മോദിക്ക് 'മന്‍ കി ബാത്ത്' മതി; ഇന്ത്യന്‍ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിട്ട് പത്തുവര്‍ഷം

മോദിക്ക് 'മന്‍ കി ബാത്ത്' മതി; ഇന്ത്യന്‍ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിട്ട് പത്തുവര്‍ഷം

2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മന്‍മോഹന്‍ സിങ് അവസാനമായി മാധ്യമങ്ങളെ കണ്ടത്
Updated on
1 min read

2014 ജനുവരി 3, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് വാര്‍ത്താസമ്മേളനം നടത്തിയ അവസാന ദിനം. പത്തുവര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിട്ട്. നൂറു മാധ്യമപ്രവര്‍ത്തകരുടെ 62 ചോദ്യങ്ങള്‍ക്ക് അന്ന് മന്‍മോഹന്‍ സിങ് മറുപടി നല്‍കിയതിന് ശേഷം, പിന്നീട് അങ്ങനെയൊരു സംഭവം നടന്നില്ല. അധികാരത്തിലേറിയതിന് ശേഷം നരേന്ദ്ര മോദി ഒരിക്കല്‍പ്പോലും രാജ്യത്തുവച്ച്‌ മാധ്യമങ്ങളുടെ ചോദ്യം നേരിടാന്‍ തയാറായിട്ടില്ല. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍, ബിജെപിയോട് ചേര്‍ന്നുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതല്ലാതെ ഒരു വാര്‍ത്താ സമ്മേളനത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം മോദിക്കുണ്ടായിട്ടില്ല.

മന്‍മോഹന്‍ സിങ് നടത്തിയ ആ അവസാന വാര്‍ത്താ സമ്മേളനത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപദേഷ്ടാവ് ആയിരുന്ന പങ്കജ് പച്ചൗരി ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ''ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനം കഴിഞ്ഞിട്ട് പത്തു വര്‍ഷമാകുന്നു. 100 മാധ്യമപ്രവര്‍ത്തകരുടെ 62 എഴുതിതയാറാകാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു''- അദ്ദേഹം എക്‌സില്‍ കുറിച്ചു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മന്‍മോഹന്‍ സിങ് അവസാനമായി മാധ്യമങ്ങളെ കണ്ടത്. തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ക്കൊപ്പം വീഴ്ചകളും ഏറ്റുപറഞ്ഞായിരുന്നു ആ വാര്‍ത്താ സമ്മേളനം. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ തോല്‍വിയും ഉത്പ്പാദന മേഖലയിലെ തൊഴിലില്ലായ്മയും അടക്കം അന്ന് മന്‍മോഹന്‍ സിങ് ഏറ്റുപറഞ്ഞിരുന്നു.

മോദിക്ക് 'മന്‍ കി ബാത്ത്' മതി; ഇന്ത്യന്‍ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിട്ട് പത്തുവര്‍ഷം
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയ്ക്കെതിരെ പ്രത്യേക അന്വേഷണമില്ല, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രം പരിശോധിക്കണം

രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ മന്‍മോഹന്‍ സിങ് ശബ്ദിക്കുന്നില്ലെന്ന് ബിജെപി സ്ഥിരമായി അക്കാലത്ത് ആരോപണം ഉന്നയിച്ചിരുന്നു. അതേ ബിജെപി അധികാരത്തിലേറിയതിന് ശേഷം, വാര്‍ത്താ സമ്മേളനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്ന രീതിയാണ് നരേന്ദ്ര മോദി സ്വീകരിച്ചത്. പാര്‍ലമെന്റ് സെഷനുകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പാര്‍ലമെന്റിന് മുന്നില്‍വെച്ച് മാധ്യമങ്ങളെ കാണുമെങ്കിലും ചോദ്യങ്ങളെല്ലാം മുന്‍കൂട്ടി നല്‍കിയതിന് ശേഷമാണ് മോദി പ്രതികരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

താന്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് എന്നാണ് മോദി അവകാശപ്പെടുന്നത്. മാധ്യമങ്ങളെ കാണുന്നതിന് പകരം, ആകാശവാണിയിലൂടെ മന്‍ കി ബാത്ത് നടത്തി സംവദിക്കുകയാണ് മോദി ചെയ്യുന്നത്. പക്ഷേ, ബിജെപി അജണ്ഡകള്‍ പ്രപരിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ വിവരിക്കാനുമാണ് മോദി ഈ പരിപാടി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ റേഡിയോ ചാനലിലൂടെ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതും പതിവാണ്.

അതേമയം, രാജ്യത്തിന് പുറത്ത് ഉച്ചകോടികളില്‍ പങ്കെടുക്കുമ്പോഴും നയതന്ത്ര സന്ദര്‍ശനങ്ങള്‍ക്ക് പോകുമ്പോഴും മോദി മാധ്യമങ്ങളെ കാണാറുണ്ട്. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെനടക്കുന്ന അതിക്രമങ്ങളെ കുറിച്ച് മോദിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതെല്ലാം ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ കാണാന്‍ മോദിയെ രാഹുല്‍ ഗാന്ധി പലപ്പോഴായി വെല്ലുവിളിച്ചിട്ടുമുണ്ട്. തനിക്ക് മാധ്യമങ്ങളെ കാണാന്‍ ഭയമില്ലെന്നും മോദിക്ക് ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ വിമര്‍ശിക്കുന്നു.

logo
The Fourth
www.thefourthnews.in