ഹിമാചലിലെ വിമത എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

ഹിമാചലിലെ വിമത എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

അയോഗ്യത സ്റ്റേ ചെയ്യില്ലെന്ന് അറിയിച്ച കോടതി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നും അറിയിച്ചു.

അയോഗ്യത സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹിമാചൽ പ്രദേശിലെ ആറ് വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യില്ലെന്ന് അറിയിച്ച കോടതി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നും അറിയിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ക്രോസ് വോട്ട് ചെയ്തതിന്റെ പേരിലാണ് ആറ് എംഎൽഎമാരെ അയോഗ്യരാക്കാൻ തീരുമാനിച്ചത്. എംഎൽഎമാർ സുഖ്‌വിന്ദർ സിംഗ് സുഖു നേതൃത്വം നൽകുന്ന തങ്ങളുടെ തന്നെ സർക്കാരിനെ അട്ടിമറിക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്നതാണ് അയോഗ്യരാക്കാനുള്ള കാരണം. ഹർഷൻ മഹാജൻ എന്ന ബിജെപി സ്ഥാനാർത്ഥിയെ പിൻതുണച്ചതിന്റെ പേരിൽ ഹിമാചലിൽ കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന ഏക രാജ്യസഭാ സീറ്റാണ് നഷ്ടപ്പെട്ടത്. അഡ്വ അഭിഷേഖ് മനു സിങ്‌വിയാണ് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി.

ഹിമാചലിലെ വിമത എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി
കടുത്ത നടപടിയുമായി കോണ്‍ഗ്രസ്; ഹിമാചലില്‍ കൂറുമാറിയ ആറ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ജസ്റ്റിസുമാരായ സഞ്ജീവ്‌ ഖന്നയും ദിപാങ്കർ ദത്തയുമാണ് അനുച്ഛേദം 32ന്റെ അടിസ്ഥാനത്തിൽ നൽകിയ റിട്ട് ഹർജി പരിഗണിച്ചത്. അയോഗ്യരാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് എംഎൽഎമാർ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ല എന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ഖന്ന ചോദിച്ചു.

ഫെബ്രുവരി 15ന് കോൺഗ്രസ് പാർട്ടി നൽകിയെന്ന് പറയപ്പെടുന്ന വിപ്പ് തന്റെ കക്ഷികൾക്ക് ലഭിച്ചിരുന്നില്ല എന്നും എംഎൽഎമാർക്കുവേണ്ടി ഹാജരായ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. "ഫെബ്രുവരി 27ന് എംഎൽഎമാർക്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. അയോഗ്യതയുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്ഷം പറയാൻ ഒരു കമ്മറ്റിക്ക് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. പരാതിയുടെ പകര്‍പ്പ്‌ തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് കാണിച്ച് എംഎൽഎമാർ മറുപടി നൽകിയിരുന്നെങ്കിലും അവരെ അയോഗ്യരാക്കുകയായിരുന്നു." ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു.

സംഭവത്തിൽ സുപ്രീംകോടതി നോട്ടീസ് അയക്കാമെന്നും എന്നാൽ നടപടി സ്റ്റേ ചെയ്യാൻ സാധിക്കില്ല എന്നും അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം ജൂൺ 1ന് ഹിമാചലിൽ ഒഴിവുവന്ന ആറ് സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.

ഹിമാചലിലെ വിമത എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി
ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നോട്ടീസ്; ബജറ്റ് പാസായി, വിക്രമാദിത്യയുടെ രാജി സ്വീകരിക്കില്ലെന്ന് സുഖു

ഈ ആറ് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോടതിയുടെ വിധി വരുന്നതിനു മുമ്പ് തന്നെ ചിലപ്പോൾ തീരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചപ്പോൾ, ഉപതിരഞ്ഞെടുപ്പ് മരവിപ്പിക്കുന്ന കാര്യം കോടതി പരിഗണിക്കാമെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഭരണഘടനാ അനുച്ഛേദം 329 നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പ് മരവിപ്പിക്കാൻ സാധിക്കില്ല എന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേഖ് മനു സിങ്‌വി കോടതിയോട് പറഞ്ഞു. ഈ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതാണെന്നും കോടതി സമയമെടുത്ത് തീരുമാനിക്കുമെന്നും അറിയിച്ചു. റിട്ട് ഹർജിയിലും സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലും പ്രത്യേകമായി നോട്ടീസ് പുറപ്പെടുവിക്കുമെന്നും മെയ് 6ന് തുടങ്ങുന്ന ആഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്നും കൊടത്തി അറിയിച്ചു.

രജീന്ദര്‍ റാണ, സുധിര്‍ ശര്‍മ, ഇന്ദര്‍ദത്ത് ലഖാന്‍പാല്‍, ദേവീന്ദര്‍കുമാര്‍ ഭൂട്ടോ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നീ എംഎല്‍എമാരെയാണ് ഹിമാചൽ നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ ഫെബ്രുവരി 29ന് അയോഗ്യരാക്കിയത്.

logo
The Fourth
www.thefourthnews.in