'ഇന്ത്യയിൽ സത്യം പറയുന്നത് കുറ്റകൃത്യമാക്കുന്നു' ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനിടെ ഓസ്ട്രേലിയൻ സെനറ്റർ

'ഇന്ത്യയിൽ സത്യം പറയുന്നത് കുറ്റകൃത്യമാക്കുന്നു' ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനിടെ ഓസ്ട്രേലിയൻ സെനറ്റർ

ചൈനയെ ചോദ്യം ചെയ്യാതെ അംഗീകരിച്ചതിന്റെ പാഠങ്ങൾ ഓസ്ട്രേലിയ ഇന്ത്യയുടെ കാര്യത്തിൽ ഓർക്കണമെന്നും സെനറ്റർ

ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശന വേളയിൽ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ കാൻബറയിലെ ഓസ്ട്രേലിയൻ പാർലമെന്റ് ഹൗസിൽ പ്രദർശിപ്പിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്റ്റി ഇന്ത്യയിൽ നിരോധിച്ചിരുന്നു. സിഡ്‌നിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി മോദി ഉഭയകക്ഷി ചർച്ച നടത്തിയ ദിവസമാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

ആംനസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്നാണ് ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ച ശേഷം, ഓസ്‌ട്രേലിയൻ ഗ്രീൻസ് പാർട്ടിയുടെ പ്രതിനിധി സെനറ്റർ ജോർദാൻ സ്റ്റീൽ-ജോൺ, ഡേവിഡ് ഷൂബ്രിഡ്ജ്, തടവില്‍ കഴിയുന്ന ഗുജറാത്ത് മുന്‍ പോലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാഷി ഭട്ട്, സൗത്ത് ഏഷ്യൻ സോളിഡാരിറ്റി ഗ്രൂപ്പിലെ ഡോ. കൽപ്പന വിത്സൺ എന്നിവരടങ്ങിയ ഒരു പാനൽ ചർച്ചയും നടന്നു.

'ഇന്ത്യയിൽ സത്യം പറയുന്നത് കുറ്റകൃത്യമാക്കുന്നു' ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനിടെ ഓസ്ട്രേലിയൻ സെനറ്റർ
ഓസ്ട്രേലിയൻ പാര്‍ലമെന്റ് ഹാളിൽ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; പാനൽ ചർച്ചയിൽ സഞ്ജീവ് ഭട്ടിന്റെ മകളും

“ഇന്ത്യയിൽ, സത്യം പറയുന്നത് ഒരു കുറ്റമാണ്. ഇന്ത്യയിലെ ജനങ്ങൾ അവിടത്തെ ഭരണത്തിൻ കീഴിൽ എന്താണ് അനുഭവിക്കുന്നത് എന്നതിന്റെ ഒരു ചെറിയ സൂചനയാണ് ഈ സിനിമ,” - ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു. ''ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന നിരവധി ഇന്ത്യക്കാരോട് സംസാരിച്ചു. ഇന്ത്യയിൽ സ്വതന്ത്ര്യമായി സംസാരിക്കുന്നതിന് ബുദ്ധിമുട്ടാണ്. കുടുംബങ്ങൾ അപ‌കടത്തിലാകുമെന്ന് പലരും ഭയപ്പെടുന്നു. ഇന്ത്യയിലേക്ക് തിരികെപ്പോയാൽ അവരും അപകടത്തിലാകുമെന്ന് ഭയന്നാണ് പലരും ഓസ്ട്രേലിയയ്ക്കായി ജോലി ചെയ്യുന്നത്'' - അദ്ദേ​ഹം പറഞ്ഞു. ഇരുപത് വർഷം മുമ്പ്, ചൈനയെ ചോദ്യം ചെയ്യാതെ കെട്ടിപ്പിടിക്കുകയും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയിലൂടെ ഓസ്‌ട്രേലിയ കടന്നുപോയി. ആ പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോക്യുമെന്ററിയിൽ കണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണെന്ന് സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാഷി ഭട്ട് പറഞ്ഞു. കലാപത്തിന് പിന്നാലെ ഗുജറാത്ത് മാസങ്ങളോളം കത്തുകയായിരുന്നുവെന്നും മുസ്ലീങ്ങൾ നിഷ്കരുണം ലക്ഷ്യമാക്കപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. ​ഗുജറാത്ത് കലാപത്തിന്റെ യാഥാർത്ഥ്യങ്ങൾ കോടതിയിൽ വെളിപ്പെടുത്തിയതിന് പിന്നാലെ കള്ളക്കേസിൽ കുടുക്കിയ ആകാഷിയുടെ അച്ഛനും ​ഗുജറാത്തിലെ മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥനുമായ സഞ്ജീവ് ഭട്ട് ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

