​ദളിതർക്ക് പ്രവേശനം നിഷേധിച്ചു; തമിഴ്നാട് ദ്രൗപതി അമ്മൻ ക്ഷേത്രം അടച്ചുപൂട്ടി സീൽചെയ്തു

​ദളിതർക്ക് പ്രവേശനം നിഷേധിച്ചു; തമിഴ്നാട് ദ്രൗപതി അമ്മൻ ക്ഷേത്രം അടച്ചുപൂട്ടി സീൽചെയ്തു

പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ ഇരു വിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് നിർദേശിക്കുന്ന നോട്ടീസും ക്ഷേത്രമതിൽക്കെട്ടിൽ പതിച്ചിട്ടുണ്ട്

ദളിതർക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം പൂട്ടി സീൽചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് അധികൃതർ അടച്ചുപൂട്ടിയത്. പ്രദേശത്ത് മേൽജാതിക്കാരും ദളിതരും തമ്മിൽ ഏറെ നാളായി ക്ഷേത്രപ്രവേശം സംബന്ധിച്ച് സംഘർഷം നിലനിൽക്കുകയാണ്. ഇതിനിടെയാണ് അധികൃതരുടെ തീരുമാനം. 

പ്രശ്‌ന പരിഹാരത്തിനായി ജില്ലാ ഭരണകൂടം പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാനായില്ല. പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ ഇരു വിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് നിർദേശിക്കുന്ന നോട്ടീസും ക്ഷേത്രമതിൽക്കെട്ടിൽ പതിച്ചിട്ടുണ്ട്.

ഈ വർഷം ഏപ്രിലിലാണ് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സംഘർഷം ഉടലെടുത്തത്. ദളിത് വിഭാഗത്തിൽ പെട്ട ഒരാൾ ഏപ്രിലിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ മേൽജാതിക്കാർ എതിർത്തു. പിന്നീട് ദളിതരെ അമ്പലത്തിൽ നിന്ന് വിലക്കി. ഇതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് നാല് എഫ്‌ഐആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേതുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ ക്ഷേത്രം സീൽ ചെയ്യുകയായിരുന്നു.

അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഗ്രാമത്തിൽ പോലീസ് സേനയെ വിന്യസിച്ചു. അയൽ ഗ്രാമങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ജാതിമതഭേദമില്ലാതെ എല്ലാവരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലുപുരം എംപി ഡി രവികുമാറും മറ്റ് പാർട്ടി നേതാക്കളും ജില്ലാ കളക്ടർക്ക് നിവേദനം നൽകി.ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (HR&CE) വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in