മുഴുവൻ പ്രതികൾക്കും വധശിക്ഷ: രാജീവ് ഗാന്ധി വധക്കേസ് വിധി ഓർമിപ്പിച്ച് രണ്‍ജീത് ശ്രീനിവാസന്‍ കേസ്

മുഴുവൻ പ്രതികൾക്കും വധശിക്ഷ: രാജീവ് ഗാന്ധി വധക്കേസ് വിധി ഓർമിപ്പിച്ച് രണ്‍ജീത് ശ്രീനിവാസന്‍ കേസ്

വധശിക്ഷ എന്ന കാട്ടാളനീതി വേണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ നിരന്തരം അരങ്ങേറുന്ന ഒരു രാജ്യത്ത് ഇത്തരമൊരു വിധി പ്രോസിക്യൂഷനെപ്പോലും ഞെട്ടിച്ചിരിക്കാം

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ തന്നെ അപൂര്‍വത്തില്‍ അപൂര്‍വമായ വിധിയാണ് ഇന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ചത്. ഒരു കേസില്‍ കുറ്റംചാര്‍ത്തപ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും 'ക്യാപിറ്റല്‍ പണിഷ്‌മെന്റ്'!

വധശിക്ഷ എന്ന കാട്ടാളനീതി വേണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ നിരന്തരം അരങ്ങേറുന്ന ഒരു രാജ്യത്ത് ഇത്തരമൊരു വിധി പ്രോസിക്യൂഷനെപ്പോലും ഞെട്ടിച്ചിരിക്കാം. വിധി പ്രസ്താവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഏവരും അന്വേഷിച്ചത് ഇതിനു മുമ്പ് ഇത്തരമൊരു സംഭവം ഏതെങ്കിലും കോടതിമുറികളില്‍ നടന്നിട്ടുണ്ടോയെന്നാണ്.

സംസ്ഥാന ജുഡീഷ്യറി സംവിധാനത്തില്‍ ഇത്തരമൊരു വിധി ഇതാദ്യമായാണ് എന്നറിഞ്ഞപ്പോള്‍ പലരുടെയും അന്വേഷണം മറ്റേതെങ്കിലും സംസ്ഥാനത്ത് സമാനരീതിയിലുള്ള വിധിപ്രസ്താവം നടന്നിട്ടുണ്ടോയെന്നാണ്. ആ അന്വേഷണം ചെന്നെത്തിയത് 26 വര്‍ഷം മുമ്പത്തെ ചെന്നൈ ടാഡ കോടതി മുറിയിലാണ്. 1998 ജനുവരി 28-ന് അന്ന് ജസ്റ്റിസ് വി നവനീതം തന്റെ പരിഗണനയില്‍ വന്ന കേസില്‍ പ്രതികളായ 26 പേര്‍ക്കും തൂക്കുകയര്‍ വിധിക്കുകയായിരുന്നു. ആ വിധി പ്രസ്താവം ഇന്ത്യയില്‍ ഒരു കൊടുങ്കാറ്റിനാണ് വിത്തുപാകിയത്.

അടച്ചിട്ടമുറിയില്‍ നടന്ന വിചാരണ നീതിപൂര്‍വമായിരുന്നില്ലെന്നും പ്രതികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും പുനര്‍വിചാരണ വേണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ ഒന്നടങ്കം തെരുവിലിറങ്ങി. വധശിക്ഷ വിധിക്കപ്പെട്ടവരില്‍ ആറു വയസുകാരിയായ കുട്ടിയുടെ അമ്മയും, പ്രായപൂര്‍ത്തിയാകാത്ത, പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നതും പ്രക്ഷോഭങ്ങള്‍ക്ക് തീവ്രതയേറ്റി. പിന്നീട് മേല്‍ക്കോടതികളില്‍ വധശിക്ഷ റദ്ദാക്കപ്പെട്ടുവെങ്കിലും ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ 'കുപ്രസിദ്ധ' വിധിപ്രസ്താവമായാണ് അത് ഇന്നും വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ നടുക്കിയ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലായിരുന്നു അത്. 1991 മേയ് 21ന് ശ്രീപെരുമ്പത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ടിടിഇ നടത്തിയ മനുഷ്യ ബോംബ് സ്‌ഫോടനത്തിലാണ് രാജീവും മറ്റ് 14 പേരും കൊല്ലപ്പെടുന്നത്.

