ഷിൻഡെയ്ക്ക് ആശ്വാസം; ഗവർണറുടെ നടപടി തെറ്റ്, താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ല: സുപ്രീം കോടതി

ഷിൻഡെയ്ക്ക് ആശ്വാസം; ഗവർണറുടെ നടപടി തെറ്റ്, താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ല: സുപ്രീം കോടതി

ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചില്ലായിരുന്നുവെങ്കില്‍ പുനഃസ്ഥാപിക്കാമായിരുന്നുവെന്നും സുപ്രീം കോടതി

മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ധവ് താക്കറെ രാജിവച്ചത്. അതിനാല്‍ താക്കറെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ കഴിയില്ല. രാജിവച്ചില്ലായിരുന്നുവെങ്കില്‍ പുനഃസ്ഥാപിക്കാമായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ശിവസേനയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.

ഗവര്‍ണര്‍ വസ്തുനിഷ്ഠമായല്ല അന്ന് കാര്യങ്ങളെ സമീപിച്ചത്

ഷിന്‍ഡെ വിഭാഗത്തെ സഹായിക്കുന്ന തരത്തിൽ തീരുമാനങ്ങളെടുത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ രൂക്ഷമായാണു കോടതി വിമര്‍ശിച്ചത്. വിശ്വാസ വോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ തീരുമാനവും വിപ്പിനെ നിയമിക്കാനുള്ള സ്പീക്കറുടെ തീരുമാനവും തെറ്റാണെന്ന് ബെഞ്ച് വിലയിരുത്തി. ഗവര്‍ണര്‍ വസ്തുനിഷ്ഠമായല്ല അന്ന് കാര്യങ്ങളെ സമീപിച്ചത്. ഗവര്‍ണർ നിയമപരമായല്ല അധികാരം ഉപയോഗിച്ചത്. ഷിന്‍ഡെ വിഭാഗത്തിന്റെ വിപ്പിന് സ്പീക്കര്‍ അംഗീകാരം നല്‍കിയതും നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പാർട്ടി നിയമിക്കുന്ന വിപ്പിനെ മാത്രമേ സ്പീക്കർക്ക് അംഗീകരിക്കാൻ അനുവാദമുള്ളൂ. എന്നാൽ സുനിൽ പ്രഭുവോ ഭരത് ഗോഗവാലെയോ ആരാണെന്ന് തിരിച്ചറിയാൻ സ്പീക്കർ ശ്രമിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സ്പീക്കറും സർക്കാരും അവിശ്വാസ പ്രമേയം മറികടന്നാൽ, ഗവർണർ വിശ്വാസവോട്ടെടുപ്പ് വിളിക്കുന്നത് ന്യായീകരിക്കപ്പെടും. സഭയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ നിർദേശപ്രകാരം ഏകനാഥ് ഷിൻഡെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനെ ഗവർണർ ന്യായീകരിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമാ കോലി, ജസ്റ്റിസ് പി എസ് നരംസിഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. 2023 ഫെബ്രുവരി 14 നാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ഉദ്ധവ് താക്കറെ പക്ഷത്തിനായി ഹാജരായത്.

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ഉദ്ധവ് താക്കറെ പക്ഷത്തിനായി ഹാജരായത്

അതേസമയം, സ്പീക്കറുടെ അധികാരം സംബന്ധിച്ച കേസ് കോടതിയുടെ ഏഴംഗ ബെഞ്ച് പരിഗണിക്കും. നിലവിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പീക്കർ സ്വയം അവിശ്വാസ പ്രമേയം നേരിടുമ്പോൾ കൂറുമാറ്റ നിയമ പ്രകാരം എംഎൽഎമാരെ പുറത്താക്കാൻ സാധിക്കില്ലെ ന്നായിരുന്നു 2016ലെ നബാം റെബിയ കേസിലെ വിധിയാണ് കോടതി പരിശോധിക്കുന്നത്.

ഈ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഏകനാഥ് ഷിൻഡെ വിഭാഗം, അന്നത്തെ ഡെപ്യൂട്ടി സ്പീക്കർ നർഹാരി സിർവാൾ അയോഗ്യത നോട്ടീസിന് മറുപടി നൽകാൻ കഴിഞ്ഞ ജൂൺ 27ന് സുപ്രീംകോടതിയിൽ നിന്ന് സമയം നേടിയെടുത്തത്. ജൂൺ 29 വരെയാണ് സിർവാൾ ആദ്യം സമയം നൽകിയിരുന്നത്. എന്നാൽ കോടതി അത് ജൂലൈ 12 വരെയാക്കി നൽകുകയായിരുന്നു.

logo
The Fourth
www.thefourthnews.in