Teesta Setalvad, R.B Sreekumar
Teesta Setalvad, R.B Sreekumar

ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്: വിധിയില്‍ വ്യക്തത വേണം; ചീഫ് ജസ്റ്റിസിന് സാമുഹ്യപ്രവര്‍ത്തകരുടെ കത്ത്

കോടതി വിധി പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് ആവശ്യം

ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍, സാമുഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും മലയാളിയും ഗുജറാത്ത് മുന്‍ ഡിജിപിയുമായ ആര്‍.ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയില്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി അഭിഭാഷകരും സാമുഹ്യപ്രവര്‍ത്തകരും. കോടതി വിധി, ടീസ്റ്റയും ശ്രീകുമാറും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന കാര്യത്തില്‍ വ്യക്തത തേടിയാണ് അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍, അവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് കത്തയച്ചത്.

ജൂണ്‍ 29ന് അയച്ച കത്തില്‍, മുതിര്‍ന്ന അഭിഭാഷകരായ അഞ്ജന പ്രകാശ്, കെ.എസ് ചൗഹാന്‍, ആനന്ദ് ഗ്രോവര്‍, ഇന്ദിര ജയ്സിംഗ്, സഞ്ജയ് ഹെഗ്ഡെ, ജസ്റ്റിസ് അമര്‍ ശരണ്‍, മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, എഴുത്തുകാരന്‍ തുഷാര്‍ ഗാന്ധി, അവകാശ പ്രവര്‍ത്തക കവിത കൃഷ്ണന്‍, ആര്‍ജെഡി രാജ്യസഭാംഗം മനോജ് കുമാര്‍ ഝാ ഉള്‍പ്പെടെ 304 പേരാണ് ഒപ്പിട്ടിരിക്കുന്നത്. അതേസമയം, ജസ്റ്റിസ് രമണ വിദേശത്താണ്. ഈയാഴ്ച അവസാനത്തോടെയോ അടുത്തയാഴ്ചയോ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുപ്രീം കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്, കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കിനെ ചോദ്യം ചെയ്ത ഇരുവരെയും അറസ്റ്റ് ചെയ്തത്.

2002ലെ കലാപത്തില്‍, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നടപടിയെ ജൂണ്‍ 24ന് സുപ്രീം കോടതി ശരിവച്ചിരുന്നു. സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണമുന്നയിച്ച് സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. മോദി സര്‍ക്കാരില്‍ അസംതൃപ്തരായ ഉദ്യോഗസ്ഥരും മറ്റുള്ളവരും വ്യാജ മൊഴികള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്നും അത്തരക്കാരെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. വിധി വന്ന് പിറ്റേദിവസമാണ്, ഗുജറാത്ത് പൊലീസ് ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. സുപ്രീം കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്, കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കിനെ ചോദ്യം ചെയ്ത ഇരുവരെയും അറസ്റ്റ് ചെയ്തത്.

Narendra Modi
Narendra Modi

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട രണ്ടായിരത്തിലധികം ആളുകള്‍ക്ക് നീതി ലഭ്യമാക്കാന്‍ പോരാടുന്നതിനാലാണ് ടീസ്റ്റയും ശ്രീകുമാറും വേട്ടയാടപ്പെടുന്നതെന്ന് ജൂണ്‍ 29ന് തയ്യാറാക്കിയ കത്തില്‍ പറയുന്നു. നിലവിലെ സര്‍ക്കാര്‍ തിരഞ്ഞെടുത്ത പ്രതികാര നടപടികള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് കോടതി വിധിയെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല. അടിയന്തരാവസ്ഥക്കാലത്തുപോലും, അപ്പീല്‍ ഉള്‍പ്പെടെ നിയമനടപടികള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചവരെ സുപ്രീം കോടതി തടവിലാക്കിയിരുന്നില്ല.

