Supreme Court
Supreme Court

ബഫർസോൺ വിധിയിലെ അപാകതകൾ പരിഹരിക്കാമെന്ന് സുപ്രീംകോടതി; ഇളവ് തേടിയുള്ള ഹർജികൾ മൂന്നംഗ ബെഞ്ചിന്

ഖനനമാണ് വിഷയമെന്നും പ്രായോഗികപരിഹാരത്തിന് എല്ലാവരും ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചു

ബഫര്‍സോണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ മൂന്നാംഗ ബെഞ്ചിന് വിട്ടു. ബെഞ്ച് സംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്, എംഎം സുന്ദരേശ് എന്നവരടങ്ങിയ രണ്ടംഗ ബെഞ്ചിന്‌റെതാണ് തീരുമാനം. വിധി ബാധകമായ എല്ലാ മേഖലകള്‍ക്കും കൂട്ടായി ഇളവ് നല്‍കുന്ന തീരുമാനം രണ്ടംഗ ബെഞ്ചിന് എടുക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ടത്. ബഫർസോൺവിധിയിലെ അപാകതകൾ പരിഹരിക്കാമെന്നും ഖനനവുമായി ബന്ധപ്പെട്ടാണ് നിഷ്ക്കർഷയെന്നും മറ്റ് ഇളവുകൾ പരിഗണിക്കാമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കേരളത്തിന് ഏറെ ആശ്വാസം നൽകുന്നതാണ് കോടതിയുടെ നിരിക്ഷണം. അതേസമയം പുനഃപരിശോധനാ ഹര്‍ജികള്‍ തത്കാലം മാറ്റിവെയ്ക്കും.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ അടക്കമുള്ള സംരക്ഷിത വനമേഖലകള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് തേടിയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും മറ്റ് സംഘടനകളടക്കമുള്ളവയും സുപ്രീംകോടതിയെ സമീപിച്ചത്. 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവില്‍ ഇളവ് വേണമെന്നായിരുന്നു ആവശ്യം. അന്തിമ വിജ്ഞാപനം ഇറങ്ങിയ മേഖലകളില്‍ നേരത്തെ ഇളവ് നല്‍കിയിരുന്നു. സമാനമായി കരട് വിജ്ഞാപനമിറങ്ങിയ ഇടങ്ങളിലും ഇളവ് അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കേരളം, കര്‍ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ക്ക് പുറമെ സ്വകാര്യ ഹര്‍ജിക്കാരും കോടതിയെ സമീപിച്ചിരുന്നു.

വീണ്ടും കുറയ്ക്കുന്നത് എല്ലാ പ്രദേശങ്ങള്‍ക്കും പ്രായോഗികമല്ലെന്നും കൂടുതല്‍ പരിശോധന ആവശ്യമുണ്ടെന്നും അമികസ് ക്യൂറി അറിയിച്ചു.

ഹര്‍ജിയിലെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കരുതെന്നാണ് അമിക്കസ് ക്യൂറി കെ പരമേശ്വര്‍ കോടതിയെ അറിയിച്ചത്. എല്ലാ മേഖലയ്ക്കും ഒരു പോലെ ഇളവ് അനുവിദക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം 10 കിലോ മീറ്ററായിരുന്നു ബഫര്‍സോണ്‍. അത് പിന്നീട് അഞ്ച് കിലോമീറ്ററായും പിന്നീട് ഒരു കിലോമീറ്ററായും കുറച്ചു. വീണ്ടും കുറയ്ക്കുന്നത് എല്ലാ പ്രദേശങ്ങള്‍ക്കും പ്രായോഗികമല്ലെന്നും കൂടുതല്‍ പരിശോധന ആവശ്യമുണ്ടെന്നും അമികസ് ക്യൂറി അറിയിച്ചു. അതു കൂടി പരിഗണിച്ചാണ് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ടത്. മൂന്നംഗ ബെഞ്ച് വിഷയം പരിഗണിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു.

ഖനനം നിയന്ത്രിക്കുകയാണ് ബഫര്‍സോണ്‍ വിധികൊണ്ട് പ്രധാനമായും ഉദ്ദേശിച്ചതെന്നും മറ്റ് ഇളവുകള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി

ബഫര്‍സോണ്‍ വിധിയില്‍ ഇളവ് നല്‍കിയേക്കുമെന്ന സൂചന നല്‍കുന്നതാണ് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിടാനുള്ള തീരുമാനം. ഖനനം നിയന്ത്രിക്കുകയാണ് ബഫര്‍സോണ്‍ വിധികൊണ്ട് പ്രധാനമായും ഉദ്ദേശിച്ചതെന്നും മറ്റ് ഇളവുകള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജികള്‍ മാറ്റിവെയ്ക്കാനും ഉളവ് തേടിയുളള ഹര്‍ജികള്‍ മാത്രം മൂന്നംഗ ബെഞ്ചിന് വിടാനുമാണ് തീരുമാനം. വിധിയിൽ മാറ്റം വന്നാൽ പുനഃപരിശോധന വേണ്ടല്ലോ എന്ന് കോടതി വ്യക്തമാക്കി. ഇതോടെ കേരളം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തത്കാലം പരിഗണിക്കില്ല.

സുപ്രീംകോടതി നടപടി പ്രതീക്ഷ നല്‍കുന്ന തീരുമാനമെന്ന് താമരശ്ശേരി ബിഷപ്പ്

'കേരളത്തിന് ആശ്വാസം'

ബഫര്‍സോണ്‍ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി കേരളത്തിന് ആശ്വാസകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ബഫര്‍സോണില്‍ ക്വാറി ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ഇളവ് നല്‍കിക്കൂടെ എന്ന് കോടതി ചോദിച്ചത് ആശ്വാസകരമെന്നും ജനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുമെന്നും മന്ത്രി പ്രതികരിച്ചു.

ബഫര്‍സോണ്‍ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി പ്രതീക്ഷ നല്‍കുന്ന തീരുമാനമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയേൽ പ്രതികരിച്ചു. ബഫര്‍ സോണ്‍ വിഷയം ജനത്തെ ബാധിക്കുന്ന പ്രശ്‌നമെന്ന് കോടതി മനസിലാക്കിയെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in