ഗ്യാൻ പ്രസാദ് വിശ്വകർമ്മയെ കുടുംബം കൈവണ്ടിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
ഗ്യാൻ പ്രസാദ് വിശ്വകർമ്മയെ കുടുംബം കൈവണ്ടിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ല: വാർത്ത പുറത്തുവിട്ട മാധ്യമപ്രവർത്തകർക്കെതിരെ കേസ്

റിപ്പോര്‍ട്ടിലെ ദൃശ്യങ്ങള്‍ വ്യാജമാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എഫ്ഐആറില്‍ പറയുന്നു

മധ്യപ്രദേശിലെ ദബോഹിൽ രോഗിയായ വയോധികനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാതിരുന്നത് റിപ്പോർട്ട് ചെയ്ത മൂന്ന് മാധ്യമ പ്രവർത്തകർക്ക് എതിരെ പോലീസ് നടപടി. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഭിന്ദ് ജില്ലയിലെ മർപുര പ്രവിശ്യയിലുള്ള കുടുംബം, വയോധികനെ കൈ വണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ പല മാധ്യമങ്ങളും സംപ്രേഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ട് വ്യാജമാണെന്ന് ആരോപിച്ച് ദബോഹ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. രാജീവ് കൗരവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റം ജനങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഐടി ചട്ടത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

വീഡിയോയിലെ ദൃശ്യങ്ങൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുഞ്ച്ബിഹാരി കൗരവ്, അനിൽ ശർമ്മ, എൻ കെ ഭട്ടേൽ എന്നിവർക്കെതിരെ കേസെടുത്തത്. വയോധികന്റെ കുടുംബം ആംബുലൻസ് ആവശ്യപ്പെട്ട് വിളിച്ചിട്ടില്ലെന്നും വാർത്തയിൽ പറയുന്നതിന് ഘടകവിരുദ്ധമായി സർക്കാർ ആശുപത്രിയിലേക്ക് അല്ല മറിച്ച് സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം രോഗിയെ കൊണ്ടുപോയതെന്നും എഫ്‌ഐആറിൽ പറയുന്നു.

സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബത്തിന് പല സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ കുടുംബം തള്ളിക്കളഞ്ഞു.

എന്നാൽ, വീഡിയോയിൽ പറയുന്നത് സത്യമാണെന്നും ഫോൺ വിളിച്ചിട്ടും ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് അഞ്ച് കിലോമീറ്ററോളം കൈവണ്ടി വലിക്കേണ്ടി വന്നെന്നും രോഗിയുടെ മക്കൾ ആരോപിച്ചു. കുടുംബത്തിന് പല സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന ഭരണകൂടത്തിന്റെ അവകാശവാദങ്ങളെയും ഇവർ തള്ളിക്കളഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തങ്ങൾക്ക്, പിഎം ആവാസ് യോജനയുടെ ഒരു ഗഡു മാത്രമാണ് ലഭിച്ചതെന്ന് ഇവർ പറയുന്നു. കൂടാതെ, അടുത്തിടെ സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ വീട്ടിൽ വന്ന് വെള്ള പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചതായും കുടുംബം ആരോപിച്ചു. ഇതിനോട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ മേഖലയിൽ പ്രതിഷേധം ശക്തമാവുകയാണ്. പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് മാധ്യമപ്രവർത്തകരുടേയും മാധ്യമപ്രവർത്തക സംഘടനകളുടേയും തീരുമാനം. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് കേസുകൾ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.

മധ്യപ്രദേശിൽ ആംബുലൻസ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സമീപകാലത്ത് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് കണക്കിലെടുത്ത്, സംസ്ഥാനത്ത് ആംബുലൻസുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഏപ്രിലിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനത്ത് ആംബുലൻസുകളുടെ എണ്ണം 1,445ൽ നിന്ന് 2,052 ആയി ഉയർത്തിയതായി പ്രഖ്യാപിച്ചു. അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് വാഹനങ്ങളുടെ എണ്ണവും എഴുപത്തിയഞ്ചിൽ നിന്ന് 167 ആയി ഉയർത്തി. ബേസിക്ക് ലൈഫ് സപ്പോർട്ട് ആംബുലൻസുകളുടെ എണ്ണം 531 ആയിരുന്നത് 835 ആയി ഉയർത്തി. എന്നിരുന്നാലും ആവശ്യഘട്ടങ്ങളിൽ ആംബുലൻസ് ലഭ്യത ഉറപ്പാക്കാൻ കഴിയാത്തത് ഇപ്പോഴും പ്രതിസന്ധിയായി തുടരുന്നു.

logo
The Fourth
www.thefourthnews.in