'ജാമ്യത്തിലുള്ള പ്രതിയുടെ ലൊക്കേഷന്‍ പോലീസ് നിരീക്ഷിക്കരുത്;' അത്തരം വ്യവസ്ഥകൾ സ്വകാര്യതാ ലംഘനമെന്ന് സുപ്രീംകോടതി

'ജാമ്യത്തിലുള്ള പ്രതിയുടെ ലൊക്കേഷന്‍ പോലീസ് നിരീക്ഷിക്കരുത്;' അത്തരം വ്യവസ്ഥകൾ സ്വകാര്യതാ ലംഘനമെന്ന് സുപ്രീംകോടതി

ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന ഭരണഘടനാ അനുച്ഛേദം 21ന്റെ ലംഘനമാണ് അത്തരം ജാമ്യവ്യവസ്ഥകള്‍ എന്ന് കോടതി
Updated on
1 min read

ജാമ്യം ലഭിക്കുന്ന പ്രതികളുടെ നീക്കങ്ങളും അവരുടെ യാത്രകളും നിരീക്ഷിക്കുന്ന തരത്തിൽ ജാമ്യവ്യവസ്ഥ പാടില്ലെന്ന് സുപ്രീംകോടതി. പ്രതി പോകുന്ന സ്ഥലങ്ങളൊക്കെ ഗൂഗിൾ മാപ്പിലൂടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യവസ്ഥകൾ അവസാനിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇത് പ്രതിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ ഓക്ക, ഉജ്വല ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

"ജാമ്യത്തിൻ്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന ഒരു വ്യവസ്ഥയും ഉണ്ടാകാൻ പാടില്ല. പ്രതിയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കാനും പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാനും പോലീസിനെ പ്രാപ്തരാക്കുന്ന വ്യവസ്ഥകളും ഉണ്ടാകരുത്" ജസ്റ്റിസ് ഓക്ക വാക്കാൽ പറഞ്ഞു. വിദേശികൾ പ്രതികളാകുന്ന കേസിൽ ജാമ്യം നൽകുമ്പോൾ, അവർ ഇന്ത്യ വിടില്ലെന്ന് എംബസിയിൽനിന്ന് ഉറപ്പ് വാങ്ങണമെന്ന ജാമ്യ വ്യവസ്ഥയിലും കോടതി ഇളവ് നൽകിയിട്ടുണ്ട്. ജാമ്യം അനുവദിക്കുന്നതിൻ്റെ ഉദ്ദേശ്യം തകർക്കുന്ന ജാമ്യ വ്യവസ്ഥകൾ പാടില്ലെന്നായിരുന്നു ഇതിനെ സാധൂകരിച്ചുകൊണ്ട് കോടതി പറഞ്ഞത്. മയക്കുമരുന്ന് കേസിൽ പ്രതിയായ നൈജീരിയൻ സ്വദേശി ഫ്രാങ്ക് വിറ്റസിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള ഡൽഹി ഹൈക്കോടതിയുടെ വ്യവസ്ഥകൾക്കെതിരെ അപ്പീൽ നൽകാനുള്ള പ്രത്യേക അനുമതിക്കായുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

2022-ൽ, പ്രതികളോടും കൂട്ടുപ്രതികളോടും ഗൂഗിൾ മാപ്പിൽ ഒരു പിൻ ഉണ്ടാക്കണമെന്നും അങ്ങനെ അവർ എവിടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കാണാനാകുന്ന സംവിധാനം വേണമെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, പ്രതികൾ ഇന്ത്യ വിടില്ലെന്നും വിചാരണക്കോടതിയിൽ ഹാജരാകുമെന്നും നൈജീരിയൻ ഹൈക്കമ്മീഷനിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വിഷയം കേൾക്കുന്നതിനിടെ, പ്രതികൾ തത്സമയ മൊബൈൽ ലൊക്കേഷൻ പങ്കിടണമെന്ന ജാമ്യ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ പിന്നിൻ്റെ പ്രവർത്തനം വിശദീകരിക്കാൻ സുപ്രീംകോടതി ഗൂഗിൾ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

'ജാമ്യത്തിലുള്ള പ്രതിയുടെ ലൊക്കേഷന്‍ പോലീസ് നിരീക്ഷിക്കരുത്;' അത്തരം വ്യവസ്ഥകൾ സ്വകാര്യതാ ലംഘനമെന്ന് സുപ്രീംകോടതി
പേപ്പർ ചോർച്ച: നീറ്റ് യുജി 2024 കൗൺസലിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടി

പിന്നീട് ഗൂഗിൾ പിന്നിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കാൻ ഗൂഗിൾ എൽഎൽസിയോടും കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 29 ന്, ഗൂഗിൾ എൽഎൽസിയിൽ നിന്നുള്ള സത്യവാങ്മൂലം അവലോകനം ചെയ്ത ശേഷമാണ്, ജസ്റ്റിസ് ഓക്ക പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന ഭരണഘടനാ അനുച്ഛേദം 21ന്റെ ലംഘനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു വ്യവസ്ഥ പ്രതിയുടെ തത്സമയ ലൊക്കേഷൻ അറിയാൻ സഹായിക്കുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജീത് ബാനർജി വാദിച്ചു. എന്നാൽ ജാമ്യവ്യവസ്ഥ ആക്കാൻ സാധിക്കില്ല എന്ന നിലപാടിലായിരുന്നു കോടതി.

logo
The Fourth
www.thefourthnews.in