മധ്യപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്: ഗർബാ വേദിയിൽ കല്ലെറിഞ്ഞെന്ന കേസിൽ കുറ്റാരോപിതരായവരുടെ വീടുകൾ പൊളിച്ചുനീക്കി

മധ്യപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്: ഗർബാ വേദിയിൽ കല്ലെറിഞ്ഞെന്ന കേസിൽ കുറ്റാരോപിതരായവരുടെ വീടുകൾ പൊളിച്ചുനീക്കി

അനധികൃത നിർമാണമെന്ന് കാണിച്ച് നാലര കോടിയിലധികം വിലമതിക്കുന്ന 4,500 ചതുരശ്ര അടിയിലധികം വരുന്ന വീടുകളാണ് തകർത്തത്

മധ്യപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ് . നവരാത്രി ആഘോഷങ്ങൾ നടക്കുന്ന വേദിയിലേക്ക് കല്ലെറിഞ്ഞെന്ന കേസിൽ കുറ്റാരോപിതരായ മൂന്ന് പേരുടെ വീടുകള്‍ പോലീസ് ചൊവ്വാഴ്ച പൊളിച്ചുനീക്കി. അനധികൃത നിർമാണമെന്ന് കാണിച്ച് നാലര കോടിയിലധികം വിലമതിക്കുന്ന 4,500 ചതുരശ്ര അടിയിലധികം വരുന്ന വീടുകളാണ് തകർത്തത്.

ഞായറാഴ്ച രാത്രി മന്ദ്‌സൗർ ജില്ലയിലെ ഗർബാ (നവരാത്രി ആഘോഷങ്ങൾ നടക്കുന്ന സ്ഥലം) വേദിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കല്ലേറിലേക്ക് നയിച്ചത്. പിന്നാലെ 19 പേർക്കെതിരെ സീതമാവു പോലീസ് കേസെടുത്തിരുന്നു.

വിദ്യാർത്ഥി ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയുടെ അലഹബാദിലെ വീട് പൊളിച്ചു നീക്കിയത് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ആയിരുന്നു

സൽമാൻ എന്ന യുവാവ് ബൈക്ക് ഓടിക്കുന്നതിനെ കുറിച്ച് വീട്ടുകാരോട് ശിവ്‌ലാൽ പതിദാർ എന്നയാൾ പരാതി പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതറിഞ്ഞ സൽമാൻ കൂട്ടുകാർക്കൊപ്പം ഒക്‌ടോബർ രണ്ടിന് രാത്രി ശിവ്‌ലാലിനെ അന്വേഷിച്ച് ഗർബാ വേദിയിലെത്തി. അവിടെ വെച്ചുണ്ടായ തർക്കത്തിനിടയിൽ ശിവ്‌ലാലിന്റെ കൂട്ടാളിയായ മഹേഷ് എന്നയാളെ മഴു കൊണ്ട് അടിച്ചതായി ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്തു. ആളുകൾ തടിച്ചുകൂടിയപ്പോൾ, സൽമാനും കൂട്ടാളികളും ഗർബാ വേദിക്ക് നേരെ കല്ലെറിഞ്ഞതായും റിപ്പോർട്ട് പറയുന്നു.

തർക്കത്തിൽ നാല് പേർക്ക് പരിക്കേറ്റതായും മഹേഷിന്റെയും ശിവ്‌ലാലിന്റെയും നില ഗുരുതരമാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഗർബാ പന്തലിന് നേരെ കല്ലേറുണ്ടായതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിലാണ് പൊളിക്കൽ നടപടികൾ.

ജഹാംഗീർപുരിയിൽ കടകളും വീടുകളും പൊളിച്ച് നീക്കുന്നു
ജഹാംഗീർപുരിയിൽ കടകളും വീടുകളും പൊളിച്ച് നീക്കുന്നു

മധ്യപ്രദേശിൽ നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഏപ്രിലിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ അക്രമത്തിൽ ഉൾപ്പെട്ടതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയിരുന്നു. പ്രധാനമന്ത്രി ആവാസ യോജന പദ്ധതിയിൽ പണിത വീടുൾപ്പെടെ 52ഓളം കെട്ടിടങ്ങളാണ് അന്ന് തകർത്തത്.

അഫ്രീന്‍  ഫാത്തിമയുടെ വീട്  ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു
അഫ്രീന്‍ ഫാത്തിമയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു

ഉത്തർപ്രദേശിലും ഡൽഹിയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻ ബിജെപി ദേശീയ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങളെ യോഗി ആദിത്യനാഥ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് നേരിട്ടിരുന്നു. വിദ്യാർത്ഥി ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയുടെ അലഹബാദിലെ വീട് പൊളിച്ചു നീക്കിയത് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ആയിരുന്നു.

ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഹിന്ദു- മുസ്ലിം സംഘർഷം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപി ഭരണത്തിൻ കീഴിലുള്ള നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ മുസ്ലിം ജനവിഭാഗം കൂടുതൽ താമസിക്കുന്ന പ്രദേശത്തെ നിരവധി വീടുകൾ തകർത്തിരുന്നു. ഇത് പിന്നീട് സുപ്രീംകോടതി ഇടപെട്ട് നിർത്തി വെക്കുകയായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in