എഡിഎം ജബല്‍പുര്‍ കേസില്‍ പൗരന്മാര്‍ക്കുവേണ്ടി നിലകൊള്ളുന്നതില്‍ കോടതി പരാജയപ്പെട്ടിരിക്കാം. പക്ഷേ, പൗരന്മാര്‍ക്കായി, അവരുടെ നീതിക്കായി കോടതിയില്‍ പോരാടാന്‍ തീരുമാനിച്ചവരെ അത് എതിര്‍ത്തിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1975-77 അടിയന്തിരാവസ്ഥ കാലത്താണ് വിവാദമായ എഡിഎം ജബല്‍പുര്‍ വിധി പുറപ്പെടുവിച്ചത്. നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കാതിരിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതായിരുന്നു വിധി.

ജാമ്യം തേടുമ്പോള്‍, ഇത്തരം വ്യക്തതയില്ലായ്മ കൂടുതല്‍ അനന്തരഫലങ്ങള്‍ ഉണ്ടാക്കിയേക്കാം

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍, അറസ്റ്റിനെ ന്യായീകരിക്കുന്ന സംസ്ഥാന പൊലീസിന്റെ നടപടിയിലുള്ള വേദനയും ആശങ്കയും കത്തില്‍ പങ്കുവെക്കുന്നു. വിധി ഏതെങ്കിലും തരത്തിലുള്ള പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് കോടതി സ്വമേധയാ വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

അന്യായമായി തടവിലാക്കപ്പെട്ടുവെന്ന് ഞങ്ങള്‍ കരുതുന്നവര്‍ക്കായി ജാമ്യം തേടുമ്പോള്‍, ഇത്തരം വ്യക്തതയില്ലായ്മ കൂടുതല്‍ അനന്തരഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. കോടതി വിധിക്കു പിന്നാലെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അതിനെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഗുജറാത്ത് പൊലീസ് ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഈ സംഭവങ്ങളുടെ ക്രമം, കോടതി നടപടികള്‍ക്കും രാജ്യത്തെ നിയമവാഴ്ചയ്ക്കും അത്ര നല്ല സന്ദേശമല്ല നല്‍കുന്നത്. കോടതികളില്‍ നീതിക്കായി പോരാടുന്ന ഒരു ഹര്‍ജിക്കാരനോ സാക്ഷിയോ, അവരുടെ പരിശ്രമങ്ങള്‍ക്ക് ന്യായമായ അര്‍ഹതയില്ലെന്ന് കോടതി കണക്കാക്കിയാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന അപകരകരമായ സാധ്യതയുള്ളതായി തോന്നുന്നു.

Teesta Setalvad, R.B Sreekumar
'അവര്‍ പറഞ്ഞെങ്കില്‍ പിന്തുണച്ചേനെ' ദ്രൗപുദി മര്‍മുവിനെക്കുറിച്ചുള്ള മമതയുടെ പ്രസ്താവന വിവാദത്തില്‍
Supreme Court
Supreme Court

ഒരു വ്യക്തിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിയമ നടപടി സ്വീകരിക്കണമെങ്കില്‍, അതിനുമുമ്പ് നോട്ടീസ് നല്‍കണമെന്ന് നിയമം പറയുന്നതിനാല്‍, ആര്‍ക്കെങ്കിലുമെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ നടപടിയെടുക്കാനോ, നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനോ ഉദ്ദേശിച്ചുള്ളതല്ല, 'ഇത്തരം ദുരുപയോഗ പ്രക്രിയയില്‍' ഉള്‍പ്പെട്ടവരെ നിയമത്തിനുമുന്നില്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ വിധിന്യായമെന്ന് കരുതുന്നു.

കേസുമായി ബന്ധപ്പെട്ട നടപടികളില്‍, കോടതി ആര്‍ക്കെങ്കിലും കള്ളസാക്ഷ്യം പറഞ്ഞതിനോ കോടതിയലക്ഷ്യത്തിനോ നോട്ടീസ് നല്‍കിയിട്ടില്ല. മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചോ, അത്തരമൊരു മുന്നറിയിപ്പോ വിധിയില്‍ സൂചിപ്പിക്കുന്നില്ല. നിയമത്തിന്റെ കാലതാമസത്തില്‍, ഹര്‍ജിക്കാരെയോ അവരെ സഹായിക്കുന്ന ആളുകളെയോ ഒരു തരത്തിലും കുറ്റപ്പെടുത്താനാവില്ലെന്നും കത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in