ പകര്‍പ്പ്‌ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും അയക്കണമെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പകര്‍പ്പ്‌ അയക്കുന്ന വ്യവസ്ഥ സുപ്രീംകോടതിക്ക് ഇല്ലെന്നും ഹൈക്കോടതിക്ക് മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട്, ''എന്നിരുന്നാലും അയക്കൂ'' എന്ന് ജസ്റ്റിസ് ഖന്ന ആവശ്യപ്പെട്ടു.

ഭയരഹിതവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14, 21, 50, 534 അനുച്ഛേദങ്ങളുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Supreme Court
'സോണിയയോ ഖാര്‍ഗെയോ വന്നുചോദിച്ചാല്‍ ഒരു സീറ്റ് കൂടി തരാം'; പകവീട്ടുകയാണോ ദീദി?, 'ഇന്ത്യ'ക്ക് 'ബംഗാള്‍ ക്ഷാമം'

ചീഫ് ജസ്റ്റിസിനെ സമിതിയില്‍നിന്ന് ഒഴിവാക്കിയാല്‍, എല്ലാ നിയമനങ്ങളും ഭരണകക്ഷിയാകും നടത്തുകയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊരു സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്തുന്നതിനെ സഹായിക്കുമെന്ന് കരുതാനാകില്ല. ജനാധിപത്യം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ്. നിയമവാഴ്ചയുള്ളതും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അടിസ്ഥാന സവിശേഷതയാണ്.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അന്വേഷണ ഏജന്‍സിളെ ദുരുപയോഗം ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയെ നശിപ്പിക്കുകയാണ്. ഏജന്‍സികളിലേക്കുള്ള നിയമനങ്ങള്‍ നീതിപൂര്‍വവും സുതാര്യവുമായ രീതിയില്‍ നടത്തണമെന്ന് സുപ്രീംകോടതി നിരവധി കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. ഇത്തരം നിയമനങ്ങള്‍ പക്ഷാപാതപരമായി നടന്നാല്‍ അവ ഉപകരണങ്ങളായി മാറുമെന്നും ഹര്‍ജിയില്‍ പറയുന്നു.

സര്‍ക്കാര്‍ പാസാക്കിയ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും (നിയമനം, സേവന വ്യവസ്ഥകള്‍, നിയമന കാലാവധി) ബില്‍ - 2023 പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേയും മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേയും നിയമനത്തില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഒരു കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സമിതിക്കാണ് അധികാരം. ഈ പാനലില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കാന്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കേണ്ടതെന്ന് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടക്കാനാണ് പുതിയ ബില്‍ കൊണ്ടുവന്നത്.

logo
The Fourth
www.thefourthnews.in