തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഗവർണർ ആർഎൻ രവി
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഗവർണർ ആർഎൻ രവി

തമിഴ്‌നാട്ടിലും ഗവര്‍ണര്‍ സർക്കാര്‍ പോര്: വിസി നിയമന ഭേദഗതി ബില്‍ പരിഗണനയിലിരിക്കെ നിയമനം നടത്തി ആർഎൻ രവി

നിയമസഭ പാസാക്കിയ 21 ബില്ലുകൾ ഒപ്പിടാതെ ഗവർണർ നീട്ടി വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് വി സി നിയമനം

തമിഴ്‌നാട്ടിൽ മാസങ്ങളായി തുടരുന്ന സർക്കാർ - ഗവർണർ പോര് മുറുകുന്നു. സർക്കാർ നടത്തുന്ന സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതുള്‍പ്പെടെ 21 ബില്ലുകൾ തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നുവെങ്കിലും ഗവർണർ ഇതുവരെ ഒപ്പുവെച്ചിരുന്നില്ല. ഇപ്പോൾ മൂന്ന് സർക്കാർ സർവകലാശാലകളിലേക്ക് വൈസ് ചാൻസിലർമാരെ (വി സി ) നിയമിച്ചിരിക്കുകയാണ് തമിഴ്‌നാട് ഗവർണർ ആർഎൻ രവി. ഇതോടെ ഗവർണർ - സർക്കാർ ബന്ധം വീണ്ടും വഷളാവുകയാണ്.

സർക്കാർ സർവകാല ശാലകളുടെ എക്സ് ഒഫീഷ്യോ ചാൻസലർ കൂടിയായ ഗവർണർ ഓഗസ്റ്റ് 17 ബുധനാഴ്ചയാണ് വി സി നിയമനം നടത്തിയത്. സർക്കാർ നടത്തുന്ന സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബില്ലുകൾ 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു. എന്നാൽ ഇത് ഒപ്പിടാതെ ഗവർണർ നീട്ടി വെച്ചിരിക്കുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജൂണിൽ ഗവർണറെ കണ്ട് സംസ്ഥാന നിയമസഭ പാസാക്കിയ 21 ബില്ലുകൾക്ക് ഉടനെ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. "ഭരണഘടനയുടെ ആത്മാവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഇച്ഛയും ഉയർത്തിപ്പിടിക്കാൻ" എത്രയും വേഗം അനുമതി നൽകണമെന്നും മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ വി സി നിയമനം.

തമിഴ്നാട്  മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ Google

ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ഡിഎംകെ യുടെ മാതൃ സംഘടനയായ ദ്രാവിഡർ ഘടകത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു വരുന്ന കൂടി സാഹചര്യത്തിലാണ് ഗവർണറുടെ വി സി നിയമനം. സർക്കാരുമായി കൂടിയാലോചനകൾ നടത്താതെയാണ് രാജ്ഭവൻ നിയമനങ്ങൾ നടത്തിയത്.

കഴിഞ്ഞ ദിവസം ഗവർണറെ അറിയിക്കാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി സംസ്ഥാന സർവകലാശാലകളിലെ വിസിമാരുടെ യോഗം വിളിച്ചിരുന്നു. മധുര കാമരാജ് സർവകലാശാലയിലെ ബിരുദ ദാന ചടങ്ങ് ഗവർണർ രാഷ്ട്രീയവൽക്കരിച്ചു എന്നാരോപിച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്കരിച്ചതും അടുത്തിടെയാണ്.

വെല്ലൂർ ആസ്ഥാനമായുള്ള തിരുവള്ളുവർ സർവകലാശാലയുടെ വൈസ് ചാൻസലറായി ടി അറുമുഖം, കാരക്കുടി ആസ്ഥാനമായുള്ള അളഗപ്പ സർവകലാശാലയുടെ വി സി ആയി ജി രവി, തിരുനൽവേലി ആസ്ഥാനമായുള്ള മനോൻമണിയം സുന്ദരനാർ സർവകലാശാലയുടെ വി സി ആയി എൻ ചന്ദ്രശേഖർ എന്നിവരെയാണ് നിയമിച്ചത്.

നിയമിതരായ മൂന്ന് പേർക്കും പതിറ്റാണ്ടുകളുടെ സമ്പന്നമായ അധ്യാപനവും ഗവേഷണവും ഭരണ പരിചയവും ഉണ്ടെന്നും വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്നു പേർക്കും മികച്ച കരിയർ റെക്കോർഡും ഉണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു. നിയമനം ലഭിച്ചവർക്ക് അധികാരമേറ്റ തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തേക്കാണ് നിയമനങ്ങൾ.

ഗവർണറുടെ അനുമതിക്കായി കാത്തിരിക്കുന്ന ബില്ലുകളിൽ ഈ വർഷം ഏപ്രിൽ 25 ന് പാസാക്കിയ തമിഴ്‌നാട് യൂണിവേഴ്‌സിറ്റി നിയമ (ഭേദഗതി) ബില്ലും ഉൾപ്പെടുന്നു. ഇത് ഗവർണറുടെ അധികാരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശിച്ച ബില്ലുകളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി അവതരിപ്പിച്ച ഈ ബിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള 13 സർവകലാശാലകളിലേക്ക് വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ്.

മെയ് 9 ന് അവതരിപ്പിച്ച ബില്ലുകളിൽ ചെന്നൈയിലെ തമിഴ്നാട് ഡോ എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി (ഭേദഗതി) ബില്ല് , ഈ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് നൽകുന്നതാണ്. ചെന്നൈ യൂണിവേഴ്‌സിറ്റി, ഡോ അംബേദ്കർ ലോ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുന്ന ബില്ലുകളും നിയമസഭ പാസാക്കിയിട്ടുണ്ട്. ഇവ കൂടാതെ, മുഖ്യമന്ത്രി വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സിസ്‌റ്റംസ് ഓഫ് മെഡിസിനായി ചെന്നൈയ്‌ക്ക് സമീപം ഒരു പ്രത്യേക സിദ്ധ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള മറ്റൊരു ബില്ലും പാസ്സാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in