ഗോ ഫസ്റ്റിന്റെ പാപ്പരത്വം അംഗീകരിച്ചതിനെതിരെ മൂന്ന് ഹർജികൾ; വിധി മേയ് 22ന്

ഗോ ഫസ്റ്റിന്റെ പാപ്പരത്വം അംഗീകരിച്ചതിനെതിരെ മൂന്ന് ഹർജികൾ; വിധി മേയ് 22ന്

വിമാനക്കമ്പനിക്ക് വിമാനം വാടകയ്ക്ക് നൽകുന്ന മൂന്നു സ്ഥാപനങ്ങളാണ് ഗോ ഫസ്റ്റിനെതിരെ ഹർജി നൽകിയത്

ഗോ ഫസ്റ്റ് എയർലൈസിന്റെ പാപ്പരത്വം അംഗീകരിച്ചതിനെതിരെയുള്ള മൂന്ന് ഹർജികളിൽ വിധി മേയ് 22ന് പുറപ്പെടുവിക്കുമെന്ന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ‌സി‌എൽ‌ടി). വിമാനകമ്പനിക്ക് വിമാനം വാടകയ്ക്ക് നൽകുന്ന (എയർക്രാഫ്റ്റ് ലീസേഴ്സ്) മൂന്നു സ്ഥാപനങ്ങളാണ് ഗോ ഫസ്റ്റിനെതിരെ ഹർജി നൽകിയത്. ചെയർപേഴ്‌സൺ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇന്ന് വാദം പൂർത്തിയാക്കിയ ശേഷം വിധി പറയുന്നത് നീട്ടി വയ്ക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ രേഖകൾ കൈവശമുണ്ടെങ്കിൽ സമർപ്പിക്കണമെന്നും ഹർജിക്കാരോട് ബെഞ്ച് ആവശ്യപ്പെട്ടു.

എസ്എംബിസി ഏവിയേഷൻ ക്യാപിറ്റൽ ലിമിറ്റഡ്, ജി വൈ ഏവിയേഷൻ, എസ്എഫ് വി എയർക്രാഫ്റ്റ് ഹോൾഡിംഗ്‌സ് എന്നീ കമ്പനികളാണ് ഹർജി നൽകിയത്. ഗോ ഫസ്റ്റിന് വേണ്ടി മൂന്ന് സ്ഥാപനങ്ങളും 21 വിമാനങ്ങൾ പാട്ടത്തിനെടുത്ത് നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. അതിനിടെ ഈ മാസം നടത്തേണ്ട 45 സർവീസുകൾ ഗോ ഫസ്റ്റ് റദ്ദാക്കിയായതിനെതിരെ നിരവധി കമ്പനികൾ ഡിജിസിഎയെ സമീപിച്ചിട്ടുണ്ട്. ഈ മാസം മൂന്നാം തിയതിയാണ് ഗോ ഫസ്റ്റ് സർവീസ് നിർത്തിവച്ചത്.

ഇക്കഴിഞ്ഞ മെയ് പത്തിന് ഗോ ഫസ്റ്റ് എയർലൈസിന്റെ പാപ്പരത്വ ഹർജിക്ക് എൻ‌സി‌എൽ‌ടി അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ് ജസ്റ്റിസ് രാമലിംഗം സുധാകർ, എൽഎൻ ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് പാപ്പരത്ത പരിഹാര പ്രക്രിയ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ അംഗീകരിച്ചത്.കടക്കെണിയിലായ കമ്പനിയുടെ നടത്തിപ്പിനായി അഭിലാഷ് ലാലിനെ ഇടക്കാല റെസൊലൂഷൻ പ്രൊഫഷണലായും (ഐആർപി) നിയമിച്ചിരുന്നു.

logo
The Fourth
www.thefourthnews.in