ഓൺലൈൻ ഗെയിമുകൾക്ക് ഇനി കാശിറക്കേണ്ടി വരും; 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി

ഓൺലൈൻ ഗെയിമുകൾക്ക് ഇനി കാശിറക്കേണ്ടി വരും; 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി

ഇന്ന് ചേർന്ന അൻപതാമത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം

ഓൺലൈൻ ഗെയിമുകൾക്ക് ഇനി ചെലവേറും. ഗെയിമിങ് കമ്പനികൾ, കുതിരയോട്ടം, കാസിനോസ് തുടങ്ങിയ ഗെയിമുകൾക്ക് ഇനി മുതൽ 28 ശതമാനം നികുതി അടക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഇന്ന് ചേർന്ന അൻപതാമത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ഗെയിമുകൾക്ക് 18 ശതമാനമായിരുന്നു നേരത്തെ സർക്കാർ ചുമത്തിയ ജിഎസ്ടി.

സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പാനലിന്റെ നിർദ്ദേശ പ്രകാരമാണ് കാസിനോകൾ, കുതിരപ്പന്തയം, ഓൺലൈൻ ഗെയിമിംഗ് എന്നിവയുൾപ്പെടെയുള്ള ഗെയിമുകൾക്ക് നികുതി നിരക്ക് വർധനവ്. വാതുവയ്‌പ്പുകൾക്കാണോ, ഓൺലൈൻ ഗെയിമിങ്ങിൽ നിന്നുള്ള വരുമാനത്തിനാണോ, പ്ലാറ്റ്‌ഫോമിന് മൊത്തത്തിലാണോ നികുതി വർധന വരുത്തേണ്ടതെന്ന മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പാനലിനുണ്ടായിരുന്ന സംശയം.

എന്നാൽ ഓൺലൈൻ ഗെയിമുകൾക്ക് മുഴുവനായി നികുതി നിരക്ക് വർധിപ്പിക്കാമെന്ന അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രി വ്യക്തമാക്കുകയായിരുന്നു. അതിൽ വൈദഗ്ധ്യം ആവശ്യമുള്ള ഗെയിമുകളെന്നോ, വിനോദത്തിന് വേണ്ടിയുള്ള ഗെയിമുകളെന്നോ ഇല്ലാതെ മൊത്തത്തിലാകും നികുതി വർധനവ് ഉണ്ടാകുക.

ഓൺലൈൻ ഗെയിമിന്റെ ജിഎസ്ടി 28 ശതമാനമായി ഏർപ്പെടുത്തണമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അധ്യക്ഷനായ മന്ത്രിമാരുടെ സംഘം ജിഎസ്ടി കൗൺസിലിന് റിപ്പോർട്ട് സമർപ്പിച്ച് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്ന് ജിഎസ്ടി കൗൺസിൽ സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നികുതി വർധനവ്.

logo
The Fourth
www.thefourthnews.in