കാവിധരിച്ച തിരുവള്ളുവരുമായി തമിഴ്നാട് ഗവർണർ, വലതുപക്ഷ ഗ്രൂപ്പുകളുടെ കാവിവത്കരണ നീക്കമെന്ന് എംകെ സ്റ്റാലിൻ; വിവാദം

കാവിധരിച്ച തിരുവള്ളുവരുമായി തമിഴ്നാട് ഗവർണർ, വലതുപക്ഷ ഗ്രൂപ്പുകളുടെ കാവിവത്കരണ നീക്കമെന്ന് എംകെ സ്റ്റാലിൻ; വിവാദം

'ഭാരത സനാതന പാരമ്പര്യത്തിലെ ഏറ്റവും തിളക്കമുള്ള വിശുദ്ധന്‍'' എന്ന വിശേഷണത്തോടെയാണ് കാവിധരിച്ചിരിക്കുന്ന തിരുവള്ളുവരുടെ ചിത്രം ഗവര്‍ണര്‍ പോസ്റ്റ് ചെയ്തത്

തത്ത്വചിന്തകനും തമിഴ് കവിയുമായ തിരുവള്ളുവരുടെ ചിത്രത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ പോര്. തിരുവള്ളുവര്‍ ദിനമായ ജനുവരി 15ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി പങ്കുവച്ച പോസ്റ്റാണ് പുതിയ വിവാദങ്ങളുടെ അടിസ്ഥാനം. കാവി വസ്ത്രം ധരിച്ച തിരുവള്ളുവരുടെ ചിത്രത്തിന് ഒപ്പമായിരുന്നു ഗവര്‍ണറുടെ അനുസ്മരണം.

'ഭാരത സനാതന പാരമ്പര്യത്തിലെ ഏറ്റവും തിളക്കമുള്ള വിശുദ്ധന്‍'' എന്ന വിശേഷണത്തോടെയാണ് കാവിധരിച്ചിരിക്കുന്ന തിരുവള്ളുവരുടെ ചിത്രം ഗവര്‍ണര്‍ എക്സില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ തിരുവള്ളുവരെ കാവി വേഷത്തില്‍ ചിത്രീകരിച്ച് കാവിവല്‍ക്കരിക്കാനുള്ള വലതുപക്ഷ ഗ്രൂപ്പിന്റെ ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണറുടെ പോസ്റ്റിനെ നേരിട്ട് പരാമര്‍ശിക്കാതെ ആയിരുന്നു സ്റ്റാലിന്റെ നടപടി.

നേരത്തെയും തിരുവള്ളുവരുടെ പേരില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയും ഡിഎംകെ നേതാക്കളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തിരുക്കുറല്‍ കോഡ് ഓഫ് കോണ്ടക്ട് ആയി ചുരുങ്ങിയെന്ന ആര്‍ എന്‍ രവിയുടെ പ്രസ്താവനയായിരുന്നു അന്ന് വിമര്‍ശനം ഏറ്റുവാങ്ങിയത്. ഇതിനെതിരെ ഡിഎംകെയും മറ്റ് ദ്രാവിഡ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

സനാതന ധര്‍മത്തെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് പറഞ്ഞ ഗവര്‍ണര്‍, ദ്രാവിഡ പാര്‍ട്ടികളെ പരോക്ഷമായി വിമര്‍ശിച്ച്, ആത്മീയവല്‍ക്കരിക്കപ്പെട്ട തിരുക്കുറല്‍ രാഷ്ട്രീയക്കാര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. വിഖ്യാത പണ്ഡിതനായ ജി യു പോപ്പ് അത് വിവര്‍ത്തനം ചെയ്തപ്പോള്‍, തിരുക്കുറലിന്റെ ആത്മീയ വശം നീക്കം ചെയ്തതായും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ഗവര്‍ണര്‍ ആര്‍എന്‍ രവി 2021 സെപ്തംബര്‍ 18 ന് അധികാരമേറ്റതു മുതല്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും തമിഴ്നാട് സര്‍ക്കാരിനോടും വിവിധ വിഷയങ്ങളില്‍ തര്‍ക്കത്തിലായിരുന്നു.

logo
The Fourth
www.thefourthnews.in