ഭരണഘടന അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച രണ്ട് സ്ത്രീകൾ

ഭരണഘടന അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച രണ്ട് സ്ത്രീകൾ

അസംബ്ലിയിൽ ആകെ 389 അംഗങ്ങളാണുള്ളത്. അതിൽ 292പേർ വ്യത്യസ്ത പ്രവിശ്യകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടു വന്നവരാണ്

ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകിയ ഭരണഘടനാ നിർമാണസഭ നിലവിൽ വരുന്നത് 1947ൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ്. ബ്രിട്ടീഷുകാർ അവർ തയ്യാറാക്കിയ ഭരണഘടനാ നമുക്കുമേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ നിന്നുതന്നെ ഉയർന്ന ആവശ്യമായിരുന്നു സ്വന്തമായൊരു ഭരണഘടന എന്നത്. ഈ ചർച്ചയിൽ ആരംഭിച്ച ഭരണഘടനാ നിർമാണപ്രക്രിയ ചെന്നവസാനിച്ചത് ലോകത്തിലെതന്നെ ഏറ്റവും വലിയ ഭരണഘടന തയ്യാറാക്കുന്നതിലേക്കാണ്.

1936ൽ ലക്‌നൗവിൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യോഗത്തിലാണ് ഇന്ത്യയ്ക്ക് സ്വന്തമായൊരു ഭരണഘടന വേണമെന്ന ആവശ്യം ഉയർന്നത്. ഇന്ത്യക്കാരുടെ അഭിലാഷങ്ങൾക്കെതിരായി കണക്കാക്കുന്ന ഭരണഘടന തങ്ങളിൽ അടിച്ചേല്പിക്കാൻ 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് ബ്രിട്ടീഷുകാർ നടത്തുന്ന ശ്രമത്തെ ഇല്ലാതാക്കാൻ 1935ലെ നിയമം തന്നെ തള്ളിക്കളയാനും, പുതിയ ഭരണാഘടന നിർമിക്കാനുമുള്ള ആവശ്യമുയർന്നു. സി രാജഗോപാലാചാരിയാണ് 1939 നവംബർ 15ന് ഭരണഘടനാ സമിതി രുപീകരിക്കണം എന്ന ആവശ്യം ഉയർത്തുന്നത്. 1940 ഓഗസ്റ്റ് 8 ന് ബ്രിട്ടൻ ആവശ്യം അംഗീകരിച്ചു.

1940 ഓഗസ്റ്റ് എട്ടാംതീയതിയാണ് ഗവർണർ ജനറലിന്റെ എക്സിക്യൂട്ടിവ് കൗൺസിലിന്റെ വിപുലീകരണം എന്ന നിലയ്ക്ക് ഭരണഘടനാ സമിതി രൂപീകരിക്കാൻ വൈസ്രോയി അനുമതി നൽകുന്നത്. ഒരു വാർ അഡ്വൈസറി കൗൺസിൽ രൂപീകരിക്കാനും തീരുമാനമായി. ഓഗസ്റ്റ് മാസം ബ്രിട്ടീഷ് അധികൃതർ സ്വീകരിച്ച അനുകൂല നടപടിയെ വിളിക്കുന്ന പേര്, 'ഓഗസ്റ്റ് ഓഫർ' എന്നാണ്. 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാനിന്റെ ഭാഗമായി ഭരണഘടനാ സമിതിയിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പും നടന്നു.

ഭരണഘടന അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച രണ്ട് സ്ത്രീകൾ
2024 റിപ്പബ്ലിക് പരേഡിൽ സ്ത്രീകൾ മാത്രം; ചരിത്ര തീരുമാനവുമായി കേന്ദ്രം

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് ഭരണഘടനാ അസംബ്ലിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അസംബ്ലിയിൽ ആകെ 389 അംഗങ്ങളാണുള്ളത്. അതിൽ 292പേർ വ്യത്യസ്ത പ്രവിശ്യകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടു വരുന്നവരാണ്. അവരുടെ തിരഞ്ഞെടുപ്പ് 1946 ഓഗസ്റ്റ് മാസമാകുമ്പോഴേക്കും പൂർത്തിയായിരുന്നു. 93 പേർ നാട്ടുരാജ്യങ്ങളുടെ പ്രതിനിധികളായി അസംബ്ലിയിലെത്തി. ഡൽഹി, അജ്മീർ, കുടക്, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് നാലുപേരും അസംബ്ലിയുടെ ഭാഗമായി.

ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 296പേരിൽ 208പേരും കോൺഗ്രസുകാരാണ്. 73 സീറ്റുകളിൽ മുസ്ലിം ലീഗും ജയിച്ചു. തിരഞ്ഞെടുപ്പിനു ശേഷം വിഭജനാവശ്യങ്ങളുയർന്ന സാഹചര്യത്തിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ മുസ്ലിം ലീഗിന് ബുദ്ധിമുട്ടായി. 1947 ജൂൺ മൂന്ന് ആകുന്നതോടെ ക്യാബിനറ്റ് മിഷൻ പ്ലാൻ എടുത്തുകളഞ്ഞ് മൗണ്ട് ബാറ്റൺ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 കൊണ്ടുവന്നു. ജൂണിൽ തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് ഏകദേശം ഉറപ്പായിരുന്നു. ആക്ട് പാസാക്കുന്നത് 1947 ജൂലൈലാണ്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു.

പ്രവിശ്യകളിൽ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുത്തത് അതാത് പ്രവിശ്യ അസംബ്ലികളായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യ അസംബ്ലികളിൽ നിന്നുള്ള അംഗങ്ങളാണ് ഭരണഘടനാ നിർമാണസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തത്.

