ഗവര്‍ണര്‍ ആര്‍എന്‍ രവി, 
എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവി, എംകെ സ്റ്റാലിന്‍

'ഗെറ്റ് ഔട്ട് രവി'; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയരുന്നു, ഹീറോയായി സ്റ്റാലിന്‍

നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആര്‍എന്‍ രവി ഇറങ്ങി പോയതിന് പിന്നാലെയാണിത്

തമിഴ്‌നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകിയതോടെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങി പോയതിന് പിന്നാലെയാണിത്. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയതോടെയാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപോയത്. ഗെറ്റ് ഔട്ട് രവി എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ ഗവര്‍ണര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഗവര്‍ണറുടെ നടപടിയെ അപലപിച്ച് ട്വിറ്ററില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗവര്‍ണര്‍ ആര്‍എന്‍ രവി, 
എംകെ സ്റ്റാലിന്‍
സ്റ്റാലിന്റെ 'നയം' ഇഷ്ടപ്പെട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണറുടെ വാക്കൗട്ട്‌

ഗവര്‍ണറുടെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എംപി കാര്‍ത്തിക് പി ചിദംബരം ട്വീറ്റ് ചെയ്തു. തമിഴ് എഴുത്തുകാരി മീന കന്തസ്വാമിയും ട്വിറ്ററില്‍ പ്രതിഷേധവുമായെത്തി. പ്രസംഗത്തില്‍ ഗവര്‍ണര്‍ പറയാന്‍ വിട്ടുപോയ വാക്കുകള്‍ എഴുതിയായിരുന്നു മീനയുടെ ട്വീറ്റ്. തമിഴ്‌നാട്, ദ്രാവിഡിയന്‍ മോഡല്‍, സോഷ്യല്‍ ജസ്റ്റിസ്, ആത്മാഭിമാനം, എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വികസനം, സമത്വവാദി, ഫെമിനിസം, സാമുദായിക സൗഹാര്‍ദം, തന്തൈ പെരിയാര്‍, അണ്ണല്‍ അബേംദ്കര്‍, പെരുതലൈവര്‍ കാമരാജ്, പെരിയങ്കര്‍ അണ്ണ, മുത്തമിഴരിജ്ഞര്‍ കലൈഞ്ജര്‍ എന്നീ വാക്കുകളാണ് ഒഴിവാക്കിയതെന്ന് പറഞ്ഞായിരുന്നു ട്വീറ്റ്.

ആര്‍എസ്എസ് മുതലാളിമാര്‍ക്ക് വേണ്ടി തമിഴ്‌നാടെന്ന വികാരത്തെ എതിര്‍ക്കുന്നവന്‍ സംസ്ഥാനം വിട്ടു പോകുന്നതാണ് നല്ലതെന്നതടക്കമുള്ള പ്രതികരണങ്ങളുമുണ്ട്. ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്ക് കീഴിലാണെന്നും അതിന് മുകളില്‍ അല്ലെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചിട്ടും ഗവര്‍ണര്‍ ഭരണവിരുദ്ധ പ്രസ്താവനകള്‍ തുടരുകയാണെന്നും വിമർശനമുണ്ട്. ആര്‍എസ്എസ് പ്രചാരക സെക്രട്ടറിയായിട്ടാണ് ഗവര്‍ണര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ട്വീറ്റുകളുണ്ട്. സംഭവത്തിന് ശേഷം മുഖ്യമന്ത്രി സ്റ്റാലിന് വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

'തമിഴ്നാടി'നേക്കാള്‍ നല്ലത് 'തമിഴകം' ആണെന്ന കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെയും ഡിഎംകെ പ്രതിഷേധിച്ചു. സഭ ചേരുമ്പോള്‍ തന്നെ ഡിഎംകെ അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി നാലിനാണ് കാശി തമിഴ് സംഗമത്തെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ ആര്‍ എന്‍ രവി വിവാദ പ്രസ്താവന നടത്തിയത്. തമിഴ്നാടിന് കൂടുതല്‍ ചേരുന്നത് തമിഴകം എന്ന പേരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ''തമിഴ്നാട്ടില്‍ ഒരു പ്രത്യേക കീഴ്വഴക്കം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. രാജ്യം മുഴുവന്‍ അംഗീകരിക്കുന്ന കാര്യങ്ങളില്‍ തമിഴ്നാട് എതിര്‍ നിലപാടാകും സ്വീകരിക്കുക. ഇതൊരു പതിവായിരിക്കുകയാണ്. ഈ തെറ്റായ രീതികളെ തച്ചുടയ്ക്കണം. സത്യം വെളിപ്പെടണം. തമിഴകം എന്നതാകും ഈ നാടിനെ വിളിക്കാന്‍ കൂടുതല്‍ നല്ലത്'' - ഇതായിരുന്നു പ്രസംഗത്തിലെ വിവാദമായ ഭാഗം.

logo
The Fourth
www.thefourthnews.in