'ഇന്ത്യ' മണിപ്പൂരിലേക്ക്, എംപിമാർ കലാപബാധിതരെ സന്ദർശിക്കും; യുപിഎ എന്ന പേരുമാറ്റിയത് നാണക്കേടുകൊണ്ടെന്ന് മോദി

'ഇന്ത്യ' മണിപ്പൂരിലേക്ക്, എംപിമാർ കലാപബാധിതരെ സന്ദർശിക്കും; യുപിഎ എന്ന പേരുമാറ്റിയത് നാണക്കേടുകൊണ്ടെന്ന് മോദി

നരേന്ദ്ര മോദി ചിലരുടെ മാത്രം പ്രധാനമന്ത്രിയെന്ന് രാഹുൽ ഗാന്ധി

മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടെ കലാപബാധിത മേഖല നേരിട്ട് സന്ദർശിക്കാൻ പ്രതിപക്ഷം. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ എംപിമാർ ഈമാസം 29, 30 തീയതികളിൽ മണിപ്പൂർ സന്ദർശിക്കും. ഭൂതകാലത്തെ അഴിമതി മറയ്ക്കാനാണ് ഇന്ത്യയെന്ന് പേരുമായി പ്രതിപക്ഷമെത്തിയതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. മോദി എന്തുകൊണ്ട് മണിപ്പൂർ സന്ദർശിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കാത്തതിലും അവിടെ സന്ദർശിക്കാത്തതിലും രാഹുൽ ഗാന്ധി ഇന്ന് വിമർശനം ഉന്നയിച്ചു. ഏതാനും ചിലരുടെ പ്രധാനമന്ത്രി മാത്രമാണ് മോദിയെന്നും മണിപ്പൂരിലെ സ്ത്രീകളുടെ ദുരിതങ്ങള്‍ മോദി ശ്രദ്ധിക്കുന്നില്ലെന്നും വീഡിയോ സന്ദേശത്തിൽ രാഹുൽ കുറ്റപ്പെടുത്തി.

''മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവരും കണ്ടു. രാജ്യത്തെ ഒരു സംസ്ഥാനത്ത് ഇത്രയും ഭീകരമായ കലാപം നടക്കുമ്പോള്‍ പ്രധാനമന്ത്രി എന്തെങ്കിലും പറയുമെന്ന് നിങ്ങള്‍ കരുതിക്കാണും. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പൂരില്‍ പോയി അവിടുത്തെ ജനങ്ങളെ കാണാത്തതെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടും. നരേന്ദ്രമോദി ആര്‍എസ്എസ്സിലെ തിരഞ്ഞെടുത്ത ചിലരുടെ മാത്രം പ്രധാനമന്ത്രിയാണെന്നതാണ് ഇതിന് കാരണം. മണിപ്പൂരുമായി അദ്ദേഹത്തിന് ഒരു ബന്ധവും കാണില്ല. അദ്ദേഹം പിന്തുടരുന്ന പ്രത്യയശാസ്ത്രമാണ് ആ സംസ്ഥാനത്തെ ഈ അവസ്ഥയിലെത്തിച്ചത്. അധികാരത്തിനായി അവര്‍ മണിപ്പൂരിനെ ചുട്ടെരിക്കും, കത്തിക്കും മറ്റുള്ളവരുടെ ദുഃഖവും വേദനയും അവര്‍ കണക്കാക്കില്ല, '' രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം പ്രതിപക്ഷ സഖ്യത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. രാജസ്ഥാനിൽ നടന്ന പൊതുപരിപാടിയിലാണ് മോദി 'ഇന്ത്യ' സഖ്യത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. ഭൂതകാലത്തെ അഴിമതി മറയ്ക്കാനാണ് 'ഇന്ത്യ' എന്ന പുതിയ പേരുമായി എത്തിയിരിക്കുന്നത്. യുപിഎ എന്ന പഴയ പേര് നാണക്കേട് കാരണമാണ് ഉപേക്ഷിച്ചതെന്നും മോദി പറഞ്ഞു.

മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും പലതവണ തടസ്സപ്പെട്ടു. പ്രധാനമന്ത്രിയുടെ മൗനത്തില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. സഭാ നടപടികൾ ഇല്ലാത്ത ശനി ഞായർ ദിവസങ്ങളിൽ മണിപ്പൂർ സന്ദർശിച്ച്, വിഷയത്തിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മെയിൽ കലാപം ആരംഭിച്ച മണിപ്പൂരിൽ കഴിഞ്ഞ മാസം രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in