സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം അവിവാഹിതരായ സ്ത്രീകളുടെയും അവകാശമെന്ന്
സുപ്രീംകോടതി

സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം അവിവാഹിതരായ സ്ത്രീകളുടെയും അവകാശമെന്ന് സുപ്രീംകോടതി

ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക വേഴ്ച ബലാത്സംഗമായി കണക്കാക്കാമെന്ന് സുപ്രീംകോടതി

അവിവാഹിതരുള്‍പ്പെടെ എല്ലാ സ്ത്രീകളുടെയും അവകാശമാണ് സുരക്ഷിതമായ ഗര്‍ഭച്ഛിദ്രമെന്ന് സുപ്രീംകോടതി. ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിച്ച് 20-24 ആഴ്ചകള്‍ക്കുള്ളില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹിതരാകാതെ ലിവ്-ഇന്‍ റിലേഷനുകളിലൂടെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 2021-ലെ ഗര്‍ഭച്ഛിദ്ര നിയമത്തിലെ ഭേദഗതി വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളെ വേര്‍തിരിച്ച് കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക വേഴ്ച ബലാത്സംഗമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

25കാരിയും അവിവാഹിതയുമായ യുവതി 23 ആഴ്ചയായ ഗര്‍ഭം ഒഴിവാക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ പങ്കാളി വിവാഹം ചെയ്യാന്‍ തയ്യാറല്ലെന്നും അതിനാല്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കില്ലെന്നുമായിരുന്നു യുവതി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചു. 2003ലെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി . ഇതോടെയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്.

2021-ലെ ഗര്‍ഭച്ഛിദ്ര നിരോധന നിയമത്തിന്റെ മൂന്നാംവകുപ്പിലെ സെക്ഷന്‍ ബിയില്‍ വരുത്തിയ ഭേദഗതി പ്രകാരം ഭര്‍ത്താവിന് പകരം പങ്കാളി എന്ന വാക്ക് ചേര്‍ത്തിരുന്നു. ഇതിന്റെ അര്‍ഥം അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് തുല്യ അവകാശമുണ്ടെന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുമതി തേടിയ യുവതിക്ക് ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം അവിവാഹിതരായ സ്ത്രീകളുടെയും അവകാശമെന്ന്
സുപ്രീംകോടതി
ഗർഭച്ഛിദ്രത്തിന് ഭർത്താവിന്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

വിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടുന്ന 21 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ടാണ് കേരള ഹൈക്കോടതി ജസ്റ്റിസ് വി. ജി അരുണ്‍ കഴിഞ്ഞദിവസം വിധി പുറപ്പെടുവിച്ചത്. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് അവരുടെ മാനസികാവസ്ഥ മോശമാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരുന്നു ഉത്തരവ്.

logo
The Fourth
www.thefourthnews.in