വികസന പദ്ധതികളുടെ ഉദ്‌ഘാടനവുമായി പ്രധാനമന്ത്രി തെലങ്കാനയിൽ; മോദിയെ  ബഹിഷ്‌കരിച്ച് വീണ്ടും കെ സി ആർ

വികസന പദ്ധതികളുടെ ഉദ്‌ഘാടനവുമായി പ്രധാനമന്ത്രി തെലങ്കാനയിൽ; മോദിയെ ബഹിഷ്‌കരിച്ച് വീണ്ടും കെ സി ആർ

സർക്കാരിന്റെ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര പദ്ധതികളുടെ ഉദ്‌ഘാടനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കേന്ദ്ര പദ്ധതികളുടെ ഉദ്‌ഘാടന പരിപാടികൾ തുടർച്ചയായി ബഹിഷ്‌കരിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഹൈദരാബാദിൽ നടന്ന സെക്കന്ദരാബാദ് - തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉൾപ്പെടെ ശനിയാഴ്ച സംസ്ഥാനത്ത് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത എല്ലാ പരിപാടികളിൽ നിന്നും കെസിആർ വിട്ടു നിന്നു. ബീഗംപേട്ട് വിമാനത്താവളത്തിൽ കെസിആറിന്റെ അഭാവത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചത് ഗവർണർ തമിളിസൈ സൗന്ദരാജനാണ്. സർക്കാർ വകുപ്പ് തലവന്മാർ ആരും തന്നെ സംസ്ഥാന സർക്കാർ പ്രതിനിധികളായി എത്തിയില്ല . പ്രോട്ടോക്കോൾ പ്രകാരം എല്ലാ പരിപാടികൾക്കും തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫിസിന് ഔദ്യോഗികമായി ക്ഷണമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസം ഹൈദരാബാദിൽ നടന്ന പ്രധാനമന്ത്രിയുടെ എല്ലാ പരിപാടികളും മുഖ്യമന്ത്രി ബഹിഷ്കരിച്ചിരുന്നു .

അതേസമയം, ബിആർഎസിന്റെയും ( നേരത്തെ ടി ആർ എസ്‌) കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധ പരിപാടികൾ ഹൈദരാബാദിൽ നടന്നു. ബി ആർ എസ്‌, കോൺഗ്രസ് പ്രവർത്തകരെ പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കരുതൽ തടങ്കലിലാക്കിയിരുന്നു. പരിപാടി ബഹിഷ്കരിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിആർഎസ്‌ രംഗത്തുവന്നു. തെലങ്കാനയെ കേന്ദ്രസർക്കാർ തുടർച്ചയായി അവഗണിക്കുന്നതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പാർട്ടിയുടെ വിമർശനം.

അതേസമയം, ഭരണകക്ഷിയായ ബിആർഎസിനെതിരെയും ചന്ദ്രശേഖര റാവുവിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമർശനമുന്നയിച്ചു. തെലങ്കാനയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവിധ പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ കേന്ദ്രവുമായി സഹകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഈ വർഷം ഡിസംബറിൽ തെലങ്കാന നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയായിരുന്നു തെലങ്കാന രാഷ്ട്രസമിതിയുടെ ഗുലാബി ജണ്ട തെലങ്കാനയുടെ ആകാശത്ത് പാറിപ്പറന്നത്. ഭരണതുടർച്ചയിൽ ഹാട്രിക് പ്രതീക്ഷിക്കുന്ന കെ ചന്ദ്രശേഖർ റാവു കരുതലോടെയുള്ള കരുനീക്കമാണ് തെലങ്കാനയിൽ നടത്തുന്നത്. സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ ശക്തമായ നിലപാടെടുത്തില്ലെങ്കിൽ ഭരണം നഷ്ടമാകുമെന്ന ഭീതിയിലാണ് ബിആർഎസ്‌. ബിജെപിക്കെതിരെ തെലങ്കാനയിൽ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിക്കണമെന്ന് ചന്ദ്രശേഖർ റാവു ആഹ്വാനം ചെയ്തിരുന്നു.

മകൾ കെ കവിതയ്ക്കെതിരെയുള്ള മദ്യ ലൈസൻസ് അഴിമതിക്കേസ്‌ ഉൾപ്പെടെ ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയമായി ഉയർത്തിക്കാട്ടുകയാണ് ചന്ദ്രശേഖർ റാവു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റായിരുന്നു ബിജെപിക്ക് തെലങ്കാനയിൽ നിന്ന് ലഭിച്ചത്. എന്നാൽ തുടർന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി നേട്ടമുണ്ടാക്കിയതോടെ തെലങ്കാന മുഖ്യമന്ത്രി കെസിആറും സംഘവും ആശങ്കയിലായി. നേരത്തെ തെലങ്കാന രാഷ്ട്ര സമിതി ആയിരുന്ന പാർട്ടിക്ക് ദേശീയ പാർട്ടി അംഗീകാരം ലഭിക്കാൻ ഭാരതീയ രാഷ്ട്ര സമിതി എന്ന് പുനർനാമകരണം ചെയ്ത് ദക്ഷിണേന്ത്യയിലെ മറ്റ് പ്രതിപക്ഷ പാർട്ടികളുമായൊക്കെ ഐക്യമുണ്ടാക്കി നീങ്ങുകയാണ് കെസിആർ. മകൾ കെ കവിതയ്ക്കെതിരെയുള്ള മദ്യ ലൈസൻസ് അഴിമതിക്കേസ്‌ ഉൾപ്പെടെ ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയമായി ഉയർത്തിക്കാട്ടുകയാണ് ചന്ദ്രശേഖർ റാവു. അതേസമയം, 2014ല്‍ ചന്ദ്രശേഖർ റാവു തെലങ്കാനയുടെ പ്രഥമ മുഖ്യമന്ത്രി ആയത് തെലങ്കാന വികാരം ആളി കത്തിച്ച് ഐക്യ ആന്ധ്രയെ വിഭജിച്ചായിരുന്നു.

അതിനിടെ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം പുകയുകയാണ്. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അഴഗിരിയുടെ നേതൃത്വത്തിൽ ചെന്നൈ വള്ളുവർ കോട്ടത്ത് പ്രതിഷേധം തുടരുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ അഞ്ഞൂറിലധികം പാർട്ടി പ്രവർത്തകർ കരിങ്കൊടിയും കറുത്ത ഷർട്ടും ധരിച്ചാണ് പ്രതിഷേധിക്കുന്നത്. മോദി ചെന്നൈയിലെത്തിയത് ഇന്ന് ഉച്ചയോടെയാണ്. ചെന്നൈ പോലീസ് ഇന്നലെ രാത്രി ജില്ലാ നേതാക്കളെയും പാർട്ടി ഭാരവാഹികളെയും വീട്ടുതടങ്കലിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വള്ളുവർ കോട്ടം മേഖലയിൽ കോൺഗ്രസിന് പ്രതിഷേധ പ്രകടനം നടത്താൻ പോലീസ് അനുമതി നൽകിയത്.

logo
The Fourth
www.thefourthnews.in