ഉദയനിധി സ്റ്റാലിൻ
ഉദയനിധി സ്റ്റാലിൻ

സനാതന ധര്‍മ്മ ഡെങ്കുവും മലേറിയയും പോലെ; ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ചൂടുപിടിക്കുന്നു

ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന സനാതന ധര്‍മ്മം എന്ന ആശയം എതിർക്കുകയല്ല, തുടച്ച് നീക്കുകയാണ് വേണ്ടതെന്നും ഉദയനിധി

സനാതന ധര്‍മ്മം സാമൂഹ്യ നീതി എന്ന ആശയത്തിന് യോജിച്ചതല്ലെന്നും അത് ഉന്മൂലം ചെയ്യണമെന്ന് താന്‍ വിശ്വസിക്കുന്നതായും തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ.സനാതന ധര്‍മ്മത്തെ ഡെങ്കു മലേറിയ തുടങ്ങിയ രോഗങ്ങളുമായും അദ്ദേഹം താരതമ്യം ചെയ്യുകയുണ്ടായി. ചെന്നൈയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന മലേറിയ, ഡെങ്കു എന്നിവ പോലെയാണ്, അതുകൊണ്ട് തന്നെ അതിനെ എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന സനാതന ധര്‍മ്മം എന്ന ആശയം ശരിക്കും പിന്തിരിപ്പനാണെന്നും തുല്യതയ്ക്കും സാമൂഹ്യ നീതിയ്ക്കും അടിസ്ഥാനപരമായി എതിരാണെന്നും ഉദയനിധി പറയുന്നു.

എന്നാല്‍ ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കളില്‍ നിന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ഉദയനിധിക്കെതിരെ കേസ് എടുക്കണമെന്നും സാമൂഹ്യ മാധ്യമത്തില്‍ ആളുകള്‍ അറിയിക്കുകയുണ്ടായി.

ഉദയനിധിയുടെ പ്രസ്താവനയെ എതിര്‍ത്ത് കൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെ കടയെ കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസ് സംഖ്യകക്ഷിയായ ഡിഎംകെയുടെ പിന്‍ഗാമി സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കോണ്‍ഗ്രസിന്റെ നിശബ്ദത വംശഹത്യ ആഹ്വാനത്തിനുള്ള പിന്തുണയാണ്. ഇന്ത്യ സഖ്യം പേര് പോലെ തന്നെ അവസരം ലഭിച്ചാല്‍ ഭാരതമെന്ന പഴക്കമുള്ള നാഗരികതയെ ഉന്മൂലനം ചെയ്യും എന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്.

ഇതിന് മറുപടിയായി ഉദയനിധി തന്നെ രംഗത്തെത്തി. സനാതന ധര്‍മ്മം പിന്തുടരുന്ന ആളുകളെ വംശഹത്യ ചെയ്യാന്‍ താന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. സനാതന ധര്‍മ്മം ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ്. സനാതന ധര്‍മ്മം വേരോടെ പിഴുതെറിയുന്നത് മാനവികതയും മാനുഷിക സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നു. ഞാന്‍ പറഞ്ഞ ഓരോ വാക്കിലും ഞാന്‍ ഉറച്ചു നില്‍ക്കുന്നു. സനാതന ധര്‍മ്മം മൂലം കഷ്ടത അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നുമായിരുന്നു ഉദയനിധിയുടെ പ്രതികരണം.

''സനാതന ധര്‍മ്മം ഏത് രീതിയിൽ സമൂഹത്തെ മോശമായി സ്വാധീനിക്കുന്നുവെന്ന് അറിയിക്കാൻ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയ പെരിയാറിന്റെയും അംബേദ്കറിന്റെയും എഴുത്തുകള്‍ അവതരിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ പ്രസംഗത്തിന്റെ പ്രധാന വശം ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു: കൊവിഡ് 19, കൊതുകുകള്‍ മൂലമുണ്ടാകുന്ന ഡെങ്കു, മലേറിയ പോലുള്ള രോഗങ്ങളെ പോലെ, പല സാമൂഹിക തിന്മകള്‍ക്കും ഉത്തരവാദി സനാതന ധര്‍മ്മമാണ്'' അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വൈറലായതോടെ ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി എന്ന സംഘടന അദ്ദേഹത്തിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ഏത് നിയമപരമായ വെല്ലുവിളിയും നേരിടാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രതികരിച്ചു.അത്തരം പതിവ് കാവി ഭീഷണികള്‍ക്ക് തങ്ങള്‍ വഴങ്ങില്ല. പെരിയാറിന്റെയും അണ്ണായുടെയും കലൈഞ്ജറിന്റെയും അനുയായികളായ തങ്ങള്‍ സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കുന്നതിനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ സമത്വാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കാനും എക്കാലവും പോരാടും. ദ്രാവിഡ മണ്ണില്‍ നിന്ന് സനാതന ധര്‍മ്മത്തെ തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അല്‍പം പോലും കുറയില്ല എന്നായിരുന്നു സംഘടനയ്ക്ക് എതിരെയുള്ള ഉദയനിധിയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in