തമിഴ്‌നാട്ടിൽ വീണ്ടും ഗവർണർ -സർക്കാർ പോര്; സെന്തിൽ ബാലാജിയുടെ വകുപ്പ് പുനഃക്രമീകരിക്കാനുള്ള ശുപാർശ തള്ളി ആർ എൻ രവി

തമിഴ്‌നാട്ടിൽ വീണ്ടും ഗവർണർ -സർക്കാർ പോര്; സെന്തിൽ ബാലാജിയുടെ വകുപ്പ് പുനഃക്രമീകരിക്കാനുള്ള ശുപാർശ തള്ളി ആർ എൻ രവി

വൈദ്യുതി- എക്സൈസ് വകുപ്പ് മന്ത്രിയായ സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മന്ത്രിമാരായ തങ്കം തെന്നരശ്, എസ് മുത്തുസ്വാമി എന്നിവർക്ക് നൽകാനുള്ള ശുപാർശ കഴിഞ്ഞ ദിവസമാണ് സ്റ്റാലിൻ ഗവർണർക്ക് നൽകിയത്

തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റും തുടർന്നുള്ള സംഭവവികാസങ്ങൾക്കും പിന്നാലെ സർക്കാരുമായി പുതിയ പോർമുഖം തുടർന്ന് ഗവർണർ ആർ എൻ രവി. സെന്തിൽ ബാലാജിയുടെ വകുപ്പുകളെടുത്ത് മാറ്റി മന്ത്രി പദവി മാത്രം നിലനിർത്താനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദേശം ഗവർണർ തള്ളി. പ്രതിപക്ഷ സർക്കാരുകളെ നേരിടുന്നതിന് കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം സ്റ്റാലിൻ കനത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.

വൈദ്യുതി- എക്സൈസ് വകുപ്പ് മന്ത്രിയായ സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മന്ത്രിമാരായ തങ്കം തെന്നരശ്, എസ് മുത്തുസ്വാമി എന്നിവർക്ക് നൽകാനുള്ള ശുപാർശ കഴിഞ്ഞ ദിവസമാണ് സ്റ്റാലിൻ ഗവർണർക്ക് നൽകിയത്. എന്നാൽ നിർദേശം ഗവർണർ തള്ളിക്കളഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടി അറിയിച്ചു. സർക്കാരിന്റെ നിർദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഗവർണറുടെ വാദം. സെന്തിൽ ബാലാജിയുടെ അറസ്റ്റിന് മുൻപ് തന്നെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർ സ്റ്റാലിന് കത്ത് നൽകിയിരുന്നു. കൂടാതെ എഐഎഡിഎംകെയും ബിജെപിയും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ഭരണഘടനയെ കുറിച്ച് അറിവുണ്ടാകേണ്ട ഗവർണർ മുഖ്യമന്ത്രിയുടെ വകുപ്പ് പുനഃക്രമീകരണ നിർദേശം അംഗീകരിക്കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ഏജന്റിനെ പോലെയാണ് പ്രവർത്തിക്കുന്നത്

കെ പൊന്മുടി, ഉന്നത വിദ്യാഭ്യാസ മന്ത്രി

അതേസമയം, വകുപ്പുമാറ്റം മുഖ്യമന്ത്രിയുടെ പ്രത്യേകാവകാശ പരിധിയിൽ ഉൾപ്പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ മറുപടി നൽകി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ചയാണ് ബാലാജിയെ അറസ്റ്റ് ചെയ്തത്. നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന് ഡോക്ടർമാർ ബൈപാസ് സർജറി നിർദേശിച്ചതിനെ തുടർന്ന് സെന്തിൽ ബാലാജി നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് അദ്ദേഹത്തിന്‍റെ സർജറി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

"ഭരണഘടനയനുസരിച്ച് വകുപ്പുകൾ അനുവദിക്കുന്നതിനോ മന്ത്രിയെ ഉൾപ്പെടുത്തുന്നതിനോ ഒഴിവാക്കുന്നതിനോ മുഖ്യമന്ത്രിക്കാണ് അധികാരം, ഗവർണറിനല്ല. ഭരണഘടനയെ കുറിച്ച് അറിവുണ്ടാകേണ്ട ഗവർണർ മുഖ്യമന്ത്രിയുടെ വകുപ്പ് പുനഃക്രമീകരണ നിർദേശം അംഗീകരിക്കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ഏജന്റിനെ പോലെയാണ് പ്രവർത്തിക്കുന്നത്" ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

തമിഴ്‌നാട്ടിൽ വീണ്ടും ഗവർണർ -സർക്കാർ പോര്; സെന്തിൽ ബാലാജിയുടെ വകുപ്പ് പുനഃക്രമീകരിക്കാനുള്ള ശുപാർശ തള്ളി ആർ എൻ രവി
'ബിജെപി ഭീഷണിപ്പെടുത്തി വശത്താക്കാന്‍ ശ്രമിക്കുന്നു, ഡിഎംകെയുടെ പോരാട്ട ചരിത്രം മറക്കരുത് '; മുന്നറിയിപ്പുമായി സ്റ്റാലിൻ

ഒരു മന്ത്രിക്കെതിരെ കേസുണ്ടെന്ന കാരണത്താൽ മാത്രം അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാകില്ല. അമിത് ഷാ ഗുജറാത്തിൽ മന്ത്രിയായിരുന്ന കാലത്ത് കേസുണ്ടായിരുന്നിട്ടും അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ലെന്ന കാര്യവും ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന ഗവർണർ- സർക്കാർ പോരിന്റെ തുടർച്ച തന്നെയാണ് തമിഴ്‌നാട്ടിലും. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ആർ എൻ രവി ഇറങ്ങി പോയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.

logo
The Fourth
www.thefourthnews.in