സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് സൈനികര്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് സൈനികര്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

കൊല്ലപ്പെട്ടത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ജോലിക്കെത്തിയവര്‍

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സൈനികരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചുകൊന്നു. ഗുജറാത്തിലെ പോര്‍ബന്തറിലാണ് സംഭവം. വെടിവെയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സനത് കുമാര്‍ എന്ന സൈനികനാണ് വെടിയുതിര്‍ത്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം. എകെ 47 തോക്കുപയോഗിച്ച് സനത് കുമാര്‍ സഹപ്രവര്‍ത്തകരെ വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ മണിപ്പൂരിൽ നിന്നുള്ള ഇന്ത്യാ റിസർവ് ബറ്റാലിയന്റെ (ഐആർബി) ഭാഗമായവരാണ്. ഇവർ കേന്ദ്ര സായുധ പോലീസ് സേനയ്‌ക്ക് (സിഎപിഎഫ്) പുറമെ ഗുജറാത്തിൽ നിയോഗിക്കപ്പെട്ടവരാണെന്നും പോർബന്തർ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എ എം ശർമ പറഞ്ഞു.

എന്താണ് സംഘര്‍ഷത്തിനു കാരണം എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വെടിയേറ്റ രണ്ട് സൈനികരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവര്‍ സംഭവസ്ഥലത്തുനിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള ജാംനഗറിലുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഹെലികോപ്ടര്‍ വഴിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാള്‍ക്ക് വയറിലും മറ്റേയാള്‍ക്ക് കാലിലുമാണ് വെടിയേറ്റിരിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in