തീവ്രവാദത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുതെന്ന് അമിത് ഷാ; ചൈനയേയും പാകിസ്താനെയും വിമർശിച്ച് മോദി

തീവ്രവാദത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുതെന്ന് അമിത് ഷാ; ചൈനയേയും പാകിസ്താനെയും വിമർശിച്ച് മോദി

ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രതികരണം

ഭീകരവാദത്തിന് പണം നൽകുന്നത് ഭീകരപ്രവർത്തനത്തേക്കാള്‍ ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദത്തെ ഒരു മതവുമായും ബന്ധപ്പെടുത്തേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു. ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണ് തീവ്രവാദം എന്ന് നിസംശയം പറയാം. പക്ഷെ ഭീകരവാദത്തേക്കാൾ ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകുന്നത് കൂടുതൽ അപകടകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ രാജ്യവുമായോ ഗ്രൂപ്പുകളുമായോ ബന്ധപ്പെടുത്തേണ്ടതില്ല. ഭീകരതയ്ക്കെതിരെ പോരാടുന്നതിന് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളും നിയമവശങ്ങളും സാമ്പത്തിക നയങ്ങളും കൂടുതൽ ശക്തിപ്പെടുത്തി. ഭീകരപ്രവർത്തനത്തിന് പണം ചെലവഴിക്കുന്നത് ലോകരാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥയെ അസ്ഥിരപ്പെടുത്തും. ഭീകരതയ്ക്കെതിരെ പോരാടുന്നതിന് ചില രാജ്യങ്ങള്‍ വിമുഖത കാണിക്കുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് തീവ്രവാദികള്‍ക്ക് സുരക്ഷ നല്‍കുന്നത്. ' അമിത് ഷാ പറഞ്ഞു.

ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ രാജ്യവുമായോ ഗ്രൂപ്പുകളുമായോ ബന്ധപ്പെടുത്തേണ്ടതില്ല

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയേയും പാകിസ്താനെയും പരോക്ഷമായി വിമർശിച്ചു. ചില രാജ്യങ്ങൾ വിദേശനയത്തിന്റെ ഭാഗമായി ഭീകരതയെ പിന്തുണക്കുമ്പോൾ മറ്റു ചില രാജ്യങ്ങൾ പ്രത്യക്ഷമായി ഭീകരതയെ തള്ളിപ്പറയുകയും പരോക്ഷമായി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഭീകരപ്രവർത്തനങ്ങൾ തടയാൻ സംഘടനകൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ ആദ്യം നിർത്തലാക്കണമെന്ന് മോദി പറഞ്ഞു.

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുമേൽ പിഴ ചുമത്തണം. തീവ്രവാദികളോട് സഹതാപമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘടനകളെയും വ്യക്തികളെയും ഒറ്റപ്പെടുത്തണം

' തീവ്രവാദ സംഘടനകൾ പല സ്രോതസുകളിലൂടെ പണം നേടുന്നു. രാജ്യങ്ങളുടെ പിന്തുണയും അതിൽ പ്രധാനമാണ്. ചില രാജ്യങ്ങൾ അവരുടെ വിദേശനയത്തിന്റെ ഭാഗമായി തീവ്രവാദത്തെ പിന്തുണയ്ക്കുന്നു. അവർക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാമ്പത്തികവുമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു. യുദ്ധമില്ല എന്നതിന്റെ അർത്ഥം, സമാധാനമാണെന്ന് അന്താരാഷ്ട്ര സംഘടനകൾ കരുതരുത്. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുമേൽ പിഴ ചുമത്തണം. തീവ്രവാദികളോട് സഹതാപമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘടനകളെയും വ്യക്തികളെയും ഒറ്റപ്പെടുത്തണം. പ്രത്യക്ഷവും രഹസ്യവുമായി ഭീകരവാദത്തെ പിന്തുണക്കുന്നതിനെതിരെ ലോകം ഒന്നിക്കേണ്ടതുണ്ട്'. പ്രധാനമന്ത്രി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദികൾക്കുള്ള ധനസഹായം തുടങ്ങിയ കാര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബോഡിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) മുൻകൈ എടുത്താണ് 2018-ൽ എൻഎംഎഫ്ടി ആരംഭിച്ചത്. സമ്മേളനത്തിന്റെ ആദ്യ പതിപ്പ് ഫ്രാൻസിലും രണ്ടാമത്തേത് മെൽബണിലുമായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് വാഗ്ദാനം ചെയ്ത മൂന്നാമത്തെ സമ്മേളനം കോവിഡ് പ്രതിസന്ധി മൂലം നീണ്ടുപോകുകയായിരുന്നു. ഇന്ത്യയടക്കം 73 രാജ്യങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്റർപോൾ, എഫ്എടിഎഫ്, യൂറോപോൾ, എൻജിഒകൾ തുടങ്ങിയ 15 ബഹുരാഷ്ട്ര സംഘടനകളും സമ്മേളനത്തിൽ പങ്കാളികളാണ്.

logo
The Fourth
www.thefourthnews.in