വ്യാജ സന്ദേശങ്ങൾ അയച്ച് തട്ടിപ്പ്; ചൈനീസ് നിർമിത 120 ഹെഡറുകൾ ബ്ലോക്ക് ചെയ്ത് ടെലികോം അധികൃതർ

വ്യാജ സന്ദേശങ്ങൾ അയച്ച് തട്ടിപ്പ്; ചൈനീസ് നിർമിത 120 ഹെഡറുകൾ ബ്ലോക്ക് ചെയ്ത് ടെലികോം അധികൃതർ

സന്ദേശമയയ്‌ക്കുന്നയാളുടെ ബ്രാൻഡിനെയോ കമ്പനിയുടെ പേരിനെയോ പ്രതിനിധീകരിക്കുന്ന രീതിയിൽ പ്രതീകങ്ങളെയോ അക്കങ്ങളെയോ പ്രത്യേകരീതിയിൽ സജ്ജീകരിക്കുന്നതിനെയാണ് സെൻഡർ ഐഡി അല്ലെങ്കിൽ ഹെഡർ എന്ന് പറയുന്നത്

ഉപഭോക്താക്കൾക്ക് ബൾക്ക് മെസ്സേജുകൾ അയച്ച ചൈനീസ് നിർമിത നൂറ്റി ഇരുപതോളം ഹെഡറുകൾ ബ്ലോക്ക് ചെയ്ത് ടെലികോം അധികൃതർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനിടെ ഇത്രയും ഹെഡറുകൾ തടഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) നടത്തിയ അന്വേഷണത്തിലാണ് ഹെഡറുകൾ ചൈനയിൽ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞത്.

സന്ദേശമയയ്‌ക്കുന്നയാളുടെ ബ്രാൻഡിനെയോ കമ്പനിയുടെ പേരിനെയോ പ്രതിനിധീകരിക്കുന്ന രീതിയിൽ പ്രതീകങ്ങളെയോ അക്കങ്ങളെയോ പ്രത്യേകരീതിയിൽ സജീകരിക്കുന്നതിനെയാണ് സെൻഡർ ഐഡി അല്ലെങ്കിൽ ഹെഡർ എന്ന് പറയുന്നത്. ഉപഭോക്താക്കൾക്കും ഉപയോക്താക്കൾക്കും ബൾക്ക് ടെസ്റ്റുകൾ (എസ്എംഎസ്) അയക്കാൻ ബാങ്കുകളും മാർക്കറ്റിങ് കമ്പനികളും യൂട്ടിലിറ്റി ദാതാക്കളും സർക്കാർ ഓഫീസുകളും ഹെഡർ ഉപയോഗിക്കാറുണ്ട്. സർക്കാരിന്റെയും പ്രമുഖ ബ്രാൻഡുകളുടെയും ഹെഡറുകൾ ഉപയോഗിച്ച് വലിയ രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്.

സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നടത്തിയ അന്വേഷണത്തിന് ശേഷം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സജീവമായതോ പ്രവർത്തനരഹിതമായതോ ആയ ഇത്തരം ഹെഡറുകളെ സംബന്ധിച്ച് 30 ദിവസത്തിനകം വിശദീകരണം നൽകാൻ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു

"പശ്ചിമ ബംഗാൾ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്റെ ഹെഡർ ആയ WBSEDC ഉപയോഗിച്ച് ഒരു ചൈനീസ് കേന്ദ്രത്തിൽനിന്ന് തട്ടിപ്പ് നടത്തതാൻ ശ്രമിച്ചിട്ടുണ്ട്. ഈ ഹെഡർ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഫോണിലേക്ക് ലിങ്കുകൾ അടങ്ങിയ മെസേജുകൾ അയക്കും. അത് ക്ലിക്കുചെയ്യുമ്പോൾ ഹാക്കർക്ക് ആ വ്യക്തിയുടെ ഫോണിലേക്ക് ആക്സസ് ലഭിക്കുന്നതിനാൽ ഉപഭോക്താവിന് സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. ഹെഡർ യഥാർത്ഥത്തിൽ സംസ്ഥാന വൈദ്യുതി വിതരണ കമ്പനിയുടേതായതിനാൽ ഉപഭോക്താക്കൾ പെട്ടെന്ന് തട്ടിപ്പിനിരയാകുന്നു," ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.

മൂന്ന് വർഷത്തോളമായി തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും അടുത്തിടെയാണ് മന്ത്രാലയത്തിന് പ്രശ്നത്തെ സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചത്. ബ്ലോക്ക് ചെയ്ത എല്ലാ ഹെഡറുകളുടെയും ഐപി വിലാസങ്ങൾ ചൈനയുടേതാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നടത്തിയ അന്വേഷണത്തിന് ശേഷം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സജീവമായതോ പ്രവർത്തനരഹിതമായതോ ആയ ഇത്തരം ഹെഡറുകളെ സംബന്ധിച്ച് 30 ദിവസത്തിനകം വിശദീകരണം നൽകാൻ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

ഹെഡറുകളുടെയും സന്ദേശ ടെംപ്ലേറ്റുകളുടെയും ദുരുപയോഗം തടയുന്നതിനായി ഫെബ്രുവരി 16-ന് രജിസ്റ്റർ ചെയ്യാത്ത എല്ലാ ഹെഡറുകളും സന്ദേശ ടെംപ്ലേറ്റുകളും പുനഃപരിശോധിക്കാനും ബ്ലോക്ക് ചെയ്യാനും ആക്സസ് സേവന ദാതാക്കൾക്ക് ട്രായ് നിർദ്ദേശം നൽകിയിരുന്നു. ഇതിനുമുൻപും സമാനമായ തട്ടിപ്പുകളെ ക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിട്ടുണ്ട്.

logo
The Fourth
www.thefourthnews.in