Supreme Court
Supreme Court

ശിവസേന പിളർപ്പ്: 'നബാം റെബിയ' വിധി പുനഃപരിശോധനയില്‍ തീരുമാനം ഇന്ന്, പേരും ചിഹ്നവും സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയില്‍

ഏക്നാഥ് ഷിൻഡെ വിഭാഗത്തെ ഔദ്യോഗിക പക്ഷമായി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ഉദ്ധവ് പക്ഷം സമര്‍പ്പിച്ച ഹർജിയും ഇന്ന് പരിഗണിക്കും

എംഎൽഎമാർക്ക് അയോഗ്യത കല്പിക്കുന്നതിൽ സ്പീക്കർമാരുടെ അധികാരം സംബന്ധിച്ച 2016 ലെ നബാം റെബിയ വിധി പുനഃപരിശോധിക്കണമോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച ശിവസേനയിലെ ഭിന്നതയുമായി ബന്ധപ്പെട്ട കേസാണ് നബാം റെബിയ കേസിലെ വിധി വീണ്ടും ചർച്ചയാകാൻ കാരണം. ഫെബ്രുവരി 17ന് വിധി പറയാനിരുന്ന കേസ് കോടതി പിന്നീട് 21ലേക്ക് മാറ്റുകയായിരുന്നു. കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. നബാം റെബിയ കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമോ വേണ്ടയോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുക്കുക. ഏക്നാഥ് ഷിൻഡെ വിഭാഗത്തെ ഔദ്യോഗിക പക്ഷമായി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കൂടി വന്ന സാഹചര്യത്തിൽ വിധി ഉദ്ധവ് പക്ഷത്തിന് ഏറെ നിർണായകമാണ്.

ശിവസേനയെന്ന പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് പക്ഷം സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

അയോഗ്യനാക്കാനുള്ള നടപടി തടയുന്നതിന് നടത്തിയ ദുരുദ്വേഷപരമായ നീക്കമായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു

സ്പീക്കർ സ്വയം അവിശ്വാസ പ്രമേയം നേരിടുമ്പോൾ കൂറുമാറ്റ നിയമ പ്രകാരം എംഎൽഎമാരെ പുറത്താക്കാൻ സാധിക്കില്ല എന്നായിരുന്നു 2016ലെ നബാം റെബിയ കേസിലെ വിധി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകനാഥ് ഷിൻഡെ വിഭാഗം, അന്നത്തെ ഡെപ്യൂട്ടി സ്പീക്കർ നർഹാരി സിർവാൾ നൽകിയ അയോഗ്യത നോട്ടീസിന് മറുപടി നൽകാൻ കഴിഞ്ഞ ജൂൺ 27ന് സുപ്രീംകോടതിയിൽ നിന്ന് സമയം നേടിയെടുത്തത്. ജൂൺ 29 വരെയാണ് സിർവാൾ ആദ്യം സമയം നൽകിയിരുന്നത്. എന്നാൽ കോടതി അത് ജൂലൈ 12 വരെയാക്കി നൽകുകയായിരുന്നു.

മഹാരാഷ്ട്രയിലെ ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ്, ജനാധിപത്യത്തിന്റെ ഭാവിയെ ബാധിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കേസ് പരിഗണിക്കവെ കോടതിയിൽ ഉന്നയിച്ച വാദം. നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർ നബാം റെബിയ കേസിലെ വിധിയുടെ മറപിടിച്ചാണ് അയോഗ്യരാകുന്നതിൽ നിന്ന് രക്ഷപ്പെട്ടത്. വിധി പുനഃപരിശോധിച്ചില്ലെങ്കിൽ ജനവിധിയിലൂടെ അധികാരത്തിലേറിയ സർക്കാരുകൾ ഇനിയും അട്ടിമറിക്കപ്പെടും. ഈ കേസ് വർത്തമാന കാലത്തിന്റേതല്ല, ഭാവിയുടേതാണെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.

കൂറുമാറിയ ഷിൻഡെ പക്ഷ എംഎൽഎമാർ അയോഗ്യരാക്കും മുൻപ് തന്നെ ഡെപ്യൂട്ടി സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അതിനാലാണ് ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷം കൂറുമാറ്റ നിയമത്തിന്റെ അടിസ്ഥാനത്തിൽ 16 എംഎൽഎമാരെ അയോഗ്യരാക്കാൻ ആവശ്യപ്പെട്ടിട്ടും ഡെപ്യൂട്ടി സ്‌പീക്കർക്ക് സാധിക്കാതിരുന്നത്. സംഭവങ്ങളുടെ കാലഗണന വിവരിച്ച സിബൽ അയോഗ്യതാ നോട്ടീസിന് മുന്നോടിയായി സ്പീക്കർക്കെതിരെ നോട്ടീസ് അയച്ചതായി ചൂണ്ടിക്കാട്ടി. അയോഗ്യനാക്കാനുള്ള നടപടി തടയുന്നതിന് നടത്തിയ ദുരുദ്വേഷപരമായ നീക്കമായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.

ഒരു പാർട്ടിയിൽ നിന്ന് പുറത്തുവന്ന്, ഭരണമാറ്റം നേടുന്നതിന് മുൻപ് തന്നെ സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം കൊണ്ടുവരാൻ അനുവദിക്കുന്നതാണോ അതോ ഭൂരിപക്ഷത്തിന്റെ വിശ്വാസം നഷ്‌ടപ്പെട്ട നേതാവ് സ്‌പീക്കറുടെ സഹായത്തോടെ തനിക്കെതിരെയുള്ളവരെ അയോഗ്യരാക്കി പദവിയിൽ തുടരുന്നത് തടയുന്നതാണോ 2016ലെ വിധിന്യായം എന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രധാന ചോദ്യം.

അതേസമയം, നാബിയ റെബിയ കേസ് പുനഃപരിശോധിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ വാദം. ഉദ്ധവ് താക്കറെ സർക്കാർ സ്വമേധയാ രാജി സമർപ്പിച്ചത് കൊണ്ട് അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നിട്ടില്ലെന്നും ഷിൻഡെ പക്ഷം വാദിക്കുന്നു.

logo
The Fourth
www.thefourthnews.in