മുഴുവൻ പ്രതികൾക്കും വധശിക്ഷ: രാജീവ് ഗാന്ധി വധക്കേസ് വിധി ഓർമിപ്പിച്ച് രണ്‍ജീത് ശ്രീനിവാസന്‍ കേസ്
മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ, കേരള നിയമ-രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം; കോടതിയുടെ അപൂർവ വിധിക്ക് പിന്നില്‍

കൊലപാതകത്തെപ്പോലെ തന്നെ ഞെട്ടിച്ചതായിരുന്നു പ്രതികള്‍ക്ക് കോടതി നല്‍കിയ ശിക്ഷ. അപൂര്‍വത്തില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാവൂയെന്നാണ് നിയമം അനുശാസിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തന്നെ വധിക്കുന്നത് അപൂര്‍വമായ കേസായി പരിഗണിച്ചായിരുന്നു ടാഡ കോടതിയുടെ ഉത്തരവ്. എന്നാല്‍ രാജീവ് വധത്തില്‍ നേരിട്ട് പങ്കോ എല്‍ടിടിഇയുടെ ഗൂഢാലോചനയെക്കുറിച്ച് അറിവോ ഇല്ലാത്തവരപ്പോലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ തിയറി കോടതി അപ്പാടെ സ്വീകരിച്ചത് ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

കൊലയാളി സംഘത്തിന് സഹായം നല്‍കിയ വ്യക്തിക്ക് ക്ലോക്കില്‍ ഉപയോഗിക്കുന്ന രണ്ട് ബാറ്ററി വാങ്ങിയ നല്‍കിയതിന്റെ പേരില്‍ കസ്റ്റഡിയിലായ പേരറിവാളന്‍ എന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയ്ക്കു പോലും വധശിക്ഷ വിധിക്കാന്‍ ടാഡ കോടതി തയാറായത് മനുഷ്യാവകാശ സംഘടനളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

ടാഡ കോടതി ഉത്തരവ് പിന്നീട് പലപ്പോഴായി മേല്‍ക്കോടതികള്‍ റദ്ദാക്കുകയും ചെയ്തു. 1999 മേയ് 11ന് നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരൊഴികെയുള്ള പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. മൂന്നു പേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചപ്പോള്‍ ബാക്കിയുള്ള 19 പേരെ സുപ്രീം കോടതി വെറുതെ വിട്ടു.

വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ നാലുപേരും അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. പിന്നീട് തമിഴ്‌നാട് ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമാ ബീവിക്കു മുമ്പാകെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദയാഹര്‍ജി സമര്‍പ്പിച്ചു. അതും തള്ളപ്പെട്ടു. എന്നാല്‍ 1999 നവംബറില്‍ ദയാഹര്‍ജി തള്ളിയ ഗവര്‍ണറുടെ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും സംസ്ഥാനത്തെ മന്ത്രിസഭയുടെ അഭിപ്രായങ്ങള്‍ തേടിയ ശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കുകയും ചെയ്തു.

മുഴുവൻ പ്രതികൾക്കും വധശിക്ഷ: രാജീവ് ഗാന്ധി വധക്കേസ് വിധി ഓർമിപ്പിച്ച് രണ്‍ജീത് ശ്രീനിവാസന്‍ കേസ്
രഞ്ജിത്ത് വധത്തിൽ അത്യപൂർവ വിധി; 15 പ്രതികൾക്കും വധശിക്ഷ

തൊട്ടടുത്ത വര്‍ഷം നളിനിയുടെ വധശിക്ഷ ഇളവ് ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചു. അതേവര്‍ഷം തന്നെ, മറ്റു പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹര്‍ജി സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കൈമാറി. എന്നാല്‍ 11 വര്‍ഷം ഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുത്തില്ല. ഇതോടെ 2011 സെപ്റ്റംബര്‍ 11-ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനുപിന്നാലെ മൂന്നു പ്രതികളുടെയും വധശിക്ഷ ഇളവ് ചെയ്യാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടാന്‍ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി.

മൂന്നുപേരുടെയും വധശിക്ഷ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയം അന്നത്തെ മുഖ്യമന്ത്രി ജയലളിത രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തു. 2014ല്‍ ദയാഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതിന്റെ പേരില്‍ സുപ്രീം കോടതി വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തു. പിന്നീട് 2022ല്‍ ജയിലിലുണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും വിട്ടയച്ചു.

ടാഡ കോടതി വിധിച്ച വധശിക്ഷ മേല്‍ക്കോടതി റദ്ദാക്കിയെങ്കിലും മുഴുവന്‍ പ്രതികളെയും വധശിക്ഷയ്ക്ക് വിധിച്ചത് അപൂര്‍വ സംഭവമായിരുന്നു. രണ്‍ജീത് കൊലക്കേസിലെ വിധിയും ഒരുപക്ഷേ മേല്‍ക്കോടതികള്‍ റദ്ദാക്കിയാലും കേരളത്തെ സംബന്ധിച്ച് ഈ വിധി ചരിത്രം തന്നെയാണ്.

logo
The Fourth
www.thefourthnews.in