സിബിഐയെ തടയാന്‍ തമിഴ്നാട്, അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കി

സിബിഐയെ തടയാന്‍ തമിഴ്നാട്, അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കി

കേന്ദ്ര ഏജൻസിക്ക് അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തമിഴ്നാട്

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ നീക്കത്തെ പ്രതിരോധിക്കാന്‍ സുപ്രധാന ചുവടുമായി എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍. തമിഴ്നാട്ടിലെ കേസുകൾ അന്വേഷിക്കാൻ സിബിഐയ്ക്ക് സർക്കാർ അനുമതി നിർബന്ധമാക്കി. ഇതോടെ കേന്ദ്ര ഏജൻസിക്ക് അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തമിഴ്നാട്.

ഇതോടെ, തമിഴ്നാട്ടില്‍ അന്വേഷണം ആരംഭിക്കുന്നതിന് ആദ്യം കേന്ദ്ര അന്വേഷണ ഏജൻസിക്ക് സംസ്ഥാനത്തിന്റെ അനുമതി വേണം. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, കേരളം, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ ഇത്തരത്തില്‍ അനുമതി പിന്‍വലിച്ചിട്ടുള്ളത്. എന്നാൽ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സർക്കാരിനെ താഴെയിറക്കി ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ മഹാരാഷ്ട്ര സർക്കാർ തീരുമാനം മാറ്റിയിരുന്നു.

1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം സിബിഐ അന്വഷണത്തിന് മുൻപ് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, 1989ലും 1992ലും ചില കേസുകളിൽ ചില ഒഴിവാക്കലുകൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ, സംസ്ഥാന സർക്കാരിന്റെ നീക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയോ ദേശീയ അന്വേഷണ ഏജൻസിയുടെയോ അന്വേഷണത്തെ ബാധിക്കില്ല. ഇനി മുതൽ സംസ്ഥാനത്ത് പുതിയ ഏത് കേസും അന്വേഷിക്കാൻ സിബിഐക്ക് തമിഴ്‌നാട് സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ടെങ്കിലും പഴയതും കെട്ടിക്കിടക്കുന്നതുമായ കേസുകൾ അന്വേഷണ ഏജൻസിക്ക് തുടരാം.

logo
The Fourth
www.thefourthnews.in