'കേരളത്തില്‍ ഗുസ്തി, ത്രിപുരയില്‍ ദോസ്തി'; ഇടത് കോണ്‍ഗ്രസ് സഖ്യത്തെ പരിഹസിച്ച് മോദി; ത്രികോണ മത്സരം അനൂകൂലം- യെച്ചൂരി

'കേരളത്തില്‍ ഗുസ്തി, ത്രിപുരയില്‍ ദോസ്തി'; ഇടത് കോണ്‍ഗ്രസ് സഖ്യത്തെ പരിഹസിച്ച് മോദി; ത്രികോണ മത്സരം അനൂകൂലം- യെച്ചൂരി

'ത്രിപ മോത്ത'യുടെ പിന്തുണ പാര്‍ട്ടിക്ക് ലാഭമുണ്ടാകുമെന്ന് യച്ചൂരി

ത്രിപുരയില്‍ തിരഞ്ഞെടുപ്പ് കളം ചൂടുപിടിക്കുമ്പോള്‍ ആരോപണങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ദേശീയ നേതാക്കള്‍. ഇടത് കോണ്‍ഗ്രസ് സഖ്യവും, ത്രികോണ മത്സരവും അധികാരത്തിലേക്ക് തിരിച്ചെത്താന്‍ സഹായിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി വ്യക്തമാക്കുന്നു. എന്നാല്‍ ഇടത് കോണ്‍ഗ്രസ് സഖ്യത്തെ നേരിട്ട് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. സംസ്ഥാനത്തെ പഴയ ദുര്‍ഭരണക്കാര്‍ ഒന്നിച്ചെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

സംസ്ഥാനത്തിന്റെ വികസനം പതിറ്റാണ്ടുകളായി തടഞ്ഞുവച്ച, ദുര്‍ഭരണക്കാരായ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഇപ്പോള്‍ ഒന്നിച്ചു

ത്രിപുരയെ കലാപത്തില്‍ നിന്നും മുക്തമാക്കിയത് ബിജെപിയാണ്. സംസ്ഥാനത്തിന്റെ വികസനം പതിറ്റാണ്ടുകളായി തടഞ്ഞുവച്ച, ദുര്‍ഭരണക്കാരായ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഇപ്പോള്‍ ഒന്നിച്ചെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നരേന്ദ്ര മോദി ആരോപിച്ചു. മറ്റ് ചിലര്‍ ഈ സഖ്യത്തെ സഹായിക്കുന്നു എന്നും ത്രിപ മോത്ത പാര്‍ട്ടിയെ പരാമര്‍ശിച്ചും മോദി പ്രതികരിച്ചു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

എന്നാല്‍, സഖ്യത്തില്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ത്രിപുര തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ് സംഖ്യത്തിനാകും. ഗോത്ര പാര്‍ട്ടിയായ 'ത്രിപ മോത്ത' പിന്തുണ കൂടി ലഭിക്കുന്ന പക്ഷം സംസ്ഥാനത്തെ ബിജെപിയുടെ ആദിവാസി വോട്ടുകളില്‍ ഇടിവ് വരുമെന്നും യച്ചൂരി ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗവും ഗോത്ര സമുദായമായതിനാല്‍, വരും തിരഞ്ഞെടുപ്പില്‍ 'ത്രിപ മോത'യുടെ പിന്തുണ പ്രതിപക്ഷ സഖ്യത്തിന് തുണയാകും. ത്രിപ മോത്തയുമായി തിരഞ്ഞെടുപ്പിന് മുമ്പ് ധാരണയില്ല. ആര്‍ക്കാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയെന്ന് താഴേത്തട്ടിലുള്ള നേതാക്കന്‍മാര്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഗോത്ര വര്‍ഗ്ഗക്കാര്‍ക്കായി 20 സീറ്റുകളാണ് ത്രിപുരയില്‍ സംവരണം ചെയ്തിട്ടുള്ളത്. 2018ലെ തിരഞ്ഞെടുപ്പില്‍ 18 സംവരണ സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. 60 സീറ്റുകളുള്ള ത്രിപുര നിയമസഭയില്‍ 36 സീറ്റുകള്‍ നേടിയ ബിജെപി അധികാരത്തിലെത്തി. അതില്‍ പകുതിയും പിന്നോക്ക സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 42.22 ശതമാനവും ബിജെപിക്ക് 43.59 ശതമാനവും വോട്ടാണ് ലഭിച്ചതിരുന്നത്. 2013ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അഴിച്ചുവിട്ട അടിച്ചര്‍ത്തലുകളെ പ്രതിരോധിച്ചത് സിപിഎമ്മായിരുന്നു. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in