ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

അനന്ത്‌നാഗ് ജില്ലയില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നാലാംദിവസത്തിലേക്ക് കടന്നു

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ബാരാമുള്ള ജില്ലയിലെ ഉറി, ഹത്‌ലംഗ മേഖലകളിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് സുരക്ഷാസേന നേരിട്ടത്. സൈന്യവും ബാരാമുള്ള പോലീസും സംയുക്തമായാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. മേഖലയിൽ കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അനന്ത്നാഗിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നാല് ദിവസമായി തുടരുന്നതിനിടെയാണ് ബാരാമുള്ളയിലെ നടപടി.

അനന്ത്നാഗ് ഏറ്റുമുട്ടലിൽ ഇതുവരെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച കശ്മീരിലെ കോക്കര്‍നാഗിലെ ഗഡോളില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേനയുടെ രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് 19ലെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയും ഒരു സൈനികൻ കൊല്ലപ്പെട്ടു. അതേദിവസം കാണാതായ മറ്റൊരു സൈനികനെ വെള്ളിയാഴ്ച കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു.

ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
അനന്ത്നാഗ് ഏറ്റുമുട്ടൽ മൂന്നാം ദിവസം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു

ലഷ്‌കർ ബന്ധമുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. മൂന്ന് ഭീകരര്‍ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സുരക്ഷാസേന സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനായാണ് ഇപ്പോൾ തിരച്ചിൽ ശക്തമാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം പാകിസ്താന്‍ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in