ബെംഗളൂരു - മൈസൂരു അതിവേഗ പാതയിൽ ടോൾ കൂട്ടി; 22 ശതമാനം വർധനയിൽ കീശ കീറി യാത്രക്കാർ

ബെംഗളൂരു - മൈസൂരു അതിവേഗ പാതയിൽ ടോൾ കൂട്ടി; 22 ശതമാനം വർധനയിൽ കീശ കീറി യാത്രക്കാർ

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മരവിപ്പിച്ച നിരക്ക് വർധനയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്

കർണാടകയിലെ ബെംഗളൂരു - മൈസൂരു അതിവേഗ പാതയിൽ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയ പാത അതോറിറ്റി. നിലവിലെ നിരക്കിനേക്കാൾ 22 ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും  നിയമസഭാ തിരഞ്ഞെടുപ്പായതിനാൽ തിരിച്ചടി ഭയന്ന് കേന്ദ്രസർക്കാർ ഇടപെട്ട് വർധന മരവിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരുമാസമാകവേയാണ്  നിരക്ക് വർധന വീണ്ടും നടപ്പിലാക്കുന്നത്.

കാർ, ജീപ്പ്, വാൻ എന്നീ വാഹനങ്ങൾ ഒറ്റ തവണ യാത്ര ചെയ്യുന്നതിന് നേരത്തെ 135 രൂപ നൽകേണ്ടിയിരുന്നത്  ഇപ്പോൾ   165 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. മടക്കയാത്ര കൂടി ഉണ്ടെങ്കിൽ ടോൾ നിരക്ക് 205 രൂപയിൽ നിന്ന് 250 രൂപയാകും. ബസ് ഉൾപ്പടെയുള്ള രണ്ട് ആക്‌സിലുള്ള ചരക്ക് വാഹനങ്ങൾക്ക്   ഒറ്റത്തവണ യാത്ര ചെയ്യാൻ നേരത്തെ നൽകി വന്ന 460 രൂപ  565 രൂപയായും മടക്കയാത്രയ്ക്ക് നൽകേണ്ടിയിരുന്ന 690 രൂപ 850 രൂപയാക്കിയും ഉയർത്തികൊണ്ടാണ്  ദേശീയ പാത അതോറിറ്റി പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളൂരു - മൈസൂരു അതിവേഗ പാതയിൽ ടോൾ കൂട്ടി; 22 ശതമാനം വർധനയിൽ കീശ കീറി യാത്രക്കാർ
കര്‍ണാടക തിരഞ്ഞെടുപ്പ്: ബെംഗളൂരു - മൈസൂരു അതിവേഗ പാതയിൽ ടോൾ നിരക്ക് വർധന മരവിപ്പിച്ചു

ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈർഘ്യം മൂന്നു മണിക്കൂറിൽ നിന്ന് 75 - 90 മിനുറ്റായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതകൊണ്ടുള്ള ഗുണം. എന്നാൽ പാത ഉദ്‌ഘാടനം ചെയ്യും മുൻപേ ടോൾ നിരക്കിനെ ചൊല്ലി ആക്ഷേപം ഉയർന്നിരുന്നു. യാത്രക്കാരുടെ കീശ കീറുന്ന ഉയർന്ന ടോൾ നിരക്ക് ചോദ്യംചെയ്ത് നിരവധി പേർ രംഗത്തെത്തിയിരുന്നെങ്കിലും അതൊന്നും ചെവികൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്ന സൂചനയാണ് വീണ്ടും 22 ശതമാനം നിരക്ക് വർധന ഏർപ്പെടുത്തിയതിലൂടെ ലഭിക്കുന്നത്. അനുബന്ധ പാതകളുടെയും അടിപ്പാതകളുടെയും ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളുടെയും പണി പൂർത്തിയാക്കാതെയാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ അതിവേഗ പാത ഉദ്‌ഘാടനം ചെയ്തത്. ഇപ്പോഴും പ്രദേശത്തെ കർഷകർ ഇക്കാര്യം ചൂണ്ടിക്കാട്ടി സമരത്തിലാണ്.

logo
The Fourth
www.thefourthnews.in