തേജസ്വി യാദവ്
തേജസ്വി യാദവ്

പുതിയ വാഹനങ്ങള്‍ വേണ്ട, ചടങ്ങുകളില്‍ പൂവിനും പൂച്ചെണ്ടിനും പകരം പുസ്തകങ്ങളും പേനകളും; നിര്‍ദേശങ്ങളുമായി തേജസ്വി യാദവ്

ജനതാദളിനെതിരെ ബിജെപിയുടെ 'ജംഗിള്‍രാജ്' പരാമര്‍ശത്തിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രതിച്ഛായ മാറ്റാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍

ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ചടങ്ങുകളില്‍ പൂക്കളും പൂച്ചെണ്ടുകളും നല്‍കുന്നതിന് പകരം പുസ്തകങ്ങളും പേനകളും നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ശനിയാഴ്ച ഉച്ചയോടെ മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

മന്ത്രിമാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ പാടില്ല എന്നതാണ് ആറ് നിര്‍ദേശങ്ങളില്‍ ആദ്യത്തേത്. മന്ത്രിമാര്‍ എല്ലാവരോടും മാന്യമായി പെരുമാറണമെന്നും, നമസ്തേയും അദാബും ഉപയോഗിച്ച് അഭിവാദ്യം ചെയ്യുന്ന രീതി ശീലിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. പ്രവര്‍ത്തകരും അനുഭാവികളും മന്ത്രിമാരുടെ കാലില്‍ തൊട്ടു വന്ദിക്കുന്ന പതിവ് നിര്‍ത്തണമെന്നും മന്ത്രിമാര്‍ അത്തരത്തില്‍ കാലില്‍ തൊടാന്‍ അനുവദിക്കരുതെന്നും തേജസ്വി യാദവ് നിര്‍ദേശം നല്‍കി.

പൂക്കളും പൂച്ചെണ്ടുകളും സമ്മാനമായി നല്‍കുന്നതിനുപകരം, പുസ്തകങ്ങളും പേനകളും കൈമാറുന്നത് പ്രോത്സാഹിപ്പിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ദരിദ്ര ജനവിഭാഗങ്ങളിലെ ആളുകളുമായി ഇടപെടുമ്പോള്‍ മന്ത്രിമാര്‍ പക്ഷപാതമില്ലാത്തവരായിരിക്കണമെന്നും, ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ പെരുമാറരുതെന്നും നിര്‍ദേശമുണ്ട്.

ഓരോ മന്ത്രിമാരും തങ്ങളുടെ വകുപ്പില്‍ സത്യസന്ധതയും സുതാര്യതയും കൃത്യനിഷ്ഠയും പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വെക്കുന്നു.വകുപ്പുകളുടെ പ്രവര്‍ത്തന പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാന്‍ മന്ത്രിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും പദ്ധതികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനും ഇതുവഴി സാധിക്കും.

ജനതാദളിനെതിരെ കൊലപാതകങ്ങളുള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച ബിജെപി, പാര്‍ട്ടി 'ജംഗിള്‍ രാജ്' ആണെന്ന വിമര്‍ശവും ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറ്റാനുള്ള യാദവിന്റെ ശ്രമമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. സ്വതന്ത്ര എംഎല്‍എ സുമിത് കുമാര്‍ സിംഗ് നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ 163 പേരുണ്ടായിരുന്ന ബിഹാര്‍ മഹാസഖ്യത്തിന്റെ അംഗങ്ങളുടെ എണ്ണം 164 ആയി ഉയര്‍ന്നു. ഓഗസ്റ്റ് 24ന് ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനൊരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍.

logo
The Fourth
www.thefourthnews.in