കോലാറിൽ നിന്ന് കാണാതായ തക്കാളി ലോറി ഗുജറാത്തിലെന്നു സൂചന;
ഡ്രൈവർ തക്കാളി മറിച്ചു വിറ്റതായി സംശയം

കോലാറിൽ നിന്ന് കാണാതായ തക്കാളി ലോറി ഗുജറാത്തിലെന്നു സൂചന; ഡ്രൈവർ തക്കാളി മറിച്ചു വിറ്റതായി സംശയം

കോലാറിൽ നിന്നും ജയ്‌പൂരിലേക്കു പുറപ്പെട്ട 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ ലോറിയായിരുന്നു കാണാതായത്

ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ തക്കാളി കമ്പോളമായ  കോലാർ എ പി എം സി യിൽ നിന്ന്  യാത്ര പുറപ്പെട്ടു കാണാതായ തക്കാളി കയറ്റിയ ലോറി കണ്ടെത്തിയതായി സൂചന. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലോറി കണ്ടെടുത്തതായാണ്  കോലാർ പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.  ജയ്‌പൂരിലേക്കു പോകേണ്ട ലോറി ഗുജറാത്തിലേക്കു തിരിച്ചു വിട്ടു ഡ്രൈവറും സഹായിയും ചേർന്ന്  തക്കാളികൾ മറിച്ച് വിറ്റതായാണ് പോലീസ് സംശയിക്കുന്നത്.

21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളികളായിരുന്നു   കോലാർ കമ്പോളത്തിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച  മേഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ള  ലോറിയിൽ കയറ്റി  രാജസ്ഥാനിലേക്കു പുറപ്പെട്ടത്. കോലാറിലെ മൊത്ത വ്യാപാരികളായ എസ് വി ടി  ട്രേഡേഴ്സ്, എ ജി ട്രേഡേഴ്സ് എന്നിവരുടെ  735 പെട്ടി തക്കാളികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു പെട്ടിയിൽ പതിനഞ്ചു കിലോഗ്രാം തക്കാളിയാണ് നിറച്ചത്.

ലോറിയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനം എടുത്തു മാറ്റിയാണ്  ഡ്രൈവർ അൻവർ  ലോറി ഗുജറാത്തിലേക്കു ഓടിച്ചു കൊണ്ട് പോയത്. ഇതോടെ ലോറി ഉടമ സാദിഖിന്  ഡ്രൈവറെ  സാങ്കേതികമായി പിന്തുടരാൻ  സാധിക്കാതായി. ശനിയാഴ്ച രാത്രി 11 മണിക്ക് ജയ്‌പൂരിലെ കമ്പോളത്തിലെത്തേണ്ട ലോറി എത്താതായതോടെയായിരുന്നു  കോലാറിലെ വ്യാപാരികൾക്ക്  അവിടെ നിന്നും വിളി വന്നത്. ഡ്രൈവറെ ബന്ധപ്പെടാനുള്ള ശ്രമം വിഫലമായതോടെ  വ്യാപാരികൾ  ഞായറാഴ്ച കോലാർ പോലീസിനെ സമീപിക്കുകയായിരുന്നു.

ലോറി ഗുജറാത്തിൽ ഉണ്ടെന്ന വിവരം ലഭിച്ച ലോറി ഉടമ സാദിഖ്  ഗുജറാത്തിലേക്കു തിരിച്ചിരിക്കുകയാണ്. ഗുജറാത്ത് പോലീസിൽ  പരാതി നൽകി വാഹനവും തക്കാളിയും  തിരിച്ചു പിടിച്ചു  വാഹനം  ജയ്‌പൂരിലെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതെ സമയം 5 ലക്ഷം രൂപയ്ക്കു അഹമ്മദാബാദ് കമ്പോളത്തിൽ  ഡ്രൈവർ അൻവർ തക്കാളി വിറ്റതായി  സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുകയാണ് . കോലാറിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്‌പോർട്ട്  കമ്പനികളുടെയും ഡ്രൈവർമാരുടെയും  തിരിച്ചറിയൽ രേഖകൾ വാങ്ങി പരിശോധിച്ച ശേഷമാണു വ്യാപാരികൾ തക്കാളി കയറ്റി അയക്കുന്നത് . രാജ്യത്തെ 10 സംസ്ഥാനങ്ങളും അയൽ രാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലദേശും  തക്കാളിക്കായി ആശ്രയിക്കുന്ന  കമ്പോളമാണ് കോലാർ എ പി എം സി .  താക്കളി വില റെക്കോർഡ് ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിൽ   എ പി എം സി യിലും തക്കാളി തോട്ടങ്ങളിലും   സുരക്ഷാ വർധിപ്പിച്ചിരിക്കുകയാണ്. 

logo
The Fourth
www.thefourthnews.in