ഇന്ത്യയിലെ വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് മോദിയുമായി സംസാരിക്കുന്നതിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് ജോർദാൻ സ്റ്റീൽ-ജോൺ പറഞ്ഞു. ഇരുവരും തമ്മിലുളള ആശയവിനിമയം കണ്ടിട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തനിക്ക് നിരാശയാണ് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി ആന്തണി ആൽബനീസിനോടും വിദേശകാര്യ മന്ത്രിയോടും വളരെ വ്യക്തമായി പറഞ്ഞതാണെന്നും എന്നാൽ, ഇക്കാര്യം മോദിയോട് പങ്കുവയ്ക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതിൽ തനിക്ക് രോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള ബന്ധത്തെ ആഴത്തിൽ വിലമതിക്കുന്ന ഒരു രാഷ്ട്രത്തിന്റെ തലവൻ എന്ന നിലയിൽ ആൽബനീസും വിദേശകാര്യ മന്ത്രി പെന്നി വോംഗും വിമർശനാത്മക സുഹൃത്തുക്കളായി സംസാരിക്കണമെന്ന് പലരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉയർത്തിക്കാട്ടാൻ രാഷ്ട്രീയ തന്ത്രമെന്ന നിലയിൽ വെള്ളക്കാരായ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ മോദി വെളിപ്പെടുത്തിയിട്ടുണ്ട്. അത് വിളിച്ചു പറയേണ്ടത് പ്രധാനപ്പെട്ട കാര്യവുമാണ്. അതേസ‌മയം, മാധ്യമപ്രവർത്തകരോടും മുസ്ലീങ്ങളോടും ന്യൂനപക്ഷങ്ങളോടും എങ്ങനെ പെരുമാറുന്നുവെന്നതും തുറന്നുപറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനധികൃത നിര്‍മ്മാണമെന്ന് വിധിച്ച്, സജ്ഞീവ് ഭട്ടിന്‍റെ വീടിന്‍റെ ഒരു ഭാഗം അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേന്‍ ഇടിച്ചുനിരത്തിയ കാര്യം ആകാശിഭട്ട് വെളിപ്പെടുത്തിയിരുന്നു. നിയമവാഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാൻ ഇത് മതിയായിരുന്നു ഷൂബ്രിഡ്ജ് ചൂണ്ടിക്കാട്ടി. ഇക്കാര്യമെങ്കിലും ആൽബനീസിന് മോദിയെ ചോദ്യം ചെയ്യാൻ ഉപയോ​ഗിക്കാമായിരുന്നുവെന്നും, എങ്ങനെയാണ് നമ്മുടെ പ്രധാനമന്ത്രിക്ക് ഇന്ത്യാ ഗവൺമെന്റുമായി കൂടിക്കാഴ്ച നടത്താനും ആ വിഷയങ്ങൾ മേശപ്പുറത്ത് വയ്ക്കാതിരിക്കാനും കഴിഞ്ഞെതെന്നും ഷൂബ്രിഡ്ജ് ചോദിച്ചു. ഇത് വെളിവാക്കുന്നത് നേതൃപാടവത്തിന്റെ അഭാവമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അന്താരാഷ്ട്ര സമൂഹത്തിൽ നിസ്സംഗതയുണ്ടെന്ന ആശയത്തിനപ്പുറത്തേക്ക് പോയി മോദിയുടെ സഖ്യകക്ഷികൾ ആരാണെന്ന് നോക്കണമെന്ന് ഡോ കൽപ്പന വിൽസൺ പറഞ്ഞു. ”ലോകമെമ്പാടുമുള്ള തീവ്ര വലതുപക്ഷ ഭരണകൂടങ്ങൾ തമ്മിൽ ഒരു സഖ്യമുണ്ട് എന്നതാണ് ഒരു വശം. അവർ മോദിയെയും അദ്ദേഹം ചെയ്യുന്നതിനെയും അവർ ആഗ്രഹിക്കുന്നതിന്റെ മാതൃകയായി കാണുന്നു. ട്രംപിനെയും ബോൾസോനാരോയെയും പോലെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്ന ചില സഖ്യകക്ഷികൾ വോട്ട് ചെയ്തു. ഹിന്ദു മേൽക്കോയ്മയുടെ വിദ്വേഷത്തെ ഇന്ത്യക്കാർ വിയോജിക്കുന്നത് ഞങ്ങൾ കാണുന്നു. സവർണ്ണർ ചെയ്യുന്നതിനെതിരെ താഴെത്തട്ടിൽ നിന്ന് ചെറുത്തുനിൽപ്പുണ്ട്, ”ഡോ കൽപ്പന വിൽസൺ പറഞ്ഞു.

logo
The Fourth
www.thefourthnews.in