'മണിപ്പൂരില്‍ കലാപമുണ്ടായത് ഹൈക്കോടതി വിധിക്കു പിന്നാലെ'; ഒടുവില്‍ മൗനം ഭഞ്ജിച്ച് പ്രധാനമന്ത്രി

'മണിപ്പൂരില്‍ കലാപമുണ്ടായത് ഹൈക്കോടതി വിധിക്കു പിന്നാലെ'; ഒടുവില്‍ മൗനം ഭഞ്ജിച്ച് പ്രധാനമന്ത്രി

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി

മണിപ്പൂരില്‍ കലാപമുണ്ടായത് ഹൈക്കോടതി വിധിക്കു പിന്നാലെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്ഷമിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പുനല്‍കി. വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ ചര്‍ച്ചയിന്മേല്‍ മറുപടി പ്രസംഗം നടത്തുവെയാണ് പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മൗനം ഭഞ്ജിച്ചത്.

രാജ്യം മണിപ്പൂരിനൊപ്പമുണ്ടെന്നും വികസന വഴിയിലേക്ക് സംസ്ഥാനം ഉടന്‍ തിരിച്ചെത്തുമെന്നും മോദി പറഞ്ഞു. ''മണിപ്പൂരില്‍ ഉടന്‍ സമാധാനത്തിന്റെ സൂര്യനുദിക്കും. സമാധാനം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റക്കാരെ വെറുതെ വിടില്ല. രാജ്യം മണിപ്പൂരിലെ അമ്മമാര്‍ക്കൊപ്പമാണ്''- പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നതെന്നും ചര്‍ച്ചയ്ക്കു വിളിച്ചിട്ട് അവര്‍ ഓടിയൊളിക്കുകയാണെന്നും മോദി ആരോപിച്ചു. ''മണിപ്പൂര്‍ വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചത്. മണിപ്പൂരിനെക്കുറിച്ചല്ല അവര്‍ക്കു സംസാരിക്കാനുള്ളത്. അവര്‍ കളളം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്''- മോദി പറഞ്ഞു.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ''രാഹുലിന്റെ ഭാരത് മാതാ പരാമര്‍ശം വേദനിപ്പിച്ചു്. രാജ്യത്തെ മൂന്നായി മുറിച്ചവരാണ് ഇത് പറയുന്നതെന്നതാണ് ആശ്ചര്യം. കച്ചിത്തീവിനെ നഷ്ടപ്പെടുത്തിയത് ഇന്ദിരാഗാന്ധിയാണ്. എന്നാല്‍ മണിപ്പൂരില്‍ കലാപം ഉണ്ടായത് കോടതി വിധിക്ക് പിന്നാലെയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും ഓടി ഒളിക്കുകയാണ് ഉണ്ടായത്. അവര്‍ക്ക് രാഷ്ട്രീയ കളികള്‍ക്കാണ് താത്പ്പര്യം''- മോദി പറഞ്ഞു.

പ്രതിപക്ഷ വാക്കൗട്ടിനിടെയാണ് ഒടുവില്‍ മണിപ്പൂര്‍ വിഷയത്തില്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി തയാറായത്. ഇന്നു അവിശ്വാസപ്രമേയത്തില്‍ മറുപടി പ്രസംഗം നടത്തിയ പ്രധാനമന്ത്രി ആദ്യ ഒരു മണിക്കൂറോളം സമയം വിഷയത്തില്‍ തൊടാതെ പ്രതിപക്ഷത്തെ പരിഹസിക്കാനാണ് ശ്രമിച്ചത്. ഇതോടെ സഭയില്‍ ബഹളം വച്ച പ്രതിപക്ഷ കക്ഷികള്‍ 'മണിപ്പൂരിനെക്കുറിച്ച് സംസാരിക്കൂ'' എന്ന് ആവശ്യപ്പെട്ടു ബഹളം വയ്ക്കുകയായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി വഴങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ 'വി വാണ്ട് മണിപ്പൂര്‍' എന്ന് മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം സഭ ബഹിഷികരിച്ചു. 'കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ' എന്ന മറുപടി മുദ്രാവാക്യവുമായാണ് ഭരണപക്ഷാംഗങ്ങള്‍ പ്രതിപക്ഷ നടപടിയെ നേരിട്ടത്. പ്രതിപക്ഷ എംപിമാര്‍ സഭവിട്ടിറങ്ങിയതിനു ശേഷമാണ് വിഷയത്തില്‍ മോദി പ്രതികരിക്കാന്‍ തയാറായത്. പിന്നീട് പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി.

logo
The Fourth
www.thefourthnews.in