കോഷിയാരിയുടെ പടിയിറക്കം; ബിജെപി ബാധ്യത ഒഴിവാക്കിയതോ, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയമോ?

കോഷിയാരിയുടെ പടിയിറക്കം; ബിജെപി ബാധ്യത ഒഴിവാക്കിയതോ, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയമോ?

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർക്കാർ വിഷയങ്ങളിൽ കോഷിയാരി അനാവശ്യ ഇടപെടൽ നടത്തുന്നതായി വ്യാപക ആരോപണങ്ങൾ ശിവസേന ഉയർത്തിയിരുന്നു.

മഹാരാഷ്ട്രയിലെ ഗവർണറായിരുന്ന ഭഗത് സിങ് കോഷിയാരിയുടെ രാജി സർക്കാരിന് ഉൾപ്പെടെ ചെറിയ ആശ്വാസമാകുന്നുണ്ടെങ്കിലും രാഷ്ട്രീയ വിജയമായിരിക്കുന്നത് പ്രതിപക്ഷത്തിനാണ്. വിശാല പ്രതിപക്ഷ സഖ്യവുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന കോഷിയാരിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചത് എൻസിപി- ശിവസേന (താക്കറെ) വിഭാഗത്തിന്റെ രാഷ്ട്രീയ വിജയമെന്ന നിലയ്ക്കാണ് വിലയിരുത്തപ്പെടുന്നത്. 2019 മുതൽ കോഷിയാരിയുടെ രാജി ശിവസേന നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർക്കാർ വിഷയങ്ങളിൽ കോഷിയാരി അനാവശ്യ ഇടപെടൽ നടത്തുന്നതായി വ്യാപക ആരോപണങ്ങൾ ശിവസേന ഉയർത്തിയിരുന്നു. അതിനെല്ലാം ഒടുവിലാണ് ഇപ്പോൾ കോഷിയാരി രാജി വെച്ചൊഴിയുന്നത്.

ഗുജറാത്തികളും രാജസ്ഥാനികളും മഹാരാഷ്ട്രയിൽ നിന്ന് പോയാൽ സംസ്ഥാനത്ത് പണമൊന്നും അവശേഷിക്കില്ലെന്ന കോഷിയാരിയുടെ പ്രസ്താവന, ബിജെപി- ശിവസേന (ഷിൻഡെ) പക്ഷത്തിനെയും പ്രതിസന്ധിയിലാക്കിയിരുന്നു

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ബിജെപി-ശിവസേന തർക്കത്തിനിടയിൽ, 2019 നവംബറിൽ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനും എൻസിപിയുടെ അജിത് പവാറിനും രഹസ്യചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തത് കോഷിയാരി ആയിരുന്നു. ഇത് ശിവസേനയുമായുള്ള ബന്ധം വഷളാക്കാൻ കാരണമായിരുന്നു. പിന്നാലെ ഗവർണറെ പുറത്താക്കണമെന്ന് ശിവസേന വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു.

കോഷിയാരിയുടെ രാജി സ്വീകരിച്ച രാഷ്ട്രപതിയുടെ നടപടിയെ സ്വാഗതം ചെയ്ത് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം രംഗത്ത് വന്നിരുന്നു. മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണെന്നായിരുന്നു താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെയുടെ പ്രതികരണം. “മഹാരാഷ്ട്രയ്ക്ക് വൻ വിജയം! മഹാരാഷ്ട്ര വിരുദ്ധ ഗവർണറുടെ രാജി ഒടുവിൽ സ്വീകരിച്ചു! ഛത്രപതി ശിവജി മഹാരാജ്, മഹാത്മാ ജ്യോതിബ ഫൂലെ , സാവിത്രി ബായി ഫൂലെ എന്നിവരെയും നമ്മുടെ ഭരണഘടനയെയും നിയമസഭയെയും ജനാധിപത്യ ആശയങ്ങളെയും നിരന്തരം അപമാനിച്ച അദ്ദേഹത്തെ ഗവർണറായി അംഗീകരിക്കാൻ കഴിയില്ല, ”ആദിത്യ താക്കറെ ട്വിറ്ററിൽ കുറിച്ചു. തീരുമാനത്തെ പിന്തുണച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും രംഗത്ത് വന്നു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച എൻസിപിയുടെ മഹാരാഷ്ട്ര അധ്യക്ഷൻ ജയന്ത് പാട്ടീൽ, പുതിയ ഗവർണർ 'ബിജെപിയുടെ കളിപ്പാവ' ആയിരിക്കില്ലെന്ന് വിശ്വസിക്കുന്നു എന്നും ട്വീറ്റ് ചെയ്തു.

ഗവർണറായിരിക്കെ കോഷിയാരി നടത്തിയ പരാമർശങ്ങളും ഇടപെടലുകളും നിരവധി വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ശിവജിയെ കുറിച്ചും സാവിത്രി ഭായിയെയും ജ്യോതിറാവു ഫൂലെയെയും കുറിച്ചുമുള്ള പരാമർശങ്ങൾ മറാത്താ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത വിമർശനങ്ങൾക്ക് കാരണമായി. കഴിഞ്ഞ വർഷം നവംബറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ഛത്രപതി ശിവജി 'പഴയ കാലത്തെ ഹീറോ' ആണെന്നായിരുന്നു വിശേഷിപ്പിച്ചത്. കൂടാതെ ഗുജറാത്തികളും രാജസ്ഥാനികളും മഹാരാഷ്ട്രയിൽ നിന്ന് പോയാൽ സംസ്ഥാനത്ത് പണമൊന്നും അവശേഷിക്കില്ലെന്ന കോഷിയാരിയുടെ പ്രസ്താവന, ബിജെപി- ശിവസേന (ഷിൻഡെ) പക്ഷത്തിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഈ വിധ സംഭവങ്ങൾക്ക് പിന്നാലെയാണ് കോഷിയാരി പ്രധാനമന്ത്രിയോട് രാജി സന്നദ്ധത അറിയിക്കുന്നത്. എന്നാൽ ഒരു മാസത്തിന് ശേഷം ഞായറാഴ്ചയാണ് രാഷ്‌ട്രപതി കോഷിയാരിയുടെ രാജി സ്വീകരിച്ചത്.

logo
The Fourth
www.thefourthnews.in