ടൈംസ് ഗ്രൂപ്പ് വിഭജിച്ചു ; പത്രം സമീർ ജെയിന്,ടിവി വിനീത് ജെയിന്

ടൈംസ് ഗ്രൂപ്പ് വിഭജിച്ചു ; പത്രം സമീർ ജെയിന്,ടിവി വിനീത് ജെയിന്

പ്രതിദിനം 30 ലക്ഷം കോപ്പികളാണ് ടൈംസ് ഓഫ് ഇന്ത്യ വിറ്റഴിക്കുന്നത്

ടൈംസ് ഓഫ് ഇന്ത്യയുടെ മാതൃസ്ഥാപനമായ ടൈംസ് ഗ്രൂപ്പ് വിഭജിച്ചു. പത്രമേഖല സമീർ ജെയിനും ഡിജിറ്റൽ മേഖല ഇളയ സഹോദരൻ വിനീത് ജെയിനുമാണ് ഏറ്റെടുത്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, നവഭാരത് ടൈംസ്, വിജയ് കർണാടക തുടങ്ങിയ പേപ്പറുകൾ അടങ്ങുന്ന മുഴുവൻ പ്രിന്റ് ബിസിനസ്സുകളും സമീർ ജെയിന്റെ കീഴിലാകും. ബ്രോഡ്കാസ്റ്റ്, റേഡിയോ മിർച്ചി, എന്റർടൈൻമെന്റ് (ഇഎൻഐഎൽ), കൂടാതെ ഫിലിംഫെയർ, ഫെമിന തുടങ്ങിയ മറ്റ് ബിസിനസ്സുകളും അവരുടെ ഇവന്റ് ഐപികളും, ടൈംസ് ഇന്റർനെറ്റ് ലിമിറ്റഡിന് കീഴിൽ ക്ലബുചെയ്‌ത ഓൺലൈൻ എഡിഷനുകളും,ടെലിവിഷനും വിനീത് ജെയിൻ ഏറ്റെടുക്കും.

രാജ്യത്തെ പ്രമുഖ പത്രമായ ദി ടൈംസ് ഓഫ് ഇന്ത്യയെയും സാമ്പത്തിക ദിനപത്രമായ ദി ഇക്കണോമിക് ടൈംസിനെയും നിയന്ത്രിക്കുന്ന ടൈംസ് ഗ്രൂപ്പിനെ (ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡ് അല്ലെങ്കിൽ ബിസിസിഎൽ) കഴിഞ്ഞ ഒരു വര്‍ഷമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ഡൽഹിയിലെ ലുട്ടിയൻസ് ബംഗ്ലാവിൽ വച്ച് വ്യാഴാഴ്ചയാണ് ബെന്നറ്റ് കോൾമാൻ ആൻഡ് കോ ലിമിറ്റഡ് (ബിസിസിഎൽ) കമ്പനിയുടെ വിഭജനം നടന്നത്. വിഭജനവുമായി ബന്ധപ്പെട്ട ധാരണാപത്രം അവിടെ വച്ച് ഇരുവരും ഒപ്പുവച്ചതായാണ് വിവരം. പ്രതിദിനം 30 ലക്ഷം കോപ്പികളാണ് ടൈംസ് ഓഫ് ഇന്ത്യ വിറ്റഴിക്കുന്നത്.

എംഎക്‌സ് പ്ലെയറിനൊപ്പം എല്ലാ ഓൺലൈൻ പതിപ്പുകളും ടൈംസ് ഇന്റർനെറ്റ് ലിമിറ്റഡിന്റെ ഭാഗമായിരുന്നത് ജെയിൻ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ പ്രധാന കാരണമായിരുന്നു. ഗ്രൂപ്പിന്റെ ഏറ്റവും വരുമാനം ലഭിക്കുന്ന ബിസിനസ് പത്ര മേഖലയായതിനാൽ വിഭജനത്തില്‍ തുല്യത വരുത്തുന്നതിന് സമീര്‍ ജെയിന്‍ ഒരു നിശ്ചിത തുക വിനീത് ജെയിന് നല്‍കേണ്ടി വരും. കുറഞ്ഞത് 3500 കോടി രൂപയെങ്കിലും ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും പല ഘടകങ്ങളെ ആശ്രയിച്ച് ഇത് 5000 കോടിയായി ഉയരാൻ സാധ്യതയുണ്ട്.

എന്നാൽ ഇതിനോടകം തന്നെ പ്രിന്റ് മേഖല സമീർ കൈകാര്യം ചെയ്യുന്നതായും റേഡിയോ, ടൈംസ് ഇൻറർനെറ്റ് തുടങ്ങിയവ വിനീത് നടത്തുന്നതായും ടൈംസ് ഗ്രൂപ്പ് അധികൃതർ പറഞ്ഞു. ടൈംസ് ഗ്രൂപ്പിന്റെ തന്ത്രപ്രധാന നിക്ഷേപ വിഭാഗമായ ,ബ്രാൻഡ് ക്യാപിറ്റലായ ബെന്നറ്റ് സർവ്വകലാശാലയുടെ മൂല്യം ഇതുവരെകണക്കാക്കിയിട്ടില്ല. ഇതിന്റെ മൂല്യ നിർണയം പിന്നീട് നടത്തി വിഭജിക്കും. അതുപോലെ ബിസിസിഎൽ അതിന്റെ അഞ്ച് അനുബന്ധ സ്ഥാപനങ്ങളായ മൈൻഡ് ഗെയിംസ് ഷോസ് പ്രൈവറ്റ് , അനന്ത പ്രോപ്പർട്ടീസ് പ്രൈവറ്റ് , അമൃത എസ്റ്റേറ്റ്സ് പ്രൈവറ്റ് , ടൈംസ് ഡിജിറ്റൽ, ടൈംസ് ജേണൽ, വിനബെല്ല മീഡിയ ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് എന്നിവയും ലയിപ്പിക്കുന്നു.

വിനീതിനെക്കാൾ പത്ത് വയസ്സ് പ്രായക്കൂടുതലുള്ള സമീർ ബിസിസിഎൽ വൈസ് ചെയർമാനും വിനീത് മാനേജിംഗ് ഡയറക്ടറുമാണ്. ബിസിനസിലെ മിടുക്ക്, ജീവിതശൈലി, കമ്പനി കാര്യങ്ങളിലെ കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിൽ ഇരുവരും വ്യത്യസ്തത പുലർത്തുന്നവരാണ്. എൻ‌സി‌എൽ‌ടി അംഗീകാരത്തിലൂടെ കമ്പനിയുടെ വിഭാഗമായ ഗ്രേഡ്അപ്പ് ഇതിനകം ബൈജൂസുമായി ലയിപ്പിച്ചതായി അതിന്റെ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.

logo
The Fourth
www.thefourthnews.in