നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ എത്രയും വേഗം തീരുമാനം എടുക്കണം: സുപ്രീം കോടതി

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ എത്രയും വേഗം തീരുമാനം എടുക്കണം: സുപ്രീം കോടതി

ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഗവർണർമാർക്ക് ഒരു ബില്ലിന് അനുമതി നൽകാനോ നിരസിക്കാനോ ചില കേസുകളിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കായി മാറ്റിവെക്കാനോ ഉള്ള അധികാരം നൽകുന്നുണ്ട്.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ തീരുമാനം വൈകിപ്പിക്കരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന നിരീക്ഷണം. സംസ്ഥാന നിയമസഭ പാസാക്കിയ പത്ത് ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർ തമിഴിസൈ സൗന്ദരരാജനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിർദേശം.

ഭരണഘടനയുടെ 200-ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അനുച്ഛേദത്തിൽ പറയുന്ന എത്രയും വേഗം (as soon as) എന്ന പദം സുപ്രധാനമെന്നും അത് മനസിൽ വച്ച് വേണം ഭരണഘടനാ പദവിയിലുള്ളവർ നടപടി സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

എന്നാൽ, ബില്ലുകളൊന്നും ഗവർണറുടെ മുന്നിൽ പരിഗണനയിലില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചതോടെ ഹർജി തീർപ്പാക്കി. കെട്ടിക്കിടന്ന ബില്ലുകളിൽ ചിലത് അംഗീകരിച്ചെന്നും മറ്റുള്ളവ കൂടുതൽ വിശദീകരണം തേടി തിരിച്ചയച്ചു എന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുന്നത് ഗുരുതര ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെലങ്കാനാ സർക്കാർ കോടതിയെ സമീപിച്ചത്. ഗവർണറുടെ ഇത്തരം നടപടി നിയമവിരുദ്ധവും ഭരണഘടനാ ചട്ടങ്ങൾക്ക് എതിരെന്നും പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഗവർണറുടെ ദയാവായ്പിനായി കാത്തിരിക്കേണ്ട സ്ഥിതിയെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. മധ്യപ്രദേശിലും ഗുജറാത്തിലും ബില്ലുകൾ ദിവസങ്ങൾക്കകം പാസാകുന്നുവെന്നും എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണർമാർ ഭരണപരമായ പ്രവർത്തനങ്ങളിൽ എങ്ങനെ ഇടപെടുന്നുവെന്നും ബില്ലുകളുടെ അംഗീകാരം വൈകിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പഞ്ചാബ് സർക്കാരും സമീപകാലത്ത് ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തെലങ്കാനയ്‌ക്ക് പുറമേ, കേരളം, ഡൽഹി, തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സർക്കാരുകൾ രംഗത്തുണ്ട്. ബില്ലുകൾ പാസാക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ ഈ മാസം ആദ്യം പ്രമേയം പാസാക്കിയിരുന്നു. കേരളത്തിലും ബിൽ പാസാക്കലിൽ ഗവർണർ- സർക്കാർ പോര് രൂക്ഷമാണ്.

logo
The Fourth
www.thefourthnews.in