രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ലഹരിവേട്ട: 15,000 എൽഎസിഡി ബ്ലോട്ട് പിടിച്ചെടുത്തു, ആറ് പേർ അറസ്റ്റിൽ

രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ലഹരിവേട്ട: 15,000 എൽഎസിഡി ബ്ലോട്ട് പിടിച്ചെടുത്തു, ആറ് പേർ അറസ്റ്റിൽ

ഇന്ത്യയിൽ രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗ്

ആയിരകണക്കിന് കോടി വില വരുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). 15,000 എൽഎസ്ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തു. 2.5 കിലോ വരുന്ന മരിജുവാനയും 24.65 ലക്ഷം രൂപയുടെ കറൻസിയും ഇതോടൊപ്പം പോലീസ് കണ്ടെടുത്തിട്ടുണ്ട്. 'ഡാർക്ക് വെബ്' വഴി പ്രവർത്തിക്കുന്ന ഒരു പാൻ ഇന്ത്യ മയക്കുമരുന്ന് കടത്ത് ശൃംഖല തകർത്തതായും അധികൃതർ ഡൽഹിയിൽ അറിയിച്ചു.

ശൃംഖലയിൽപ്പെട്ട വിദ്യാർഥികൾ അടക്കമുള്ള ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. ഇന്ത്യയിൽ രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ലൈസർജിക് ആസിഡ് ഡൈതൈലാമൈഡ് എന്ന അതിമാരകമായ രാസലഹരിയുടെ ചുരുക്കപ്പേരാണ് എൽഎസ്ഡി. ഇത് 0.2 ഗ്രാമിലധികം കയ്യിൽ വെക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

ഡാർക്ക്നെറ്റിൽ പ്രവർത്തിക്കുന്ന ശൃംഖല, പേയ്‌മെന്റുകൾക്കായി ക്രിപ്‌റ്റോകറൻസികൾ ആണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ പോളണ്ട്, നെതർലാൻഡ്‌സ്, യുഎസ് എന്നിവയ്ക്ക് പുറമേ കേരളമുൾപ്പടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വ്യാപിച്ചിരുന്നതായി എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

"ഈ നെറ്റ്‌വർക്ക് അവരുടെ ഇടപാടുകൾ 'ഡാർക്ക് നെറ്റ്' ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചിരുന്നത്. ഈ നെറ്റ്‌വർക്ക് വെർച്വലായി പ്രവർത്തിക്കുകയും ക്രിപ്‌റ്റോകറൻസി, ക്രിപ്‌റ്റോ വാലറ്റുകൾ എന്നിവ വഴി പേയ്‌മെന്റുകൾ നടത്തുകയും ചെയ്തു. വാങ്ങുന്നയാളും വിൽപ്പനക്കാരനും തമ്മിൽ നേരിട്ടുള്ള ബന്ധമൊന്നും ഉണ്ടായിരുന്നില്ല," ജ്ഞാനേശ്വർ സിംഗ് വിശദീകരിച്ചു. 2021ൽ കർണാടക പൊലീസും 2022ൽ കൊൽക്കത്ത എൻസിബിയും ഒറ്റതവണയായി 5,000 എൽഎസ്ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തതാണ് രാജ്യത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട.

ഇതിന്റെ പ്രവർത്തനങ്ങൾ പോളണ്ട്, നെതർലാൻഡ്‌സ്, യുഎസ് എന്നിവക്ക് പുറമെ കേരളമുൾപ്പടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വ്യാപിച്ചിരുന്നതായി എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിയമവിരുദ്ധ ലാബുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ലൈസർജിക് ആസിഡ് ഉൽപന്നമാണ് എൽഎസ്ഡി. കഴിഞ്ഞ മാസം കണ്ണൂർ കൂത്തുപറമ്പിൽ നിന്ന് നെതർലൻഡ്സിൽ ഡാർക്ക് വെബ് വഴി മയക്കുമരുന്ന് എത്തിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡാർക്ക് വെബ്‌സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്‌കോയിൻ കൈമാറ്റം വഴിയാണ് ഇത് വാങ്ങിയതെന്ന് യുവാവ് മൊഴി നൽകിയിരുന്നു. മൂന്ന് ലക്ഷത്തോളം വില വരുന്ന സ്റ്റാമ്പുകളാണ് യുവാവിൽ നിന്ന് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചിരുന്നു.

ബന്ധപ്പെട്ട സെർച്ച് എഞ്ചിനുകൾക്ക് ഇൻഡെക്‌സിംഗ് ലഭിക്കാത്ത എൻക്രിപ്റ്റ് ചെയ്ത വെബ് ഉള്ളടക്കമാണ് ഡാർക്ക് വെബ്. അനധികൃത വസ്തുക്കൾ വിൽക്കുന്നതിനും നിരോധിത ഉള്ളടക്കം കൈമാറ്റം ചെയ്യുന്നതിനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഡാർക്ക് വെബ് ഉപയോഗിക്കാറുണ്ട്.

logo
The Fourth
www.thefourthnews.in