സിന്ധിൽ നിന്നും, കിഴക്കൻ ബംഗാളിൽ നിന്നും, ബലൂചിസ്ഥാനിൽ നിന്നും, പടിഞ്ഞാറൻ പഞ്ചാബിൽ നിന്നും വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രവിശ്യകളിൽ നിന്നുമെല്ലാം ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പാകിസ്താൻ രൂപീകരിക്കപ്പെട്ടതോടെ കറാച്ചിയിൽ ചേർന്ന പാകിസ്താന്‍ ഭരണഘടനാ നിർമാണസഭ യോഗത്തിന്റെ ഭാഗമായി.

ഭരണഘടന അസംബ്ലിയിലെ രണ്ട് മലയാളികൾ; രണ്ട് സ്ത്രീകൾ

കേരളത്തിൽ നിന്ന് രണ്ട് വനിതകളാണ് ഭരണഘടനാ നിർമാണ സഭയിലുണ്ടായിരുന്നത്. ഒന്ന് മഹാത്മാഗാന്ധിയോടുള്ള ആഭിമുഖ്യം കാരണം സ്വാതന്ത്ര്യ സമരത്തിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഭാഗമായ അമ്മു സ്വാമിനാഥനാണ്. രണ്ടാമത്തേത് ദളിത് പശ്ചാത്തലത്തിൽ വളർന്ന് സാമൂഹിക പിന്നോക്കാവസ്ഥകളോട് പൊരുതി ഒരു അഭിഭാഷകയായും രാഷ്ട്രീയ പ്രവർത്തകയായും സ്വയം അടയാളപ്പെടുത്തിയ നേതാവ് ദാക്ഷായണി വേലായുധൻ.

1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായതിനെ തുടർന്ന് അമ്മു സ്വാമിനാഥനെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. വെല്ലൂർ ജയിലിൽ കഴിയുന്ന സമയത്ത് ഒരു സഹതടവുകാരിക്ക് ജാതീയമായ അധിക്ഷേപം നേരിടേണ്ടി വന്നപ്പോൾ അമ്മു സ്വാമിനാഥൻ നടത്തിയ ഇടപെടൽ ആളുകൾ എടുത്ത് പറയുന്നതാണ്. കൂട്ടത്തിലൊരാൾ മറ്റൊരു സ്ത്രീയെ ശൂദ്രച്ചി എന്ന് വിളിച്ചപ്പോൾ അമ്മു സ്വാമിനാഥൻ ആ വിളിച്ചയാളെ ചോദ്യം ചെയ്യുകയായിരുന്നു. പാലക്കാട് ജില്ലയിൽ ആനക്കര വടക്കത്ത് വീട്ടിലാണ് അമ്മു സ്വാമിനാഥൻ ജനിക്കുന്നത്. 1952ൽ മദ്രാസ് പ്രവിശ്യയിൽ നിന്നും രാജ്യസഭാംഗമായി. ധീരതയുടെ പേരിലും, നടത്തിയ സാമൂഹിക ഇടപെടലുകളുടെ പേരിലും പേരെടുത്ത അമ്മു സ്വാമിനാഥന്റെ കൊച്ചുമകളാണ് ഇപ്പോഴത്തെ സിപിഎം നേതാവായ സുഭാഷിണി അലി.

ഭരണഘടനാ നിർമാണസഭയിലുണ്ടായിരുന്ന മറ്റൊരു മലയാളി സ്ത്രീയായിരുന്നു ദാക്ഷായണി വേലായുധൻ. അവർ ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ബിരുദധാരി, ആദ്യത്തെ കൊച്ചി നിയസഭ അംഗം തുടങ്ങി ഭരണഘടന നിർമ്മാണസഭയിലെ ഏക ദളിത് വനിത എന്നീ പ്രത്യേകതകളുള്ള വനിതയാണ്. ഇതെല്ലാം പ്രത്യേകതകളാകുന്നത് സാമൂഹികമായി ആ സമൂഹം അനുഭവിച്ചിരുന്ന പിന്നാക്കാവസ്ഥയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. 1912ൽ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമത്തിൽ പുലയ സമുദായത്തിൽപ്പെട്ട കുഞ്ഞന്റെയും മാണിയുടെയും മകളായാണ് ദാക്ഷായണി വേലായുധൻ ജനിക്കുന്നത്. ദാക്ഷായണി എന്ന പേര് തന്നെ അന്ന് ഒരു വിപ്ലവമായിരുന്നു.

ഭരണഘടന അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച രണ്ട് സ്ത്രീകൾ
റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോ പ്രദർശനം: 'എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് കെമിസ്ട്രിയിലാണ് ദാക്ഷായണി വേലായുധന്റെ ബിരുദം. ആദ്യമായി ഒരു ദളിത് പെൺകുട്ടി ബിരുദത്തിനു പഠിക്കുന്നു എന്നതുതന്നെ വലിയ കാര്യമായതിനാൽ വാർത്തകൊടുക്കാൻ കോളേജ് പടിക്കലെത്തിയ പത്രപ്രവർത്തകർക്ക് അവരെ തിരിച്ചറിയാൻ പോലും സാധിച്ചില്ല. പിന്നോക്കാവസ്ഥയിലുള്ള, ദാരിദ്ര്യത്തിലുള്ള ഒരു പെൺകുട്ടിയുടെ മുഷിഞ്ഞ വേഷത്തിൽ അവരെ പ്രതീക്ഷിച്ച പത്രക്കാർക്ക് മുന്നിലേക്ക് മറ്റെല്ലാവരെയുംപോലെ മനോഹരമായായിരുന്നു വസ്ത്രം ധരിച്ച് അവരെത്തിയത്. ദളിതരെ കുറിച്ചുള്ള എല്ലാ ധാരണകളെയും അട്ടിമറിക്കുന്നതായിരുന്നു അവരുടെ ജീവിതംതന്നെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in