'പരാതി വിശദീകരിക്കുമ്പോള്‍ അയാള്‍ അടുത്തുണ്ടായിരുന്നു'; ബ്രിജ് ഭൂഷണിനെതിരായ അന്വേഷണത്തില്‍ ആശങ്കയറിയിച്ച് പരാതിക്കാരി

'പരാതി വിശദീകരിക്കുമ്പോള്‍ അയാള്‍ അടുത്തുണ്ടായിരുന്നു'; ബ്രിജ് ഭൂഷണിനെതിരായ അന്വേഷണത്തില്‍ ആശങ്കയറിയിച്ച് പരാതിക്കാരി

ഡല്‍ഹിയിലെ അശോക റോഡിലെ എംപിയുടെ വസതിയിലായിരുന്നു സംഗീത ഫോഗട്ടിനെ പരാതി വിശദീകരിക്കാനായി കൊണ്ടുവന്നത്

ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ അന്വേഷണത്തിനിടെ പോലീസിന്റെ ഇടപെടല്‍ ആശങ്കയുണ്ടാക്കിയെന്ന് സംഗീത ഫോഗട്ട്. ഡല്‍ഹിയിലെ അശോക റോഡിലെ എംപിയുടെ വസതിയിലായിരുന്നു സംഗീത ഫോഗട്ടിനെ പരാതി വിശദീകരിക്കാനായി കൊണ്ടുവന്നത്. എന്നാല്‍ അന്വേഷണം നടക്കുന്ന സമയത്ത് വസതിയില്‍ ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു എന്നാണ് സംഗീത ഫോഗട്ടിന്റെ വെളിപ്പെടുത്തൽ.

തെളിവെടുക്കുന്ന സമയത്ത് ബ്രിജ് ഭൂഷണിന്റെ സാമിപ്യം ഭയമുണ്ടാക്കിയതായും താരം വ്യക്തമാക്കി

താരത്തിന്റെ പരാതിയും എഫ്‌ഐആറും അനുസരിച്ച് ബ്രിജ് ഭൂഷണ്‍ സിങ് 2019 ല്‍ ഇതേ ഓഫീസില്‍ വച്ചാണ് ലൈംഗികാതിക്രമണം നടത്തിയത്. തെളിവെടുക്കുന്ന സമയത്ത് ബ്രിജ് ഭൂഷണിന്റെ സാമിപ്യം ഭയമുണ്ടാക്കിയതായും താരം വ്യക്തമാക്കി.

'പോലീസിനോട് വസതിയില്‍ ആരൊക്കെ ഉണ്ടെന്ന് ചോദിച്ചപ്പോള്‍ അവിടെ ആരും ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് ബ്രിജ് ഭൂഷണ്‍ അവിടെ ഉണ്ടെന്ന് മനസിലാക്കി. സംഭവത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബ്രിജ്ഭൂഷണ്‍ അകത്ത് ഉറങ്ങുകയായിരുന്നു എന്നാണ് പറഞ്ഞത്. കേസില്‍ അയാള്‍ പ്രതിയായതിനാലും അയാള്‍ക്കെതിരെ എഫ്‌ഐആര്‍ ഉള്ളതിനാലും ബ്രിജ് ഭൂഷണിന്റെ സാമിപ്യം ഒരുപാട് ആശങ്കയുണ്ടാക്കി'. താരം വ്യക്തമാക്കി.

പീഡനത്തെക്കുറിച്ച് വീണ്ടും വിവരിക്കാൻ താരത്തിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്

ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥാരാകട്ടെ ഈ ആരോപണത്തില്‍ പ്രതികരിക്കാനും തയ്യാറായില്ല.

രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ മൊത്തം അഞ്ച് പേരുടെ ഒപ്പമാണ് സംഗീത ഫോഗട്ട് തെളിവെടുപ്പനെത്തിയത്. ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ഓഫീസും വീടും ഒരേ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പീഡനത്തെ കുറിച്ച് വീണ്ടും വിവരിക്കാൻ താരത്തിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗുസ്തി താരങ്ങള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ജൂണ്‍ 15 ന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മന്ത്രി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു

വ്യാഴാഴ്ചയാണ് ഇതുമായി സംബന്ധിച്ച തെളിവെടുപ്പുണ്ടെന്നുള്ള നോട്ടീസ് താരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ അറിയാതിരിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിയില്ലെന്ന് താരം വ്യക്തമാക്കി. സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവര്‍ കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തെളിവെടുപ്പ് നടക്കുന്നത്. ഗുസ്തി താരങ്ങള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ജൂണ്‍15 ന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മന്ത്രി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

അതേ സമയം ഗുസ്തിതാരത്തെ ഡബ്യുഎഫ്‌ഐ ഓഫീസിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ വനിതാതാരത്തെ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വീട്ടിലേക്ക് അല്ല കൊണ്ടുപോയതെന്നും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഓഫീസിലേക്കാണ് കൊണ്ടുപോയതെന്നും പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in