ബിബിസി ഓഫീസില്‍ പരിശോധന; രേഖകളും ഫോണുകളും പിടിച്ചെടുത്തു

ബിബിസി ഓഫീസില്‍ പരിശോധന; രേഖകളും ഫോണുകളും പിടിച്ചെടുത്തു

ബിബിസി ഓഫീസുകളിലേത് റെയ്ഡല്ലെന്നും സര്‍വേയാണെന്നും ആദായ നികുതി വകുപ്പ്

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ രേഖകളും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തതായി സൂചന. അന്താരാഷ്ട്ര നികുതി- കൈമാറ്റ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണത്തിലാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. ബിബിസി ഓഫീസുകള്‍ സീല്‍ ചെയ്യുകയും ജീവനക്കാരോട് വിവരങ്ങള്‍ മറ്റാരുമായി പങ്കുവെക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ നികുതി ഉദ്യോഗസ്ഥര്‍ പിന്നീട് ബിബിസി ഓഫീസുകളിലേത് റെയ്ഡല്ലെന്നും സര്‍വേയാണെന്നും പിടിച്ചെടുത്ത ഫോണുകള്‍ തിരിച്ചു നല്‍കുമെന്നും അറിയിച്ചു.

'ഞങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമുണ്ട്. അതിനായി ഞങ്ങളുടെ ടീം ബിബിസി ഓഫീസ് സന്ദര്‍ശിച്ച് ഒരു സര്‍വേ നടത്തുകയാണ്. ഞങ്ങളുടെ ഉഉദ്യോഗസ്ഥര്‍ അക്കൗണ്ട് ബുക്കുകളാണ് പരിശോധിക്കുന്നത്, ഇത് റെയ്ഡ് അല്ല' എന്ന് ആദായ നികുതി വൃത്തങ്ങള്‍ അറിയിച്ചു. നികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ധനകാര്യ വിഭാഗത്തോട് ബാലന്‍സ് ഷീറ്റുകളും അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടതായും അവര്‍ കൂട്ടിചേര്‍ത്തു.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ''ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് പരിശോധന. ജനുവരി 18നാണ് ബിബിസി അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടന്‍ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി. തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.ജനുവരി 21ന്, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് വിവാദ ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്കുകളും ട്വിറ്റര്‍ പോസ്റ്റുകളും വീഡിയോകളും തടയാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in