കേന്ദ്രത്തിന് തിരിച്ചടി, മീഡിയവൺ വിലക്ക് നീക്കി; സീൽഡ് കവർ നടപടിക്കെതിരെ സുപ്രീംകോടതിയുടെ വിമർശനം

കേന്ദ്രത്തിന് തിരിച്ചടി, മീഡിയവൺ വിലക്ക് നീക്കി; സീൽഡ് കവർ നടപടിക്കെതിരെ സുപ്രീംകോടതിയുടെ വിമർശനം

നാലാഴ്ചക്കകം ചാനലിന്റെ ലൈസൻസ് പുതുക്കി നൽകണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു

'മീഡിയവൺ' ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിലക്കിന്റെ കാരണം മുദ്രവച്ച കവറിൽ കോടതിയിൽ മാത്രം നൽകിയത് നിതീകരിക്കാനില്ലെന്നു കോടതി നിരീക്ഷിച്ചു.

സർക്കാർ നയങ്ങൾക്കെതിരെ ചാനലിന്റെ വിമർശനാത്മക വീക്ഷണങ്ങളെ ഭരണകൂട വിരുദ്ധമെന്ന് വിളിക്കാനാകില്ല

സത്യം വിളിച്ചുപറയാനും പരുക്കൻ വസ്തുതകൾ പൗരന്മാരെ അറിയിക്കാനും മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. സർക്കാർ നയങ്ങൾക്കെതിരെ ചാനലിന്റെ വിമർശനാത്മക വീക്ഷണങ്ങളെ ഭരണകൂട വിരുദ്ധമെന്ന് വിളിക്കാനാകില്ല. സുശക്തമായ ജനാധിപത്യത്തിന് സ്വതന്ത്രമായ മാധ്യമങ്ങൾ ആവശ്യമാണ്.

സർക്കാരിന്റെ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള കാരണമായി കണ്ടെത്താൻ സാധിക്കില്ലെന്നും കോടതി ഓർമിപ്പിച്ചു.

മുദ്രവച്ച കവറിൽ കാരണങ്ങൾ വെളിപ്പെടുത്തിയത് സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിക്കുന്നതാണ്

ആഭ്യന്തര സുരക്ഷാ അനുമതി ഇല്ലാത്തതിനാൽ ചാനലിന്റെ സംപ്രേഷണ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ മീഡിയ വൺ മാനേജ്മെന്റ് സമർപ്പിച്ച സ്‌പെഷ്യൽ ലീവ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

മുദ്രവച്ച കവറിൽ കാരണങ്ങൾ വെളിപ്പെടുത്തിയത് സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടം ദേശീയ സുരക്ഷ എന്ന വാദം ഉപയോഗിക്കുന്നു. ഇത് നിയമവാഴ്ചയുമായി പൊരുത്തപ്പെടുന്നതല്ല.

വെറുതെ ഉന്നയിക്കാവുന്ന ഒന്നല്ല ദേശീയ സുരക്ഷാ വാദം. അതിന് വസ്തുതാപരമായ തെളിവുകൾ ഉണ്ടാകണം. കൂടാതെ മാർഗങ്ങൾ ലഭ്യമാണെങ്കിൽ സീൽഡ് കവർ എന്ന നടപടിക്രമം സ്വീകരിക്കാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചാനലിന്റെ ലൈസൻസ് പുതുക്കാൻ അനുവദിക്കാത്തത് അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിന് തുല്യമാണ്. ചാനലിന്റെ ഷെയർഹോൾഡർമാർക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധമുണ്ട് എന്നതിനാൽ ചാനലിന്റെ അവകാശങ്ങൾ പരിമിതപ്പെടുത്താൻ കഴിയില്ല. കൂടാതെ ഈ ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളുമില്ലെന്ന് കോടതി പറഞ്ഞു.

നാലാഴ്ചക്കകം ചാനലിന്റെ ലൈസൻസ് പുതുക്കി നൽകണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു. പൗരത്വ ഭേദഗതി നിയമം (സി‌എ‌എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌ആർ‌സി) എന്നിവയ്‌ക്കെതിരായ റിപ്പോർട്ടുകൾ ചാനലിന്റെ ഭരണകൂട വിരുദ്ധത തെളിയിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും പ്രക്ഷേപണ ലൈസൻസ് പുതുക്കുന്നത് നിരസിക്കാനുള്ള ന്യായമായ കാരണങ്ങളല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in