'അഭിപ്രായ, മത സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗം';  ഉദയനിധിയുടെ സനാതന ധർമ പരാമർശത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി

'അഭിപ്രായ, മത സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗം'; ഉദയനിധിയുടെ സനാതന ധർമ പരാമർശത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

സനാതന ധർമത്തെക്കുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 19(1)(എ), 25 അനുച്ഛേദങ്ങൾ പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗമാണ് ഉദയനിധിയുടേതെന്ന് കോടതി നിരീക്ഷിച്ചു.

ഉദയനിധിയുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്നാട്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ബിഹാർ, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഹർജികൾ ഏകീകരിക്കാൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി പരിഗണിച്ചയുടൻ ജസ്റ്റിസ് ദത്ത സ്റ്റാലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയോട് അതൃപ്തി രേഖപ്പെടുത്തി.

'അഭിപ്രായ, മത സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗം';  ഉദയനിധിയുടെ സനാതന ധർമ പരാമർശത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി
'വംശഹത്യയെന്ന് പറഞ്ഞിട്ടില്ല, വിമർശിച്ചത് മനുഷ്യത്വരഹിത വിവേചനങ്ങളെ'; സനാതന ധർമ വിവാദത്തിൽ മകനെ പിന്തുണച്ച് സ്റ്റാലിൻ

ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ സ്വാതന്ത്ര്യവും സ്വന്തം മതവും വിശ്വാസവും പ്രചരിപ്പിക്കാനുള്ള അവകാശവും ദുരുപയോഗം ചെയ്ത ശേഷം സുപ്രീംകോടതിയെ സമീപിക്കാനുള്ള പൗരന്റെ അവകാശവും ദുരുപയോഗം ചെയ്യുകയാണോ എന്നായിരുന്നു കോടതി ചോദിച്ചത്.

''നിങ്ങൾ നിങ്ങളുടെ അനുച്ഛേദം 19(1)(എ) പ്രകാരമുള്ള അവകാശം ദുരുപയോഗം ചെയ്യുന്നു. അനുച്ഛേദം 25 ഉറപ്പുനൽകുന്ന അവകാശവും ദുരുപയോഗം ചെയ്യുന്നു. എന്നിട്ട് നിങ്ങൾ അനുച്ഛേദം 32 ഉപയോഗിക്കുന്നത് ശരിയാണോ?'' എന്നായിരുന്നു ജസ്റ്റിസ് ദത്തയുടെ പരാമർശം.

താൻ ഉദയനിധിയുടെ അഭിപ്രായങ്ങളെ ന്യായീകരിക്കുന്നില്ലെന്നും ആറ് സംസ്ഥാനങ്ങളിൽ എഫ്‌ഐആറുകൾ നേരിടുന്നുണ്ടെന്നും അവ ഏകീകരിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. തുടർന്ന് ബന്ധപ്പെട്ട ഹൈക്കോടതികളെ സമീപിക്കാൻ ബെഞ്ച് നിർദേശിച്ചു.

'അഭിപ്രായ, മത സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗം';  ഉദയനിധിയുടെ സനാതന ധർമ പരാമർശത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി
വോട്ടിനും പ്രസംഗത്തിനും കോഴ: പ്രത്യേക പരിരക്ഷയില്ല, ജനപ്രതിനിധികള്‍ വിചാരണ നേരിടണം; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ഹർജിക്കാരനായ ഉദയനിധി സാധാരണക്കാരനല്ലെന്നും, ഒരു മന്ത്രിയാണെന്നും അനന്തരഫലങ്ങൾ അറിയണമെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു. തുടർന്ന് അമിഷ് ദേവ്ഗൺ, അർണബ് ഗോസ്വാമി, നൂപുർ ശർമ, മുഹമ്മദ് സുബൈർ എന്നിവരുടെ കേസുകളിൽ ഒന്നിലധികം സംസ്ഥാനങ്ങളിലെ എഫ്‌ഐആറുകൾ ഏകീകരിക്കാൻ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ചൂണ്ടിക്കാട്ടിയ അഭിഷേക് മനു സിങ്‌വി താൻ ഒരേ ഇളവ് മാത്രമാണ് തേടുന്നതെന്നും വ്യക്തമാക്കി. തുടർന്ന് ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് കോടതി മാറ്റി.

കഴിഞ്ഞ സെപ്തംബറിലായിരുന്നു സനാതന ധർമത്തിനെതിരെ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധർമം സാമൂഹ്യനീതിക്കെതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പരാമർശം.

''ചില കാര്യങ്ങൾ നമുക്ക് എതിർക്കാനാകില്ല, പകരം അത് ഇല്ലാതാക്കണം. ഉദാഹരണത്തിന് ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാനാവില്ല, അവ ഉന്മൂലനം ചെയ്യണം. അതുപോലെയാണ് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതും,'' എന്നായിരുന്നു ഉദയനിധി പറഞ്ഞത്.

logo
The Fourth
www.thefourthnews.in