അജന്ത ഗുഹകള്‍
അജന്ത ഗുഹകള്‍

രണ്ടാം നൂറ്റാണ്ടിലെ അജന്ത ഗുഹകള്‍, ഒന്‍പതാം നൂറ്റാണ്ടിലെ ശില്പങ്ങള്‍; പുരാവസ്തു അവശേഷിപ്പുകള്‍ കടുവാ സങ്കേതത്തില്‍

ബിസിഇ രണ്ടാം നൂറ്റാണ്ട് മുതലുള്ള ബുദ്ധ മതത്തിന്റെ അവശേഷിപ്പുകളാണ് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ നിന്ന് കണ്ടെത്തിയത്

മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അജന്ത ഗുഹകളും സ്തൂപങ്ങളും കണ്ടെത്തിയതായി പുരാവസ്തു ഗവേഷണ വകുപ്പ്. ബ്രഹ്മി ലിപിയിലെ ശിലാലിഖിത സ്മാരകങ്ങളും ഒൻപതാം നൂറ്റാണ്ടിലെ ഹിന്ദു ക്ഷേത്രങ്ങളും ഉൾപ്പെടെ ബിസിഇ രണ്ടാം നൂറ്റാണ്ട് മുതലുള്ള ബുദ്ധ മതത്തിന്റെ അവശേഷിപ്പുകളാണ് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ നിന്ന് കണ്ടെത്തിയത്.

ക്ഷേത്രങ്ങള്‍
ക്ഷേത്രങ്ങള്‍

84 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന പര്യവേക്ഷണത്തില്‍, ലോകത്തിലെ ഏറ്റവും വലിയ വരാഹ ശില്പവും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ വർഷം ആദ്യം ദേശീയോദ്യാനത്തിൽ എഎസ്ഐ കണ്ടെത്തിയ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിലെ നിരവധി ഏകശിലാ ശില്പങ്ങളിൽ ഒന്നാണ് വരാഹ ശില്പം.

പുരാതന ശില്പങ്ങള്‍
പുരാതന ശില്പങ്ങള്‍

പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ രേഖകളില്‍ ഇല്ലാത്ത 46 പുതിയ ശില്പങ്ങള്‍ കണ്ടെത്തിയതായി പര്യവേക്ഷണത്തിന് നേതൃത്വം വഹിച്ച മധ്യപ്രദേശിലെ ജബല്പൂര്‍ സര്‍ക്കിളിലെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ശിവകാന്ത് ബാജ്പേയ് പറഞ്ഞു. 1938 ലാണ് രാജ്യത്ത് അവസാനമായി പര്യവേക്ഷണം നടന്നത്. അന്ന് പത്ത് ശില്പങ്ങള്‍ കണ്ടെത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

എഎസ്ഐ സംഘം കണ്ടെത്തിയ ഗുഹകളില്‍ 26 എണ്ണവും രണ്ടും അഞ്ചും നൂറ്റാണ്ടുകളിലെ അവശേഷിപ്പുകളാണ്. ഗുഹകളുടെ ആകൃതി മഹായാന ബുദ്ധമതത്തെ ഓര്‍മിപ്പിക്കുന്നു. ഗുഹകളിലെ ലിഖിതങ്ങളില്‍, മഥുര, കൗശംബി, പാവത, വെജഭരദ, സപതനൈരിക തുടങ്ങിയ സ്ഥലങ്ങള്‍ പരാമർശിക്കുന്നുണ്ട്. ഭീംസേനൻ, പോത്തശിരി, ഭട്ടാദേവ തുടങ്ങിയ രാജാക്കന്മാരെ കുറിച്ചും പറയുന്നുണ്ട്.

26 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഒൻപതാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കലാചുരി കാലഘട്ടത്തിലേതാണ്. ഇതുകൂടാതെ രണ്ട് ശൈവ മഠങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കലാചുരി രാജവംശം ആദ്യകാല എല്ലോറ, എലിഫെന്റ ഗുഹാ സ്മാരകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ഗുഹകളിലെ വാതിൽ ജാംബുകൾ, കൊത്തുപണികൾ തുടങ്ങി ഗുപ്ത കാലഘട്ടത്തിലെ ചില അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന സര്‍വേയുടെ ആദ്യ ഘട്ടം കടുവാസങ്കേതത്തിന്റെ താല പ്രദേശത്തില്‍ മെയ്- ജൂണ്‍ മാസങ്ങളിലായി പൂര്‍ത്തിയാക്കി. അടുത്ത രണ്ട് ഘട്ടങ്ങള്‍ ഘിട്ടൌലി, മഗാധി പ്രദേശങ്ങളില്‍ നടക്കും. ബാഗേൽഖണ്ഡ് വനപ്രദേശമായതിനാല്‍ വേഗത്തില്‍ പര്യവേക്ഷണം പൂര്‍ത്തിയാക്കാന്‍ അനുമതി ലഭിക്കാത്തത് വെല്ലുവിളിയാണെന്ന് എഎസ്ഐ ഡയറക്ടറും വക്താവുമായ വസന്ത് സ്വർണങ്കർ പറഞ്ഞു .

logo
The Fourth
www.thefourthnews.in