രാമനവമി ആഘോഷം വർഗീയകലാപത്തിന്റെ ദിനങ്ങളായതെങ്ങനെ?

രാമനവമി ആഘോഷം വർഗീയകലാപത്തിന്റെ ദിനങ്ങളായതെങ്ങനെ?

മാർച്ച് 30ന് രാമനവമി ആഘോഷങ്ങൾ ആരംഭിച്ചതിനുപിന്നാലെ ഉടലെടുത്ത സംഘർഷങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും തുടരുകയാണ്

രാമനവമി ആഘോഷങ്ങൾക്കുപിന്നാലെ പശ്ചിമബംഗാളും ബിഹാറും ഉത്തർപ്രദേശും ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ ഉടലെടുത്ത സംഘർഷങ്ങൾക്ക് ഇനിയും ശമനമായില്ല . ബം​ഗാളിലും ബിഹാറിലും ഒരാഴ്ചയ്ക്കുശേഷവും സം​ഘർഷങ്ങൾ തുടരുകയാണ്. മഹാരാഷ്ട്രയിൽ പൊലീസിന്റെ വെടിയേറ്റ് ഒരാൾ മരിച്ചിരുന്നു.

മാർച്ച് 30നാണ് രാമനവമി ആഘോഷങ്ങൾ ആരംഭിച്ചത്. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങൾ അവസാനിക്കണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾ മതത്തെ ദുരുപയോഗപ്പെടുത്തുന്നത് അവസാനിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെയാണ് സംഘർഷങ്ങൾ ആരംഭിച്ചതെന്നതു ശ്രദ്ധേയമാണ്. രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് നേരെ വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് അക്രമങ്ങൾ തുടരുന്നത്.

ബം​ഗാളിലെ ഹൗറയിൽ അക്രമികൾ കടകളും വാഹനങ്ങളും കത്തിച്ചപ്പോൾ
ബം​ഗാളിലെ ഹൗറയിൽ അക്രമികൾ കടകളും വാഹനങ്ങളും കത്തിച്ചപ്പോൾ

പശ്ചിമ ബം​ഗാളിലെ ഹൗറ, ദാൽഖോല, ബിഹാറിലെ മുൻ​ഗർ, ശരീഫ്, സസാരാം, ഉത്തർപ്രദേശിലെ ലഖ്നോ, ​ഗോരഖ്പൂർ, മഥുര, ​ഗുജറാത്തിലെ വഡോദര, കർണാടകയിലെ ഹാസൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് സംഘർങ്ങൾ ഉടലെടുത്തത്.

രണ്ടു മതവിഭാഗങ്ങൾ തെരുവിൽ ഏറ്റുമുട്ടുന്ന സാഹചര്യം രാജ്യത്ത് ഇതാദ്യ സംഭവമല്ല. മുൻപും രാമനവമിയോടനുബന്ധിച്ച് ഹിന്ദു - മുസ്ലീം സംഘർഷങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾ താമസിക്കുന്ന തെരുവുകളിലൂടെ ​​ഘോഷയാത്ര സംഘടിപ്പിക്കുകയും പളളികൾക്ക് മുന്നിലെത്തുമ്പോൾ മതവിദ്വേഷം ഉയർത്തുന്ന തരത്തിലുളള മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്യുന്നത് ഇതാദ്യമല്ല. അതുകൊണ്ടാണ് ഇത്തരത്തിലുളള ഘോഷയാത്രകൾക്ക്, മുൻപ് സംഘർഷം നടന്ന സ്ഥലങ്ങളിലൂടെ കടന്നുപോകാൻ അവസരം നൽകിയത് എന്തിനെന്ന് കോടതി ചോദിച്ചതും.

പശ്ചിമ ബംഗാളിൽ സർക്കാരിന്റെ അനുമതിയില്ലാതെയാണ് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ രാമനവമി റാലി നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം. ഹൂഗ്ലി ജില്ലയിലെ റിഷ്‌റ, സെറാംപുർ എന്നിവിടങ്ങളിൽ രാമനവമി ഘോഷയാത്രാ വേളയിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. റിഷ്‌റയിൽ റാലി നടത്തിയവരുടെ കൈകളിൽ ആയുധങ്ങളുണ്ടായിരുന്നതായി വ്യക്തമാക്കുന്ന വീഡിയോ അഭിഷേക് ബാനർജി പുറത്തുവിട്ടിരുന്നു.

