അഴിമതി കേസ്: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ

അഴിമതി കേസ്: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ

ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്രാപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തു. എപി സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകളാണ് നായിഡുവിനെതിരെ ചുമത്തിയിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്രാപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചന്ദ്രബാബു നായിഡുവിനെ വൈദ്യപരിശോധനയ്ക്കായി നന്ദ്യാൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും രേഖകളും കോടതിയിൽ നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിൽ പുലർച്ചെ 3 മണിയോടെയാണ് കസ്റ്റഡിയിലെടുക്കാനെത്തിയത്. നഗരത്തിലെ ടൗൺ ഹാളിൽ ഒരു പരിപാടിക്ക് ശേഷം തന്റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു നായിഡു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേഷണവും പോലീസ് തടഞ്ഞു. 

പൊതുപണം കൊള്ളയടിച്ച ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാപ്രദേശ് സാമൂഹികക്ഷേമ മന്ത്രി മെരുഗ നാഗാർജുന വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ''ഹൈദരാബാദിലെ ലേക് വ്യൂ ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കായി 10 കോടി രൂപയാണ് ചന്ദ്രബാബു ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനായി 10 കോടി രൂപയും ചാർട്ടേഡ് വിമാനങ്ങൾക്ക് 100 കോടി രൂപയും ധർമ സമര ദീക്ഷകൾക്കായി 80 കോടി രൂപയും അദ്ദേഹം ചെലവഴിച്ചു''- മെരുഗ നാഗാർജുന താഡപള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

2021ലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്.

logo
The Fourth
www.thefourthnews.in