മുഖ്യമന്ത്രി-ഗവർണർ പോര്; ഹൈക്കോടതി നിർദേശിച്ചിട്ടും റിപ്പബ്ലിക്ക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ

മുഖ്യമന്ത്രി-ഗവർണർ പോര്; ഹൈക്കോടതി നിർദേശിച്ചിട്ടും റിപ്പബ്ലിക്ക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ

തുടർച്ചയായി ഇത് മൂന്നാം തവണയാണ് കോവിഡ് മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയ്യാറാകാത്തത്

ഹെെക്കോടതി നിര്‍ദേശം ഉണ്ടായിട്ടും പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക്ക് ദിനാഘോഷം നടത്താതെ തെലങ്കാന സര്‍ക്കാര്‍. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ ഇത്തവണയും കെസിആർ സർക്കാർ പരേഡ് നടത്തിയില്ല. തുടർച്ചയായി ഇത് മൂന്നാം തവണയാണ് കോവിഡ് മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയ്യാറാകാത്തത്. അതേസമയം, മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ഗവർണറും തമ്മിലുള്ള തർക്കത്തിനിടെ ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജ്ഭവനിൽ ത്രിവർണ പതാക ഉയർത്തി. രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശവും ഗവർണർ വായിച്ചു. എന്നാല്‍, മുഖ്യമന്ത്രി കെസിആർ ചടങ്ങിൽ പങ്കെടുത്തില്ല.

കേന്ദ്ര മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് പരേഡ് ​ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ കെസിആർ സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതാണ് മുഖ്യമന്ത്രി ലംഘിച്ചത്. സർക്കാരിനെ പ്രതിനിധീകരിച്ച്  ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. 

അഭിഭാഷകനായ കെ ശ്രീനിവാസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍, ജസ്റ്റിസ് പി മാധവി ദേവി അധ്യക്ഷയായ തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി റിപ്പബ്ലിക്ക് ദിനാഘേഷങ്ങള്‍ നടത്തണെമന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി റിപ്പബ്ലിക്ക് ദിന പരേഡ് സെക്കന്തരബാദിലെ ഗ്രൗണ്ടില്‍ വച്ച് നടത്താന്‍ സാധിച്ചിരുന്നില്ല. ഇത്തവണയും കോവിഡ് കാരണം ആഘോഷങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്നും രാജ്ഭവനില്‍ ആഘോഷങ്ങള്‍ നടക്കുമെന്നും ഗവര്‍ണറെ അറിയിച്ചതായി, സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ബി എസ് പ്രസാദ് പറഞ്ഞു.

തെലങ്കാന ഗവര്‍ണറും മുഖ്യമന്ത്രി ചന്ദ്രശേഖര റാവും തമ്മിലുളള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് റിപ്പബ്ലിക്ക് ദിനാഘോഷവും ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുമായി തര്‍ക്കം തുടരുന്ന തമിഴിസൈ സൗന്ദരരാജന്‍ മുഖ്യമന്ത്രിയെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in