റിഷ്‌റയിൽ കല്ലേറിനെത്തുടർന്ന് നിരവധി ലോക്കൽ, എക്സ്പ്രസ് ട്രെയിനുകൾ കഴിഞ്ഞ ദിവസം താൽക്കാലികമായി നിർത്തിവച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാറിനെ റിഷ്റ സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയത് സംഘപരിവാറിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഹനുമാൻ ക്ഷേത്രം തകർത്തുവെന്നാരോപിച്ച് ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് മേഖലയിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇവിടെ മൂന്ന് ജില്ലകളിലായി ഏഴ് കേസുകളാണ് രജിസ്ട്രർ ചെയ്തിട്ടുളളത്. ബിഹാറിലെ നളന്ദയിലും സസാരാമിലും സമാനമായ സംഭവങ്ങൾ തുടരുകയാണ്. ഇതിൽ 140 ഓളം പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കയാണ് രാജ്യത്തിന്റെ വിവധ ഭാ​ഗങ്ങളിൽ സംഘർഷങ്ങൾക്ക് തിരികൊളുത്തിരിക്കുന്നത്. അതേസമയം, പശ്ചിമ ബം​ഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ബിജെപിക്കു പുറമെ തൃണമൂൽ കോൺ​ഗ്രസും ഘോഷയാത്രയുമായി ആഘോഷങ്ങൾ പൊലിപ്പിച്ചിരുന്നു.

മമതാ ബാനർജി
മമതാ ബാനർജി

രാജ്യത്ത് വർ​ഗീയ അന്തരീക്ഷം സൃഷ്ടിക്കാനുളള സംഘപരിവാറിന്റെ ബോധപൂർവമുളള ശ്രമമാണ് രാമനവമി ആഘോഷങ്ങളുടെ പേരിലുള്ള അക്രമങ്ങൾക്കുപിന്നലെന്നാണ് മമതാ ബാനർജിയുടെ ആരോപണം. ബിഹാറിൽ നടക്കുന്നത് മതസൗഹാർദം തകർക്കാനുളള സംഘപരിവാറിന്റെ ശ്രമമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

തേജസ്വി യാദവ്
തേജസ്വി യാദവ്

അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മമതയും തേജസ്വി യാദവും പറഞ്ഞിട്ടുണ്ട്. എന്നാൽ ബം​ഗാളിലെ ഹിന്ദുക്കളെ മമത സർക്കാർ ആക്രമിക്കുകയാണെന്നു പറഞ്ഞ കേന്ദ്ര സ്മൃതി ഇറാനി ഇത് എത്രകാലം തുടരുമെന്ന ചോദ്യവുമുയർത്തി. രാമന്റെ ഭക്തർ ആക്രമിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ വിമർശം. വിഷയത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.

പോലീസിന്റെ അനുമതി ഇല്ലാതെയാണ് പലയിടങ്ങളിലും ശോഭയാത്ര സംഘടിപ്പിച്ചത്. യോ​ഗി ആദിത്യനാഥിന്റെ യുപിയിലെ ലഖ്നൗവിലും അരവിന്ദ് കെജറിവാളിന്റെ ഡൽഹിയിലെ ജഹാംഗീർപുരിയിലും അനുമതിയില്ലാതെയാണ് ശോഭയാത്ര നടന്നത്. ഡൽഹിയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പോലീസ് അനുമതി നിഷേധിച്ചപ്പോഴും വിലക്ക് ലംഘിച്ച് ശോഭയാത്ര നടത്തിയവരെ അറസ്റ്റ് ചെയ്യാൻ പോലീസ് മുതർന്നില്ല. ഹരിയാനയിലും രാജസ്ഥാനിലും സായുധധാരികൾ ആളുകൾ ശോഭയാത്രയിൽ പങ്കെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in