രാജ്യത്ത് പ്രായമായ 16 ശതമാനം സ്ത്രീകൾ അതിക്രമം നേരിടുന്നതായി റിപ്പോർട്ട്; മിക്കതിനും പിന്നില്‍ മക്കള്‍

രാജ്യത്ത് പ്രായമായ 16 ശതമാനം സ്ത്രീകൾ അതിക്രമം നേരിടുന്നതായി റിപ്പോർട്ട്; മിക്കതിനും പിന്നില്‍ മക്കള്‍

പീഡനം നേരിടേണ്ടി വന്നവരില്‍ അധികവും പ്രത്യാഘാതങ്ങള്‍ ആലോചിച്ച് പുറത്ത് പറയാതിരുന്നവർ. ചിലര്‍ക്ക് പരാതിപ്പെടേണ്ട സംവിധാനങ്ങളെക്കുറിച്ച് അറിയില്ല

രാജ്യത്ത് 16 ശതമാനം വയോധിക സ്ത്രീകൾ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള 60നും 80നും പ്രായമുള്ള സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 7,911 പേര്‍ പീഡനങ്ങള്‍ നേരിടുന്നതായി വെളിപ്പെടുത്തി. അതില്‍ 40% ആളുകളും (510) ആണ്‍ മക്കളില്‍ നിന്ന് പീഡനം നേരിടുന്നവരാണ്. 17 ശതമാനം പേര്‍ക്ക് പങ്കാളിയില്‍നിന്ന് ഉപദ്രവം നേരിടേണ്ടി വരുന്നുണ്ട്.

പീഡിതരില്‍ 43 ശതമാനം ആളുകളും ശാരീരിക പീഡനം അഭിമുഖീകരിച്ചവരാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലുള്ളവരും 80-90 വയസുള്ളവരുമാണ്.സര്‍വ്വേയില്‍ പങ്കെടുത്ത എട്ട് ശതമാനം സ്ത്രീകള്‍ക്ക് ചെറുപ്പം മുതല്‍ക്കേ ലൈംഗികാതിക്രമം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 31ശതമാനം കേസുകളിലും അക്രമം നടത്തിയത് പിതാവാണ്. മറ്റ് ബന്ധുക്കളില്‍നിന്ന് ചെറുപ്പത്തിലും വാര്‍ദ്ധക്യത്തിലും അതിക്രമങ്ങള്‍ നേരിടേണ്ടി വന്നവര്‍ ഒട്ടേറെയുണ്ട്.

43% പേരും ശാരീരിക പീഡനം നേരിട്ടതായി കാണിക്കുന്നു. 40% ആളുകള്‍ മാനസിക പീഡനം അനുഭവിച്ചവരാണ്.

ലോക വയോജന ദുരുപയോഗ ബോധവല്‍ക്കരണ ദിനമായ ജൂണ്‍ 15 ന്റെ ഭാഗമായി ഹെല്‍പ് ഏജ് ഇന്ത്യ പുറത്തിറക്കിയ 'സ്ത്രീകളും വാര്‍ധക്യവും: ഇല്ലാതാവുകയോ, ശക്തമാവുകയോ?'' എന്ന പഠനത്തിലാണ് റിപ്പോര്‍ട്ട്. 43 ശതമാനം പേർ ശാരീരിക പീഡനം നേരിട്ടതായി കാണിക്കുന്നു. 40 ശതമാനം പേർ മാനസിക പീഡനം അനുഭവിച്ചവരാണ്. 32 ശതമാനം സാമ്പത്തികമായി ചൂഷണം ചെയ്യപ്പെട്ടപ്പോള്‍ 29 ശതമാനം ആളുകള്‍ ഒറ്റപ്പെട്ടു. നാല് ശതമാനം പേർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരാണ്.

ഒരോ സംസ്ഥാനത്തെയും കുറഞ്ഞത് രണ്ട് ജില്ല, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ (ഡല്‍ഹി, ചണ്ഡീഗഡ്), അഞ്ച് മെട്രോ നഗരങ്ങള്‍ (മുംബൈ,ബെംളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്) എന്നിവയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. മേയ്-ജൂണ്‍ മാസങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ലിംഗ അസമത്വും പ്രായമായ സ്ത്രീകള്‍ വിവിധ മേഖലകളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും എടുത്ത് കാണിക്കുന്നു. 54 ശതമാനം നിരക്ഷരര്‍, 43 ശതമാനം വിധവകള്‍, 75 ശതമാനം സമ്പാദ്യമില്ലാത്തവര്‍, സ്വത്തുക്കളില്ലാത്ത 66 ശതമാനം പേര്‍ ഇങ്ങനെ സാമ്പത്തിക അരക്ഷിതത്വം അടക്കമുള്ള പിന്നക്കാവസ്ഥകളെയും സര്‍വേ തുറന്നുകാട്ടുന്നു.

മക്കളെയും പങ്കാളിയെയും കൂടാതെ പ്രായമായ സ്ത്രീകള്‍ മരുമകള്‍ (27 ശതമാനം), പെണ്‍മക്കള്‍ (10 ശതമാനം), കൊച്ചുമക്കള്‍ (ഏഴ് ശതാനം), വീട്ടുജോലിക്കാര്‍ (ആറ് ശതമാനം) എന്നിവരില്‍നിന്ന് കൂടി പീഡനം നേരിടേണ്ടി വരുന്നു. പീഡനം നേരിടേണ്ടി വന്നവരില്‍ മിക്കവരും പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആലോചിച്ച് പുറത്ത് പറയാതിരുന്നവരാണ്. ചിലര്‍ക്ക് പരാതിപ്പെടേണ്ട സംവിധാനങ്ങളെക്കുറിച്ച് അവബോധമില്ല. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിയമങ്ങളെക്കുറിച്ച് 15 ശതമാനം പേര്‍ക്ക് മാത്രമേ അറിയൂവെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.

54% നിരക്ഷരര്‍,43% വിധവകള്‍, 75% സമ്പാദ്യമില്ലാത്തവര്‍, സ്വത്തുക്കളില്ലാത്ത 66% പേര്‍ ഇങ്ങനെ സാമ്പത്തിക അരക്ഷിതത്വം പോലുള്ള പിന്നാക്കാവസ്ഥകളെയും സര്‍വ്വേ തുറന്ന് കാട്ടുന്നു

പ്രായമായ സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍, വയോജന പീഡനങ്ങള്‍ക്കുള്ള പരിഹാര സംവിധാനങ്ങള്‍, സര്‍ക്കാര്‍ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധം, പെന്‍ഷന്‍, ആരോഗ്യ സംരക്ഷണം, സാമ്പത്തിക പങ്കാളിത്ത പരിപാടികളില്‍ കൂടുതല്‍ മുന്‍ഗണന എന്നിവയുടെ ആവശ്യകതയെക്കുറിച്ച് രാജ്യത്ത് കൂടുതല്‍ അവബോധമുണ്ടാക്കണമെന്ന് ഹെല്‍പ്പ് ഏജ് ഇന്ത്യസിഇഒ രോഹിത് പ്രസാദ് ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in