ചിത്രത്തിന്റെ ടീസറില്‍ നിന്ന്
ചിത്രത്തിന്റെ ടീസറില്‍ നിന്ന്

കേരളത്തിൽനിന്ന് 32,000 പെൺകുട്ടികൾ ഐഎസ്സിൽ ചേർന്നുവെന്ന് പ്രചരിപ്പിച്ച് സിനിമ, വ്യാജ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനം

ടീസറില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ രംഗത്തെത്തി

കേരളത്തിൽനിന്ന് 32,000 പെൺകുട്ടികൾ ഐഎസിൽ ചേർന്നുവെന്ന വ്യാജ പ്രചാരണവുമായി സിനിമ. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയതോടെ സംഘപരിവാർ അനുകൂലികൾ സംസ്ഥാനത്തിനെതിരെയും മറ്റുള്ളവർ വ്യാജ പ്രചാരണത്തിനെതിരെയും സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തി.'ദി കേരളാ സ്റ്റോറി' എന്ന ചിത്രത്തിന്റെ ടീസറാണ് വിവാദമായത്.

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ നവംബർ മൂന്നിനാണ് പുറത്തുവിട്ടത്. കേരളത്തിലെ സ്ത്രീകളെ നിർബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കി ഐഎസിന്റെ ഭാഗമാക്കിയെന്ന ആരോപണമാണ് ചിത്രം ഉന്നയിക്കുന്നത്.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദാ ശർമ്മയാണ് ടീസർ ട്വിറ്ററിൽ പങ്കുവച്ചത്. നേഴ്സ് ആകാൻ ആഗ്രഹിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം എങ്ങനെ മതതീവ്രവാദിയാകുന്നതും, അഫ്‌ഗാനിലെ ജയിലില്‍ അടയ്ക്കപ്പെടുന്നതും നായിക ഹിജാബ് ധരിച്ച് കൊണ്ട് വിവരിക്കുന്ന ടീസറിനെതിരെ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ രംഗത്തുവന്നു.

''കേരളത്തിൽ നിന്ന് കാണാതായ 32,000 ഹിന്ദു പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസ് അടിമകളാക്കി വില്‍ക്കുന്ന വ്യാജ കഥയുമായെത്തുന്ന ഈ ചിത്രത്തിന്റെ ടീസർ കണ്ട് വിലപിക്കുക'' - പ്രശസ്ത കോളമിസ്റ്റായ താരീക് ഫത്താഹ് പ്രതിഷേധാത്മകമായി ട്വിറ്ററിൽ കുറിച്ചു.

32,000 എന്ന സംഖ്യയിൽ എങ്ങനെ എത്തിച്ചേർന്നുവെന്ന് ചിത്രത്തിന്റെ സംഘാടകർ വിവരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാധ്യമ പ്രവർത്തക വിജേതാ സിംഗും ടീസർ പങ്കുവെച്ച് രംഗത്തെത്തി.

അതേസമയം, നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് ചിത്രം തുറന്നുകാട്ടുന്നു എന്നാണ് സംഘപരിവാർ അനുകൂലികളുടെ വാദം. രാഹുൽ ഈശ്വറും ചിത്രത്തിൽ പറയുന്ന കണക്ക് വ്യാജമാണെന്ന് ട്വിറ്ററിൽ കുറിച്ചു.

logo
The Fourth
www.thefourthnews.in